Skip to main content

വീല്‍ ചെയര്‍ റൈഡര്‍മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കും: മന്ത്രി കെ.ടി. ജലീല്‍

ഗുരുതരമായ ഭിന്നശേഷിയുള്ള വീല്‍ ചെയര്‍ റൈഡര്‍മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു. ഗുരുതരമായ ഭിന്നശേഷിയുള്ളവര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങളുന്നയിച്ചുകൊണ്ടുള്ള നിവേദനം ഓള്‍ കേരള വീല്‍ ചെയര്‍ റൈഡേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികളുടെ നിവേദനം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മന്ത്രിയെ സന്ദര്‍ശിക്കാനെത്തിയ അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് സൗകര്യപ്രദമായ വിധത്തില്‍ മന്ത്രിയുടെ ഓഫീസിരിക്കുന്ന സെക്രട്ടേറിയറ്റ് അനക്‌സിന്റെ മുന്നില്‍ മന്ത്രി നേരിട്ടെത്തി നിവേദനം സ്വീകരിക്കുകയായിരുന്നു.

    റോഡുകളും ഫുട്പാത്തുകളും ഓഫീസുകളും വീല്‍ ചെയര്‍ ഫ്രണ്ട്‌ലിയാക്കുക, ഹോട്ടലുകളില്‍ വീല്‍ ചെയര്‍ ഉപയോഗിക്കുന്നവര്‍ക്ക് പരസഹായമില്ലാതെ ഉപയോഗിക്കാവുന്ന വിധത്തിലുള്ള ബാത്ത് റൂം സംവിധാനങ്ങളൊരുക്കുക, പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ അനുമതി നല്‍കുമ്പോള്‍ വീല്‍ചെയര്‍ ഉപയോഗിക്കാനുള്ള സൗകര്യങ്ങള്‍ ഉറപ്പു വരുത്തുന്ന വിധത്തില്‍ കെട്ടിടനിര്‍മാണ ചട്ടങ്ങളില്‍ ഭേദഗതി വരുത്തുക, ഗുരുതരമായ അവസ്ഥയിലുള്ള അംഗപരിമിതര്‍ക്ക് പുനരധിവാസ പാക്കേജ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിലുള്ളത്. 

    കെട്ടിട നിര്‍മാണ ചട്ടം ഭേദഗതി ചെയ്യുമ്പോള്‍ അംഗപരിമിതരുടെ ആവശ്യം ഗൗരവമായി പരിഗണിക്കുമെന്നും പുനരധിവാസ പാക്കേജ് അനുവദിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ഇക്കാര്യങ്ങളില്‍ വകുപ്പിന് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് സന്തോഷ് മാളിയേക്കലിനും ജനറല്‍ സെക്രട്ടറി ജോമി ജോണിനും മന്ത്രി ഉറപ്പുനല്‍കി.

പി.എന്‍.എക്‌സ്.4849/17

date