Skip to main content

ജില്ലാ വൃത്താന്തം

കിച്ചൺ പോളിഹൗസ് പദ്ധതി ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: കൃഷി വകുപ്പിന്റെ 2017-18 പച്ചക്കറി കൃഷി വികസന പരിപാടിയിൽ
ഉൾപ്പെടുത്തി സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കുന്ന  കിച്ചൺ പോളിഹൗസ്
പദ്ധതി ശ്രീരാഗം രാമൻ നമ്പൂതിരിയുടെ പുരയിടത്തിൽ അമ്പലപ്പുഴ തെക്ക്
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണുലാൽ ഉദ്ഘാടനം ചെയ്തു. ഒരു
വീട്ടിലേക്കുള്ള മുഴുവൻ പച്ചക്കറികളും മിനി പോളി ഹൗസിൽ ഉൽപാദിപ്പിക്കാൻ
കഴിയും. ഋതുഭേദമന്യേ വർഷം മുഴുവൻ പച്ചക്കറി ഉല്പാദിപ്പാൻ കഴിയും എന്നതാണ്
പ്രധാന നേട്ടം.
കേരള കാർഷിക സർവ്വകലാശാല ആവിഷ്‌കരിച്ച ഈ നൂതന സാങ്കേതികവിദ്യ
നടപ്പാക്കുന്നത് കൃഷി വകുപ്പിന്റെ തന്നെ അഗ്രോ സർവ്വീസ് അംഗങ്ങൾ
മുഖേനയാണ്. ഇതോടൊപ്പം ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി പ്രകാരമുള്ള തൈ
വിതരണവും നടന്നു.അമ്പലപ്പുഴ കൃഷി ഭവന്റെ കീഴിൽ പ്രവർത്തിക്കുന്ന കൃപ ,
തളിർ എന്നീ നഴ്സറികളാണ് പദ്ധതിക്കാവശ്യമായ തൈകൾ ഉത്പാദിപ്പിച്ചത്. വിവിധ
വായനശാലകൾ, സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ, എന്നിവിടങ്ങളിൽ  ഓണത്തിന് ഒരു മുറം
പച്ചക്കറി കൃഷി പദ്ധതിയുടെ ആരംഭിച്ചു.
ഗ്രാമപഞ്ചായത്തംഗം ആർ.ശ്രീകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ കൃഷി ഡപ്യൂട്ടി
ഡയറക്ടർ ഏലിയാമ്മ, അമ്പലപ്പുഴ കൃഷി അസി.ഡയറക്ടർ ഷേർലി ജോസ്, കൃഷി ഓഫീസർ
ഷബീന, ഗ്രാമപഞ്ചായത്തംഗം രമാദേവി, കാർഷിക വികസന സമിതിയംഗങ്ങൾ, കൃഷി
അസിസ്റ്റ്ന്റുമാരായ ചിഞ്ചു, കുക്കു ,പച്ചക്കറി ക്ലസ്റ്റർ അംഗങ്ങൾ
തുടങ്ങിയവർ പങ്കെടുത്തു.

സൗജന്യറേഷൻ വിതരണം

ആലപ്പുഴ: ഈവർഷത്തെ ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട് ജോലി
നഷ്ടപ്പെടുന്ന ബോട്ടിലെ തൊഴിലാളികൾക്കും അനുബന്ധ മത്സ്യത്തൊഴിലാളികൾക്കും
സിവിൽ സപ്ലൈസ് വഴി സൗജന്യറേഷൻ വിതരണം ചെയ്യും. സൗജന്യറേഷനുള്ള പുതിയ
അപേക്ഷകൾ ക്ഷണിച്ചു. 2017ൽ സൗജന്യറേഷൻ ലഭിച്ചവർ  വീണ്ടും
അപേക്ഷിക്കേണ്ടതില്ല.  അപേക്ഷ ഫാറം ആലപ്പുഴ ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറുടെ
ഓഫീസിൽ നിന്നും ലഭിക്കും.  അപേക്ഷ പൂരിപ്പിച്ച് തിരികെ നൽകേണ്ട അവസാന
തീയതി ജൂൺ 23.

കൃഷി അവകാശ ലേലം

ആലപ്പുഴ: കുട്ടനാട് താലൂക്കിൽ പുളിങ്കുന്ന് വില്ലേജിലെ സർവേ 545/11-3-ൽ
പെട്ട 02.24.81 ഹെക്ടർ പുറമ്പോക്ക് നിലത്തിലെ രണ്ടാം കൃഷി
ചെയ്യുന്നതിനുള്ള അവകാശ ലേലം ജൂൺ26 ന് രാവിലെ 11ന് പുളിങ്കുന്ന്
വില്ലേജാഫിസിൽ ലേലം ചെയ്യും.ഫോൺ: 0477 2702221.

യന്ത്രവത്കൃത ബോട്ടുകൾ തീരം വിട്ട്
പോകണം: ജില്ല കളക്ടർ

ആലപ്പുഴ: ജൂലൈ 31 വരെ സർക്കാർ ട്രോളിങ് നിരോധനം
ഏർപ്പെടുത്തിയിട്ടുള്ളതിനാൽ ജില്ലയുടെ സമുദ്രാതിർത്തിയിൽ മത്സ്യബന്ധനം
നടത്തിവരുന്ന അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ളവയുൾപ്പടെ എല്ലാ യന്ത്രവത്കൃത
ബോട്ടുകളും തീരം വിട്ടുപോകാൻ ജില്ല കളക്ടർ ഉത്തരവായി. ജില്ലയിൽ
തീരപ്രദേശത്തെ ജലപാതകൾക്ക് അഭിമുഖമായി സ്ഥിതിചെയ്യുന്ന എല്ലാ ഡീസൽ പമ്പ്
സ്റ്റേഷനുകളും ട്രോളിങ് നിരോധന കാലയളവിൽ അടച്ചിടണം. ഉത്തരവ് കർശനമായി
നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാൻ ജില്ല പൊലീസ് മേധാവി, ജില്ല സപ്ലൈ
ഓഫീസർ, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ എന്നിവരെ ചുമതലപ്പെടുത്തി.

കാഷ് അവാർഡ്: അപേക്ഷിക്കാം

ആലപ്പുഴ: കേരള ഷോപ്സ് ആൻഡ് കോമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ്
തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ മക്കളിൽ 10, പ്ലസ്ടൂ കോഴ്സുകളിൽ
ഉന്നത വിജയം നേടിയവർക്ക് ജില്ലാതലത്തിൽ കാഷ് അവാർഡ് നൽകുന്നു. 2017-18
അധ്യയന വർഷം സ്റ്റേറ്റ് സിലബസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്,
സി.ബി.എസ്.ഇ. എല്ലാ വിഷയങ്ങൾക്കും എ വൺ, ഐ.സി.എസ്.ഇ. എല്ലാ വിഷയങ്ങൾക്കും
90 ശതമാനമോ അതിലധികമോ മാർക്ക് നേടിയ ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക്
അപേക്ഷിക്കാം. ജൂലൈ 10നകം ആലപ്പുഴ ജില്ല എക്സിക്യൂട്ടീവ് ഓഫീസറുടെ
കാര്യാലയത്തിൽ അപേക്ഷ നൽകണം. വിശദവിവരത്തിന് ഫോൺ: 0477- 2230244.

എൽ.പി. സ്‌കൂൾ അസിസ്റ്റന്റ് :
അഭിമുഖം ജൂൺ 25,26 തീയതികളിൽ

ആലപ്പുഴ: ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി. സ്‌കൂൾ അസിസ്റ്റന്റ്
(മലയാളം മീഡിയം) (കാറ്റഗറി നമ്പർ: 387/14) തസ്തികയുടെ 2018 ജനുവരി 31 ന്
പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള
ഇന്റർവ്യൂ രണ്ട് ബാച്ചുകളിലായി നടക്കും. 2018 ജൂൺ  25, 26 തീയതികളിൽ കേരള
പബ്ലിക് സർവീസ് കമ്മീഷന്റെ കൊല്ലം, ആലപ്പുഴ, എറണാകുളം, കോട്ടയം
ജില്ലകളിലും ജൂലൈ 25, 26, 27 തീയതികളിൽ കമ്മീഷന്റെ തിരുവനന്തപുരം
ഓഫീസിലുമാണ് അഭിമുഖം.  ആദ്യ ബാച്ചുകളിലേയ്ക്ക് (ജൂൺ 25, 26) ഇന്റർവ്യൂ
നിശ്ചയിച്ചിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈലിൽ   സന്ദേശം
നല്കിയിട്ടുണ്ട്. സന്ദേശം ലഭിച്ച ഉദ്യോഗാർത്ഥികൾ അവരുടെ പ്രൊഫൈൽ
പരിശോധിച്ച് ഇന്റർവ്യൂവിന് ഹാജരാകേണ്ട ഓഫീസിൽ നിശ്ചിത തീയതിയിലും
സമയത്തും ഇന്റർവ്യൂവിന് ഹാജരാകണം.   ജൂലൈ മാസത്തെ ഇന്റർവ്യൂവിന്
ഉൾപ്പെടുത്തിയ ഉദ്യോഗാർത്ഥികൾക്കുള്ള സന്ദേശം പിന്നീട് നൽകും.

ട്രാൻസ്ജെൻഡേഴ്സ് വിദ്യാർഥികൾക്കുളള
സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: 2018-19 സാമ്പത്തിക വർഷത്തിൽ ഏഴാം ക്ലാസ്സ് മുതലുളള
ട്രാൻസ്ജെൻഡേഴ്സ് വിദ്യാർഥികൾക്കുളള സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ ഫാറത്തിനും മറ്റ് വിശദവിവരങ്ങൾക്കും പ്രവൃത്തി ദിവസങ്ങളിൽ ആലപ്പുഴ
ജനറൽ ആശുപത്രിക്ക് സമീപമുള്ള ജില്ല സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടാം.
പൂരിപ്പിച്ച അപേക്ഷകൾ ജൂൺ 30നകം ജില്ല സാമൂഹ്യനീതി ഓഫീസിൽ നൽകണം. ഫോൺ നം.
0477-2253870

ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ
അഭിമുഖം ജൂൺ 28ന്

ആലപ്പുഴ: നിപ്പ വൈറസ് പനി പകർന്നുപടിച്ച സാഹചര്യത്തിൽ മാറ്റിവെച്ച
മെഡിക്കൽ ഓഫീസർ (ആയൂർവേദ)/അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ
(ആയൂർവേദ) (കാറ്റഗറി നമ്പർ 541/2017)  തസ്തികകളുടെ പരീക്ഷ ജൂൺ 28ന്
രാവിലെ 7.30 മുതൽ 9.15 വരെ നടത്തും. പരീക്ഷാകേന്ദ്രങ്ങൾക്കും
ഉദ്യോഗാർഥികളുടെ രജിസ്റ്റർ നമ്പരുകൾക്കും മാറ്റമില്ല. നിലവിൽ ഡൗൺലോഡ്
ചെയ്ത പഴയ തീയതി പ്രകാരമുള്ള ഹാൾടിക്കറ്റ് ഉപയോഗിച്ചുതന്നെ
ഉദ്യോഗാർഥികൾക്ക് പരീക്ഷയിൽ പങ്കെടുക്കാം.

പാദമുദ്രകൾ:
ഹൃസ്വ ചലച്ചിത്രമേളയ്ക്ക് തുടക്കമായി

ആലപ്പുഴ: ഇൻഫർമേഷൻ-പബ്‌ളിക് റിലേഷൻസ് വകുപ്പും, കളക്ടറേറ്റിലെ സ്റ്റാഫ്
കൗൺസിലും ചേർന്ന് വായനദിന-വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന
ഹൃസ്വ ചലച്ചിത്രമേളയ്ക്ക് തുടക്കമായി. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത
വയലാർ രാമവർമ്മ എന്ന ഹൃസ്വ ചലച്ചിത്രം പ്രദർശിപ്പിച്ചാണ് മേള ആരംഭിച്ചത്.
ഒരാഴ്ച നീണ്ടു നൽക്കുന്ന പാദമുദ്രകൾ എന്ന ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവൽ
ജില്ല കളക്ടർ എസ്.സുഹാസ് ഉദ്ഘാടനം ചെയ്തു. എല്ലാ ദിവസവും ഉച്ചയ്ക്ക്
ഒഴിവുവേളകളിലാണ് ചിത്രം പ്രദർശിപ്പിക്കുക.  ഉദ്ഘാടന ചടങ്ങിൽ  അഡീഷണൽ
ജില്ല മജിസ്ട്രേറ്റ് ഐ.അബ്ദുൾ സലാം, ജില്ല ഇൻഫർമേഷൻ ഓഫീസർ ചന്ദ്രഹാസൻ
വടുതല ജില്ല ലോ  ഓഫീസർ സി.ഡി. ശ്രീനിവാസ്, ഡപ്യൂട്ടി കളക്ടർ സി.ജെ.ജോസഫ്,
സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ജയപ്രകാശ് കുറുപ്പ് എന്നിവർ പ്രസംഗിച്ചു.

ക്ഷീരോൽപ്പന്ന നിർമ്മാണ പരിശീലനം

ആലപ്പുഴ: ഓച്ചിറ ക്ഷീരോൽപ്പന്ന പരിശീലന വികസന കേന്ദ്രത്തിൽ ജൂൺ 22 മുതൽ
ജൂലൈ മൂന്നു വരെ വിവിധ ക്ഷീരോൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിൽ പരിശീലനം
നൽകും. താൽപ്പര്യമുള്ളവർ 0476-2698550 എന്ന ഫോൺ നമ്പരിൽ പേര് രജിസ്റ്റർ
ചെയ്യണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് പ്രവേശനം. രജിസ്ട്രേഷൻ
ഫീസ് 125 രൂപ . രജിസ്റ്റർ ചെയ്തവർ ജൂൺ 22ന് രാവിലെ 10ന് തിരിച്ചറിയൽ
രേഖയുടെ പകർപ്പ് സഹിതം  പരിശീലന കേന്ദ്രത്തിൽ എത്തണം.

ജില്ല ആസൂത്രണ സമതി യോഗം ജൂൺ 25ന്

ആലപ്പുഴ: തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2018-19 വാർഷിക പദ്ധതി ഭേദഗതി
നൽകുന്നതിനായി ജില്ല ആസൂത്രണ സമതിയുടെ യോഗം ജൂൺ 25ന് ഉച്ചയ്ക്ക്ശേഷം
രണ്ടിന് ജില്ല ആസൂത്രണ സമതി കോൺഫറൻസ് ഹാളിൽ ചേരും.

ഡെങ്കിപ്പനി പ്രതിരോധം: സന്നദ്ധപ്രവർത്തകർ
10600 വീടുകളിലായി 3189 ഉറവിടങ്ങൾ ഇല്ലാതാക്കി

ആലപ്പുഴ: ഡെങ്കിപ്പനി പ്രതിരോധിക്കുവാൻ വീടിനകത്തും പുറത്തുമുള്ള
കൊതുകിന്റെ ഉറവിടങ്ങൾ (വലിച്ചെറിയുന്ന പാത്രങ്ങൾ, ചിരട്ടകൾ, പ്ലാസ്റ്റിക്
ഷീറ്റുകൾ, ടെറസ്സ് സൺഷെയ്ഡ് എന്നിവിടങ്ങളിൽ കെട്ടി നിൽക്കുന്ന വെള്ളം)
നശിപ്പിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫീസ് നിർദേശിച്ചു.  കുളങ്ങൾ, തോടുകൾ
മറ്റ് വെള്ളക്കെട്ടുകൾ എന്നിവിടങ്ങളിലും ഡെങ്കിപ്പനി പരത്തുന്ന ഈഡിസ്
കൊതുക് മുട്ടയിട്ട് വളരുന്നില്ല എന്നതാണ്  യാഥാർത്ഥ്യം.  ആഴ്ചയിലൊരിക്കൽ
അവരവരുടെ വീടുകളിലും സ്ഥാപനങ്ങളിലും ഡ്രൈഡേ ആചരിക്കണം.
ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി ആരോഗ്യപ്രവർത്തകർ, മറ്റ് വോളന്റിയർമാർ
എന്നിവർ 10600 വീടുകൾ സന്ദർശിച്ച് കൊതുകിന്റെ ഉറവിടങ്ങൾ വീട്ടകാരെ
കാണിക്കുകയും അത്തരത്തിലുള്ള 3189 ഉറവിടങ്ങൾ നശിപ്പിക്കുകയും ചെയ്തു.
വിവിധ സ്ഥലങ്ങളിലായി 46 ബോധവത്ക്കരണ ക്ലാസ്സുകൾ നടത്തുകയും ലഘുലേഖകൾ
വിതരണം ചെയ്യുകയും ചെയ്തു. വീടുകളിലും സ്ഥാപനങ്ങളിലും കൊതുക് വളരാനുള്ള
സാഹചര്യം സൃഷ്ടിക്കുന്നത് പൊതുജനാരോഗ്യനിയമപ്രകാരം ശിക്ഷാർഹമാണെന്ന്
ജില്ല മെഡിക്കൽ ആഫീസർ (ആരോഗ്യം)  അറിയിച്ചു.

date