Skip to main content

മുഖ്യമന്ത്രി ഇടപെട്ടു: കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിക്കില്ല

 

    കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിക്കില്ലെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍ പ്രഖ്യാപിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്‍  ഇത് സംബന്ധിച്ച് നല്‍കിയ കത്തിനെ തുടര്‍ന്നാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ നിയമസഭയില്‍ പറഞ്ഞു. കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിക്കരുതെന്ന് ആവശ്യപ്പെട്ട് ഭരണപരിഷ്കരണ കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്. അച്ചുതാനന്ദന്‍ നിയമസഭയില്‍ അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. 2008-09 ലെ ബജറ്റില്‍ നിര്‍ദേശിക്കപ്പെട്ട ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലെ കോച്ച് ഫാക്ടറി 2012 ല്‍ തന്നെകമ്മിഷന്‍ ചെയ്തതായും ചെന്നൈയില്‍ പുതിയ ഇന്‍റഗ്രല്‍ കോച്ച് ഫാക്ടറിക്കുളള നീക്കങ്ങള്‍ നടക്കുന്നതായും കത്തില്‍ വ്യക്തമാക്കിയിരുന്നു. കഞ്ചിക്കോട് ലൈറ്റ് വെയ്റ്റ് ബ്രോഡ്ഗെജ് കോച്ചുകളുടെ നിര്‍മാണമാണ് ലക്ഷ്യമിടുന്നതെന്നും 2008-09 ല്‍ റെയില്‍ ബജറ്റില്‍ പ്രഖ്യാപിച്ച പാലക്കാട് റെയില്‍ കോച്ച് ഫാക്ടറി കഞ്ചിക്കോട് തന്നെ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി റെയില്‍വെ മന്ത്രിക്ക് കത്തയച്ചത്.
    നാഷനല്‍ അലൂമിനിയം കമ്പനി (നാല്‍കോ) യുമായി ചേര്‍ന്ന് 23 ശതമാനം ഓഹരി പങ്കാളിത്തത്തോടെയുളള പദ്ധതിയുടെ സാധ്യതകള്‍ പരിശോധിച്ചു വരികയാണെന്നും പൊതുമേഖലാ-സ്വകാര്യ ഓഹരി പങ്കാളിത്തത്തോടെയുളള പദ്ധതിക്ക് കേന്ദ്ര കാബിനറ്റ് അംഗീകാരം നല്‍കിയിട്ടുണ്ടെന്നും റെയില്‍വെ അധികൃതര്‍ അറിയിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു.  
    പദ്ധതി നടത്തിപ്പിനായി 230 ഏക്കര്‍ സ്ഥലം സംസ്ഥാന സര്‍ക്കാര്‍ റെയില്‍വെയ്ക്ക് കൈമാറിയതായും 440 കെ.വി സബ്സ്റ്റേഷന്‍ ഉള്‍പ്പെടെയുളള സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയതായും വി.എസ്  അച്ചുതാനന്ദന്‍ എം.എല്‍.എ സബ്മിഷനിലൂടെ ചൂണ്ടിക്കാട്ടി.

date