Skip to main content

കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കാത്തവര്‍ക്ക് നോട്ടീസ് നല്‍കും

 

പകര്‍ച്ചവ്യാധി നിയന്ത്രണത്തിനായി ഊര്‍ജ്ജിത കൊതുകു നിയന്ത്രണ നടപടികള്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ആര്‍.എല്‍. സരിത അറിയിച്ചു. കൊതുകു നിയന്ത്രണത്തിനും പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കുന്നതിനും ആരോഗ്യ വകുപ്പും ഇതര സര്‍ക്കാര്‍ വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആര്‍ദ്രം മിഷനും സംയുക്തമായി പൊതുജന പങ്കാളിത്തത്തോടെ ആരോഗ്യ ജാഗ്രതാ പദ്ധതി നടപ്പാക്കി വരുന്നു. ഇതിന്റെ ഭാഗമായി ആഴ്ചയിലൊരിക്കല്‍  സ്‌കൂളുകള്‍, പൊതു സ്ഥാപനങ്ങള്‍, വാണിജ്യ കേന്ദ്രങ്ങള്‍ വീടുകള്‍ എന്നിവിടങ്ങളില്‍ 'ഡ്രൈ ഡെ' ആചരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.  ആശ, അങ്കണവാടി, കുടുംബശ്രീ പ്രവര്‍ത്തകര്‍, വാര്‍ഡ് ഹെല്‍ത്ത് സാനിട്ടേഷന്‍ കമ്മിറ്റി അംഗങ്ങള്‍, ആരോഗ്യ ജാഗ്രതാ സംഘം എന്നിവരുടെ നേതൃത്വത്തില്‍ നടത്തുന്ന കൊതുകുനിവാരണ പ്രവര്‍ത്തനങ്ങളോട് സഹകരിക്കുകയും കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കുകയും ചെയ്യാത്തവര്‍ക്ക് നോട്ടീസ് നല്‍കുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യുമെന്നും അറിയിപ്പില്‍ പറയുന്നു. 
(പി.ആര്‍.പി 1698/2018)

date