Skip to main content

മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങളുമായി ആരോഗ്യജാഗ്രത

 

ജില്ലയില്‍ മഴക്കാല-പകര്‍ച്ചവ്യാധികളെ തടയാന്‍ ആരോഗ്യജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. സംസ്ഥാന സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, മറ്റിതര വകുപ്പുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന ആരോഗ്യജാഗ്രത പദ്ധതിയുടെ ഭാഗമായി പകര്‍ച്ചവ്യാധി നിയന്ത്രിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. 
ആരോഗ്യസേനയുടെ നേതൃത്വത്തില്‍ മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീടുകള്‍ തോറും കൊതുകുനശീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ജില്ലയില്‍ ഈ വര്‍ഷം ആറു ഡെങ്കിപ്പനി മരണങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ വളരെ കാര്യക്ഷമമായാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ജില്ലയില്‍ ഇതുവരെ 34 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 
മഴക്കാലപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മഴ തുടങ്ങുന്നതിനു മുന്‍പു തന്നെ ആരോഗ്യപ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് ജാഗ്രതോല്‍സവം എന്ന പേരില്‍ പ്രത്യേക പരിശീലനം നല്‍കിയിരുന്നു. 50 വീടുകള്‍ക്ക് ഒരു ആരോഗ്യപ്രവര്‍ത്തക എന്ന രീതിയിലാണ് നിലവില്‍ ജാഗ്രതാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. എന്നാല്‍ ജില്ലയില്‍ ഡെങ്കിപനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അലനല്ലൂര്‍, കടമ്പഴിപ്പുറം, അമ്പലപ്പാറ ഭാഗങ്ങളില്‍ ആഴ്ചയിലൊരിക്കല്‍ ആരോഗ്യപ്രവര്‍ത്തകര്‍ സന്ദര്‍ശിക്കുകയും രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശത്തിന്‍റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ കൊതുകുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. ഇത് മൂന്നാഴ്ച തുടര്‍ച്ചയായി ചെയ്താണ് ഡെങ്കിപനി പരത്തുന്ന കൊതുകുകളെ നശിപ്പിക്കുന്നത്. 
അഗളി പഞ്ചായത്തിനെ പ്ലാസ്റ്റിക്രഹിത പഞ്ചായത്തായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പഞ്ചായത്തിലെ ഗൂളിക്കടവ് വാര്‍ഡില്‍ പ്ലാസ്റ്റിക് കാരി ബാഗുകളുടെ റെയ്ഡ് നടത്തി. ശുചിത്വമിഷന്‍റെ നേതൃത്വത്തില്‍ അട്ടപ്പാടി ബ്ലോക്കിലെ അഗളി, പുതൂര്‍, ഷോളയൂര്‍ പഞ്ചായത്തുകളില്‍ ഹരിതകര്‍മസേന രൂപവത്കരിക്കുകയും ഇവര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്തിട്ടുണ്ട്. 
അട്ടപ്പാടി ബ്ലോക്കിലെ 39 വാര്‍ഡുകളില്‍ നിന്നായി 1827 പേര്‍ക്കാണ് ജാഗ്രതോല്‍സവത്തിന്‍റെ ഭാഗമായുള്ള പരിശീലനം നല്‍കിയത്. പരിശീലനം ലഭിച്ച പ്രവര്‍ത്തകര്‍ ബ്ലോക്കിലെ എല്ലാ വാര്‍ഡുകളിലും പരിശോധന നടത്തി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതായി ഹരിതകേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ വൈ.കല്യാണകൃഷ്ണന്‍ അറിയിച്ചു. 

ഡെങ്കിപ്പനി വരാതെ നോക്കാം

ശുദ്ധജലത്തിലാണ് ഡെങ്കിപനി പരത്തുന്ന ഈഡിസ് കൊതുകുകള്‍ വളരുക എന്നതിനാല്‍ വെള്ളം സൂക്ഷിക്കുന്ന പാത്രങ്ങള്‍ അടച്ചുസൂക്ഷിക്കണം. കൂടാതെ ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള ദ്രവിക്കാത്ത മാലിന്യങ്ങള്‍, ഉപയോഗശൂന്യമായ പാത്രങ്ങള്‍ തുടങ്ങിയവയിലെ ജലം നീക്കം ചെയ്ത് സുരക്ഷിതമായി സംസ്കരിക്കണം. മാലിന്യങ്ങള്‍ വലിച്ചെറിയാതെ കഴിവതും ഉറവിടത്തില്‍ തന്നെ തരംതിരിച്ച് നശിപ്പിക്കണം. ഫ്രിഡ്ജിന് പുറകിലെ ട്രേ, ചെടിച്ചട്ടികള്‍ക്കിടയിലെ പാത്രം, ഫ്ളവര്‍വെയ്സ്, വളര്‍ത്തുമൃഗങ്ങള്‍ക്ക് വെള്ളം കൊടുക്കുന്ന പാത്രം എന്നിവയില്‍ കൊതുക് വളരുന്നില്ലെന്ന് ഉറപ്പുവരുത്തണം. ബക്കറ്റ്, കുടം, ടാങ്കുകള്‍ എന്നിവ കൊതുക് കടക്കാത്തവിധം വലയോ തുണിയോ ഉപയോഗിച്ച് പൂര്‍ണമായി മൂടണം. വീട്ടിലെ ടെറസിലും സണ്‍ഷേഡിലും വെള്ളം കെട്ടിനില്‍ക്കാതെ നോക്കണം.  

രോഗലക്ഷണങ്ങള്‍

പനി, തലവേദന, കണ്ണിന് പുറകില്‍ വേദന, പേശി വേദന, സന്ധിവേദന തുടങ്ങിയവയാണ് ഡെങ്കിപനിയുടെ പ്രധാന രോഗലക്ഷണങ്ങള്‍. പനി വന്നതിനു ശേഷമുള്ള തുടര്‍ച്ചയായ ശര്‍ദ്ദി, വയറുവേദന, ശരീരത്തിലെ ഏതെങ്കിലും ഭാഗത്ത് നിന്നും രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ടല്‍, ശരീരം ചുവന്നുതടിക്കല്‍, ശരീരം മരവിക്കുന്ന അവസ്ഥ, തളര്‍ച്ച, രക്തസമര്‍ദം താഴുന്ന അവസ്ഥ, കുട്ടികളില്‍ തുടര്‍ച്ചയായ കരച്ചില്‍ എന്നിവ അപകടസൂചനകളാണ്. ഇവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

date