Skip to main content

ജില്ലയില്‍ "പിങ്ക് സംഘം" എത്തിയിട്ട് ഒരു മാസം

പിങ്ക് പൊലീസ് സേവനം ജില്ലയില്‍ ആരംഭിച്ചിട്ട് ഒരു മാസം. പൊതു ഇടങ്ങളില്‍ സ്ത്രീകളും കുട്ടികളും നേരിടുന്ന അതിക്രമങ്ങളെ നേരിടുകയാണ് പിങ്ക് പൊലീസിന്‍റെ പ്രധാന ജോലിയെങ്കിലും ജില്ലയില്‍ അത്ര വലിയ പ്രശ്നക്കാരൊന്നുമില്ല എന്ന വിലയിരുത്തലിലാണ് ഇവര്‍. മുത്തൂറ്റ് ആശുപത്രിയില്‍ അമ്മയ്ക്കൊപ്പം എത്തിയ പതിനേഴുകാരിയുടെ തിരോധാനമാണ് പിങ്ക് പൊലീസിനെ ഒരു മാസത്തിനിടെ ഏറെ കുഴപ്പിച്ച പ്രധാന സംഭവം. എന്നാല്‍ തക്കസമയത്ത് കര്‍മ്മനിരതരായി പ്രവര്‍ത്തിച്ച് പൊലീസ് സഹകരണത്തോടെ പെണ്‍കുട്ടിയുടെ നമ്പര്‍ പിന്തുടര്‍ന്ന് കുട്ടിയെ കണ്ടുപിടിച്ച് അമ്മയ്ക്കരികില്‍ എത്തിച്ചത് പട്രോളിംഗ് സംഘത്തിന് നേട്ടമായി. സ്കൂളുകള്‍ക്ക് സമീപം വിദ്യാര്‍ത്ഥിനികളെ ശല്യം ചെയ്യുന്ന വിരുതډാരായിരുന്നു ആദ്യമൊക്കെ പിങ്ക് പൊലീസിന്‍റെ പ്രധാന ഇരകള്‍. വനിതാപോലീസുകാരുടെ സ്നേഹത്തോടെയുള്ള ഉപദേശത്താല്‍ ഇപ്പോള്‍ ഇത്തരം സംഭവങ്ങളില്‍ വലിയ കുറവണ്ടായിട്ടുണ്ട്. സ്കൂള്‍ സമയം കഴിഞ്ഞ് ബസ് സ്റ്റോപ്പുകളിലും കടകള്‍ക്ക് മുമ്പിലും അനാവശ്യമായി കൂട്ടംകൂടി വിദ്യാര്‍ത്ഥികള്‍ നില്‍ക്കുന്നുവെന്ന പരാതിയാണ് പിങ്ക് പോലീസിന് ലഭിച്ചതിലേറെയും. കുടംബപ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി പിങ്ക് പോലീസിന്‍റെ സേവനം ആവശ്യപ്പെട്ട വീട്ടമ്മമാരും ജില്ലയില്‍ കുറവല്ല. നേരിട്ടെത്തി തന്നെ സാഹചര്യം വിലയിരുത്തി തുടര്‍സേവനങ്ങള്‍ക്കായി സ്ഥലത്തെ പൊലീസ് സ്റ്റേഷനുമായി ഇവരെ ബന്ധപ്പെടുത്തി കൊടുക്കുകയും ചെയ്തു. രാത്രികാലങ്ങളില്‍ ബസ് സ്റ്റാന്‍ഡുകളില്‍ വന്ന് പെട്ടുപോയ സ്ത്രീകള്‍ക്ക് തുടര്‍യാത്രാ സൗകര്യവും ഇവര്‍ ഒരുക്കുന്നുണ്ട്. ജില്ലയില്‍ അത്ര വലിയ പ്രശ്നക്കാരും പ്രശ്നവും ഇല്ലെങ്കിലും മുടങ്ങാതെ രാവിലെ എട്ടര മുതല്‍ 11 മണി വരേയും വൈകിട്ട് മൂന്ന് മുതല്‍ ആറ് വരെയും പിങ്ക് പോലീസ് പ്രധാന സ്ഥലങ്ങളില്‍ നിരീക്ഷണം നടത്തുന്നുണ്ട്. പ്രധാനമായും സ്കൂളുകള്‍, കോളേജുകള്‍, ആശുപത്രികള്‍, പൊതുയിടങ്ങള്‍ തുടങ്ങിയ സ്ഥലങ്ങള്‍ക്ക് സമീപമാണ് പട്രോളിങ് നടത്തുന്നത്. ഡ്രൈവര്‍ ഉള്‍പ്പെടെ പൂര്‍ണമായും വനിതകള്‍ കൈകാര്യം ചെയ്യുന്ന രണ്ട് പിങ്ക് പോലീസ് വാഹനങ്ങളാണ് ജില്ലയില്‍ ഉള്ളത്. രണ്ട് വാഹനങ്ങളിലുമായി ആറ് വനിതാപോലീസുകാരാണ് സേവനം അനുഷ്ടിക്കുന്നത്. രണ്ട് പേര്‍ വീതം പത്തനംതിട്ടയിലും തിരുവല്ലയിലുമുള്ള കണ്‍ട്രോള്‍ റൂമുകളിലുമുണ്ട്. കണ്‍ട്രോള്‍ റൂമിലെ 1515 എന്ന നമ്പറില്‍ ലഭിക്കുന്ന പരാതികള്‍ക്കനുസരിച്ചാണ് പിങ്ക് പൊലീസിന്‍റെ പ്രവര്‍ത്തനം.  കഴിഞ്ഞ മാസം 22ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ജില്ലയിലെ പിങ്ക് പൊലീസ് സേവനം ഉദ്ഘാടനം ചെയ്തത്.                                                          (പിഎന്‍പി 1631/18)

date