Skip to main content

മഴക്കെടുതി; രക്ഷാപ്രവര്‍ത്തനം തുടരും

 

മഴക്കെടുതി മൂലം ജില്ലയിലെത്തിയ ദേശീയ ദുരന്ത നിവാരണ സേനയുടെ രക്ഷാപ്രവര്‍ത്തനം രണ്ടാം ദിനവും കാര്യക്ഷമമായി മുന്നേറുന്നു. കൊശമറ്റം കോളനിയില്‍ നിന്നും ആദ്യ ദിവസം 200 പേരെയും രണ്ടാം ദിവസം  69 പേരെയും സേന ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചു. പൂവത്തുംമൂട് പ്രദേശത്ത്  ക്യാംപിലേക്ക് മാറാന്‍ തയ്യാറായ ഭൂരിപക്ഷം പേരെയും സുരക്ഷിത സ്ഥാനത്തെത്തിച്ചുവെന്ന് തഹസില്‍ദാര്‍ പി.എസ്. ഗീതാ കുമാരി പറഞ്ഞു. ഒറ്റപ്പെട്ടു പോയ കുടുംബങ്ങളില്‍ നിന്നായി മൊത്തം 120 പേരെ ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചു. മഴയ്ക്ക് നേരിയ ശമനമുണ്ടായതിനാല്‍ വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. മഴക്കെടുതിയില്‍ ഒറ്റപ്പെട്ടുപോയവര്‍ക്ക് വെള്ളവും ഭക്ഷണ സാധനങ്ങളും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ദുരന്തനിവാരണ സേന എത്തിക്കുന്നുണ്ട്. പല സ്ഥലങ്ങളിലും ഇടുങ്ങിയ തോടുകളിലൂടെ യാത്ര ചെയ്തതിനാല്‍ സേനയുടെ ഒരു ബോട്ടിന് കേടുപാട് സംഭവിച്ചു. പേരൂര്‍ പാറക്കടവ് തുരുത്തില്‍ 11 കുടുംബങ്ങളാണ് ഒറ്റപ്പെട്ടു കിടക്കുന്നത്. മൊത്തം 60 അംഗങ്ങളാണുള്ളത്. മഴയ്ക്ക് കുറവുള്ളതിനാല്‍ ഇവര്‍ ക്യമ്പിലേക്ക് മാറാന്‍ തയ്യാറായിട്ടില്ല. ഇവിടേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്നുണ്ട്. മീനച്ചിലാറിനോട് ചേര്‍ന്നു കിടക്കുന്ന പ്രദേശമായതിനാല്‍ കയറിയ വെള്ളം ഇറങ്ങാന്‍ കുറച്ചു താമസം നേരിടും. റെയില്‍വേ സ്റ്റേഷനു സമീപമുള്ള കോളനിയില്‍ നിന്നും  12 പേരെ സുരക്ഷിത സ്ഥാനത്തെത്തിച്ചു. മഴക്കെടുതി മൂലം ദുരിതം അനുഭവിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ പ്രത്യേക  റേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.  അഭയം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ അരിയും മറ്റ് ഭക്ഷ്യവസ്തുക്കളും  എത്തിച്ചു.  ട്രസ്റ്റ് ചെയര്‍മാന്‍ വിഎന്‍. വാസവന്റെ നേതൃത്വത്തില്‍  ഒരു കുടുംബത്തിന് അഞ്ചു കിലോ വീതം  5000 കിലോ അരി വിതരണം ചെയ്തു. വിവിധ സര്‍ക്കാര്‍ സര്‍വീസ് സംഘടനകളും വ്യാപാരി-വ്യവസായ സംഘടനകളും ആഹാര സാധനങ്ങള്‍ ക്യാമ്പുകളിലെത്തിക്കുന്നുണ്ട്.

date