Skip to main content

പലതുള്ളി പെരുവെള്ളം; തൊഴിലുറപ്പ് തൊഴിലാളികള്‍ ഒന്നിച്ചപ്പോള്‍ സമാഹരിച്ചത് 71643 രൂപ

 

പ്രളയക്കെടുതിയില്‍ നിന്നും കേരളത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്  തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായമെത്തി. ചിറക്കടവ് പഞ്ചായത്തിലെ മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളായ ഒരു പറ്റം വനിതകളുടെ സമ്പാദ്യമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്.പഞ്ചായത്തിലെ 20 വാര്‍ഡുകളില്‍ നിന്നുള്ള അംഗങ്ങളില്‍ നിന്നായി 71,643 രൂപയാണ് സമാഹരിച്ചത്. ഇവരുടെ ഒരു ദിവസത്തെ വേതനമായ 271 രൂപയാണ് നല്‍കിയത്.ചിറക്കടവ് പഞ്ചായത്തില്‍  400 ഓളം അംഗങ്ങളാണുള്ളത്.  പൊന്‍കുന്നം മഹാത്മാ ഗാന്ധി ടൗണ്‍ ഹാളില്‍ നടന്ന ധനസമാഹരണ ചടങ്ങില്‍ ധനമന്ത്രി ഡോ.ടി.എം തോമസ് ഐസകിന് എം ജി എന്‍ ആര്‍ ഇ ജി എസ് അംഗങ്ങള്‍ തുക സംഭാവന നല്‍കി.. അംഗങ്ങള്‍ ഭൂരിഭാഗവും തൊഴിലുറപ്പ് മാത്രം ഉപജീവന മാര്‍ഗ്ഗമായിട്ടുള്ളവരാണ്. പഞ്ചായത്ത് തലത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു എം ജി എന്‍ ആര്‍ ഇ ജി എസ് അംഗങ്ങള്‍. ഞങ്ങളുടെ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചു നല്‍കിയത് സര്‍ക്കാരാണ്. പുതിയ കേരളത്തെ സൃഷ്ടിക്കാന്‍ ഈ സര്‍ക്കാരിനെ സഹായിക്കാന്‍ ഞങ്ങളും ബാധ്യസ്ഥരാണെന്ന് എം ജി എന്‍ ആര്‍ ഇ ജി എസ്  മേറ്റ്  സുമ കെ.ആര്‍ പറഞ്ഞു.

date