Skip to main content

പ്രവാസി വരുമാനമാണ് കേരളത്തിന്റ നട്ടല്ലെന്ന് - നിയമസഭാ സ്പീക്കര്‍

പ്രവാസി വരുമാനമാണ് കേരളത്തിന്റ നട്ടല്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. കേരള പ്രവാസി വെല്‍ഫയര്‍ബോര്‍ഡ് മലപ്പുറം ലെയ്സണ്‍ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  പ്രവാസികളുടെ കണ്ണൂനീരും വേദനയുമാണ് സംസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് സഹായകമായത്. അവര്‍ നല്‍കിയ സംഭാവനകളോട് നീതി പുലര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. പ്രവാസികളെ സഹായിക്കുന്നതിന് വേണ്ടി നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. വീടില്ലാത്തവര്‍ക്ക് വീട്, തിരിച്ചുവരുന്നവരുടെ പുനരധിവാസം, അടിസ്ഥാന സൗകര്യവികസനത്തില്‍ പങ്കാളിയാക്കുന്നതിന് കമ്പനി രൂപീകരണം തുടങ്ങി നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. നോര്‍ക്കയും പ്രവാസി ക്ഷേമബോര്‍ഡും ചേര്‍ന്ന് പദ്ധതി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം പെരിന്തല്‍മണ്ണ റോഡില്‍ പിഎച്ച് ടവറിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. പ്രവാസി ക്ഷേമബോര്‍ഡില്‍ നിന്നും ലഭിക്കുന്ന വിവിധ സേവനങ്ങള്‍ക്ക് മലപ്പുറം ലെയ്സണ്‍ ഓഫീസില്‍ ബന്ധപ്പെടാം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള പ്രവാസി സംഘം നല്‍കുന്ന ഒരു ലക്ഷം രൂപ പരിപാടിയില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഏറ്റുവാങ്ങി. പി ഉബൈദുള്ള എം.എല്‍.എ അധ്യക്ഷത വഹിച്ചു. പ്രവാസി ക്ഷേമബോര്‍ഡ് ചെയര്‍മാന്‍ പിടി കുഞ്ഞിമുഹമ്മദ്, ഡയറക്ടര്‍മാരായ ബാദുഷ കടലുണ്ടി, കെസി സജീവ് തൈക്കാട്, ആര്‍ കൊച്ചുകൃഷ്ണന്‍, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എം രാധാകൃഷ്ണന്‍, ഫിനാന്‍സ് മാനേജര്‍ ഗീതാദേവി, മലപ്പുറം സഹകരണ സ്പിന്നിങ് മില്‍ ചെയര്‍മാന്‍ പാലോളി അബ്ദുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു

 

date