Skip to main content

ഉദ്യോഗസ്ഥര്‍ ഇനി ശ്രദ്ധിക്കേണ്ടത് നാടിന്റെ പുനരുദ്ധാരണത്തില്‍: ജില്ലാ കളക്ടര്‍

പ്രളയത്തില്‍ തകര്‍ന്ന നാടിനെ പുനരുദ്ധരിക്കുന്നതിലായിരിക്കണം ഉദ്യോഗസ്ഥര്‍ ഇനി ശ്രദ്ധ ചെലുത്തേണ്ടതെന്ന് ജില്ലാ കളക്ടര്‍ അമിത് മീണ. ദുരിതബാധിതര്‍ക്കുള്ള നഷ്ടപരിഹാരം ഏകദേശം എല്ലാവര്‍ക്കും കൊടുത്തു തീര്‍ത്തതായും ബാക്കിയുണ്ടെങ്കില്‍ ഇന്നു തന്നെ കൊടുത്തു തീര്‍ക്കണമെന്നും വിവിധ വകുപ്പു മേധാവികളുടെ അവലോകന യോഗത്തില്‍ കളക്ടര്‍ ഉത്തരവിട്ടു. പ്രകൃതി ക്ഷോഭം മൂലം ജില്ലയില്‍ കോടിക്കടക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടായിട്ടുള്ളത്. റോഡുകളും പാലങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം തകര്‍ന്നു. ഇവയെല്ലാം പുനരുദ്ധരിക്കുന്ന കാര്യത്തിലായിരിക്കണം ഇനിയുള്ള ശ്രദ്ധ വേണ്ടത്.  
രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കായി അദാലത്ത് 25 മുതല്‍
പ്രളയത്തില്‍ നഷ്ടപ്പെട്ട രേഖകള്‍ വീണ്ടും നല്‍കുന്നതിനായി ഏകജാലക സംവിധാനം വഴി നടപ്പാക്കുന്ന അദാലത്ത് ജില്ലയില്‍ ഈ മാസം 25 മുതല്‍ നടത്തും. സംസ്ഥാന വിവരസാങ്കേതിക വകുപ്പിന്റെ കീഴിലുള്ള ടാസ്‌ക് ഫോഴ്‌സാണ് അദാലത്തിനായി പ്രത്യേക സംവിധാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ ഒറ്റദിവസം ഒരിടത്തുനിന്ന് ലഭിക്കുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്ത് ഓഫീസുകള്‍ കേന്ദ്രീകരിച്ചായിരിക്കും വിവിധ ദിവസങ്ങളിലായി അദാലത്ത് നടക്കുക. അദാലത്തുകളില്‍ ഐ ടി മിഷന്റെ ഉദ്യോഗസ്ഥര്‍ക്കൊപ്പം മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍കൂടി എത്തിയാണ് സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടും ലഭ്യമാക്കുന്നത്. പുതിയ സര്‍ട്ടിഫിക്കറ്റുകള്‍ നേരിട്ടുതന്നെ സര്‍ക്കാരിന്റെ ഡിജിറ്റല്‍ ലോക്കറിലേക്കും മാറ്റും. ആധാര്‍ അടിസ്ഥാനമാക്കിയുള്ള യൂസര്‍ നെയിമിലൂടെ അപേക്ഷകന് എപ്പോള്‍ വേണമെങ്കിലും ഇത് ഡൗണ്‍ലോഡ് ചെയ്തെടുക്കാനാകും.  അദാലത്തു വഴി നഷ്ടപ്പെട്ടു പോയ ജനനമരണ സര്‍ട്ടിഫിക്കേറ്റുകള്‍, വിവാഹ സര്‍ട്ടിഫിക്കേറ്റ്, ആധാരങ്ങള്‍, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റുകള്‍, റേഷന്‍ കാര്‍ഡുകള്‍. ആര്‍.സി ബുക്കുകള്‍, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങി പല രേഖകളും വീണ്ടും ലഭ്യമാക്കും.

 

date