Skip to main content

എറണാകുളം ജില്ല അറിയിപ്പുകള്‍ - 1

സ്വയം തൊഴില്‍ വായ്പാ പദ്ധതികള്‍ - അപേക്ഷ ക്ഷണിച്ചു

കൊച്ചി: സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന സ്വയം തൊഴില്‍ വായ്പാ പദ്ധതി പ്രകാരം വിവിധ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് വായ്പ ആവശ്യമുളള, എറണാകുളം ജില്ലയിലെ ഒ.ബി.സി ( മറ്റു പിന്നോക്കസമുദായം) / മതന്യൂനപക്ഷ ( മുസ്ലിം, ക്രിസ്ത്യന്‍) വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ പ്രായം 18 നും 55 നും മധ്യേയായിരിക്കണം. വരുമാനപരിധി ഒ.ബി.സി വിഭാഗക്കാര്‍ക്ക് 300000/ രൂപയിലും മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഗ്രാമങ്ങളില്‍ 98000/ രൂപയ്ക്കും നഗരപ്രദേശങ്ങളില്‍ 120000/ രൂപയ്ക്കും താഴെയായിരിക്കണം. പരമാവധി വായ്പാതുക ഒ.ബി.സി വിഭാഗക്കാര്‍ക്ക് 10 ലക്ഷം രൂപ വരെ 6 മുതല്‍ 7 ശതമാനം വരെ പലിശക്കും മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 20 ലക്ഷം രൂപ വരെ - 6 ശതമാനം പലിശക്കും ലഭിക്കും. വായ്പയ്ക്ക് വസ്തുജാമ്യമോ ഉദ്യോഗസ്ഥ ജാമ്യമോ ആവശ്യമുണ്ട്. താത്പര്യമുളളവര്‍ എറണാകുളം നോര്‍ത്ത് പരമാര റോഡിലുളള ( സ്പെഷ്യലിസ്റ്റ് ആശുപത്രിക്കു സമീപം ) കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ എറണാകുളം ജില്ലാ ഓഫീസില്‍ സെപ്തംബര്‍ 30 നു മുമ്പായി നേരില്‍ ഹാജരാകണം. ഫോണ്‍ നമ്പര്‍ 0484 2394005. കോര്‍പ്പറേഷന്റെ മറ്റു വായ്പാപദ്ധതികളെക്കുറിച്ചറിയാന്‍ www.ksbcdc.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
 

കലാവിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌ക്കോളര്‍ഷിപ്പുകള്‍

കൊച്ചി:  കേരള ലളിതകലാ അക്കാദമി കലാവിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന 2018-2019 ലെ സ്‌ക്കോളര്‍ഷിപ്പുകള്‍ക്കുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളിലും യൂണിവേഴ്‌സിറ്റികളിലും ചിത്രകല/ശില്‍പ്പകല/ഗ്രാഫിക്‌സ് എന്നീ വിഷയങ്ങളില്‍ എം.എഫ്.എ./എം.വി.എ., ബി.എഫ്.എ./ബി.വി.എ. കോഴ്‌സുകള്‍ക്ക് പഠിക്കുന്ന കേരളീയരായ വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌ക്കോളര്‍ഷിപ്പുകള്‍ നല്‍കുന്നത്.

എം.എഫ്.എ./എം.വി.എ.യ്ക്ക് 12,000/-രൂപ വീതം 6 വിദ്യാര്‍ത്ഥികള്‍ക്കും ബി.എഫ്.എ./ബി.വി.എ.യ്ക്ക് 10,000/-രൂപ വീതം 5 വിദ്യാര്‍ത്ഥികള്‍ക്കുമാണ് സ്‌കോളര്‍ഷിപ്പുകള്‍. പ്രസ്തുത കോഴ്‌സുകളില്‍ 2018 ജൂണില്‍ ആരംഭിച്ച അക്കാദമിക് വര്‍ഷത്തില്‍ അവസാനവര്‍ഷം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷത്തേയ്ക്കാണ് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നത്. സ്ഥാപനത്തിന്റെ മേധാവിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. തങ്ങള്‍ക്ക് മറ്റ് യാതൊരുവിധ സ്‌ക്കോളര്‍ഷിപ്പും ലഭിക്കുന്നില്ലെന്ന് അപേക്ഷകര്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം. ഓരോ അപേക്ഷകരും അവരുടെ കലാസൃഷ്ടികളുടെ അനുയോജ്യമായ വലുപ്പത്തിലുള്ള പത്ത് കളര്‍ ഫോട്ടോഗ്രാഫുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. ഈ കലാസൃഷ്ടികള്‍ യഥാര്‍ത്ഥത്തില്‍ അവരവര്‍ ചെയ്തതാണെന്ന് ചിത്രങ്ങളുടെ പുറകുവശത്ത് സ്ഥാപന മേധാവിയോ സാക്ഷ്യപ്പെടുത്തിയിരിക്കണം. കൂടാതെ അപേക്ഷകരുടെ കലാപ്രവര്‍ത്തനത്തെ ക്കുറിച്ച് ബന്ധപ്പെട്ട വകുപ്പ് അദ്ധ്യാപകന്റെ പ്രത്യേക അഭിപ്രായവും ഉള്‍ക്കൊള്ളിച്ചിരിക്കണം.

സ്‌ക്കോളര്‍ഷിപ്പ് നിബന്ധനകളും അപേക്ഷാ ഫോറങ്ങളും എല്ലാ കലാവിദ്യാലയങ്ങളിലും, അക്കാദമിയുടെ എല്ലാ ഗ്യാലറികളിലും അക്കാദമിയുടെ വെബ് സൈറ്റിലും (www.lalithkala.org) ലഭിക്കുന്നതാണ്. അപേക്ഷാ ഫോറവും കൂടുതല്‍ വിവരങ്ങളും തപാലില്‍ ആവശ്യമുള്ളവര്‍ 5 രൂപയുടെ പോസ്റ്റേജ് സ്റ്റാമ്പ് പതിച്ച സ്വന്തം മേല്‍വിലാസം എഴുതിയ കവര്‍ സഹിതം സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, തൃശൂര്‍-20'എന്ന വിലാസത്തില്‍ എഴുതുക. പൂരിപ്പിച്ച അപേക്ഷ അക്കാദമിയില്‍ 2018 ഒക്‌ടോബര്‍ 10 നകം ലഭിച്ചിരിക്കണം.

 

സി-ഡിറ്റ്, സൈബര്‍ശ്രീയില്‍ ആധൂനിക പരിശീലനത്തിന് അവസരം

കൊച്ചി:  സി-ഡിറ്റ് സൈബര്‍ ശ്രീ പട്ടികജാതി വിഭാഗക്കാര്‍ക്കായി ടുഡി ആന്റ് ത്രീഡി ഗെയിം വികസനം, മാറ്റ്‌ലാബ് എന്നിവയില്‍ പരിശീലനം നല്‍കുന്നു. തിരുവനന്തപുരത്ത് നടത്തുന്ന പരിശീലനങ്ങളില്‍ 20 മുതല്‍ 26 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാവുന്നതാണ്. ടുഡി ആന്റ് ത്രീഡി ഗെയിം വികസന പരിശീലനംഃ എഞ്ചിനീയറിംഗ്/ എം.സി.എ/ ബി.സി.എ/ബി.എസ്.സി (കംപ്യൂട്ടര്‍ സയന്‍സ്)എന്നിവയില്‍ ബിരുദമുള്ളവര്‍ക്കും എഞ്ചിനീയറിംഗ്/ എം.സി.എകോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്കും അപേക്ഷിക്കാം. 6 മാസത്തെ പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 3500 രൂപ സ്റ്റൈപന്റ് ലഭിക്കും. 

മാറ്റ്‌ലാബ്-നാലുമാസത്തെ പരിശീലനത്തിന് ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി., അപ്ലൈഡ് ഇലക്‌ട്രോണിക്‌സ്, എം.സി.എ/ എം.എസ്സ്.സി. (കംപ്യൂട്ടര്‍സയന്‍സ്) എന്നിവയില്‍ എഞ്ചിനീയറിംഗ് ബിരുദം ഉള്ളവര്‍ക്കും പ്രസ്തുത കോഴ്‌സുകള്‍ പൂര്‍ത്തീകരിച്ചവര്‍ക്കും അപേക്ഷിക്കാം. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 5000 രൂപ സ്റ്റൈപന്റ് ലഭിക്കും.

വിശദവിവരങ്ങളും അപേക്ഷാഫോറവും www.cybersri.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കററുകളുടെ ശരിപകര്‍പ്പ് സഹിതം  സെപ്തംബര്‍ 30 നകം സൈബര്‍ശ്രീ സെന്റര്‍, സി-ഡിറ്റ്, പൂര്‍ണ്ണിമ, റ്റി.സി.81/2964, തൈക്കാട് പി.ഒ., തിരുവനന്തപുരം-695014 എന്ന വിലാസത്തില്‍ നേരിട്ട ഹാജരാകണം. ഫോണ്‍ഃ 0471-2323949

 

മഹാരാജാസ് കോളേജില്‍ ഓസോണ്‍ ദിനാചരണം

കൊച്ചി:  ഓസോണ്‍ ദിനത്തോടനുബന്ധിച്ച് മഹാരാജാസ് കോളേജ് സയന്‍സ് ഫോറത്തില്‍ ആഭിമുഖ്യത്തില്‍  ഹയര്‍ സെക്കന്ററി/ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സപ്തംബര്‍ 24-ന് രാവിലെ 10-ന് പ്രസംഗ മത്സരവും കോളേജ് വിദ്യാര്‍ഥികള്‍ക്കായി ഉച്ചയ്ക്ക് 1.30 ന് പോസ്റ്റര്‍ ഡിസൈനിംഗ് മത്സരവും സംഘടിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9995504949, ധന്യാ ബാലകൃഷ്ണന്‍ 8547553088.

 

ജില്ലാ വികസന സമിതി യോഗം

കൊച്ചി:  ജില്ലാ വികസന സമിതി യോഗം സപ്തംബര്‍ 29-ന് രാവിലെ 11-ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

 

വിമുക്തഭടന്മാരുടെ ശ്രദ്ധയ്ക്ക്

കൊച്ചി:  പത്താം സ്റ്റാന്‍ഡേര്‍ഡ് മുതല്‍ ബിരുദാനന്തര ബിരുദം വരെയും മറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ക്കും പഠിക്കുന്ന വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് സംസ്ഥാന സൈനിക ക്ഷേമ വകുപ്പ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കഴിഞ്ഞ അദ്ധ്യയന വര്‍ഷത്തില്‍ 50 ശതമാനം മാര്‍ക്ക് നേടിയിട്ടുളള കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. രക്ഷകര്‍ത്താക്കളുടെ അടിസ്ഥാന വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ താഴെയായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2422239.

 

ഒഡെപെക് സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക്

ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യുന്നു

കൊച്ചി:  സൗദി അറേബ്യന്‍ സര്‍ക്കാര്‍ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുളള കിംഗ് സൗദ് മെഡിക്കല്‍ സിറ്റി ആശുപത്രിയിലേക്ക് നിയമനത്തിനായി കണ്‍സള്‍ട്ടന്റ്‌സ്, സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. രണ്ട് വര്‍ഷം പ്രവൃത്തി പരിചയം ഉളളവരാകണം അപേക്ഷകര്‍. ഒക്‌ടോബര്‍ മാസം ഡല്‍ഹിയിലാണ് ഇന്റര്‍വ്യൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

 

ലേലം

കൊച്ചി:  കാക്കനാട് തങ്കളം പുതിയ ബൈപ്പാസിനായി ഏറ്റെടുത്ത സ്ഥലത്ത് നില്‍ക്കുന്ന  മൂന്ന് തേക്ക്  മരങ്ങള്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ ഓഫീസില്‍ സപ്തംബര്‍ 26-ന് രാവിലെ 11-ന് പരസ്യമായി പുനര്‍ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0485-2823343.

 

കാര്‍ഷികയന്ത്രങ്ങളുടെ പ്രവര്‍ത്തനവും പരിചരണവും: പരിശീലനത്തിന് അപേക്ഷിക്കാം

കാക്കനാട്: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ അരിമ്പൂരിലുള്ള പരിശീലനകേന്ദ്രത്തില്‍ കാര്‍ഷികയന്ത്രങ്ങളുടെ പ്രവര്‍ത്തനവും പരിചരണവും സംബന്ധിച്ച് ഒക്‌ടോബര്‍ ഒന്നു മുതല്‍ പരിശീലനം നല്‍കും.  കര്‍ഷകര്‍ക്കും സ്വയംതൊഴില്‍ അന്വേഷകര്‍ക്കും രൂപകല്‍പ്പന ചെയ്തിട്ടുള്ള രണ്ടു മാസത്തെ കോഴ്‌സില്‍ എട്ടാം ക്ലാസ്സ് പാസ്സായവരും 18 വയസ്സിനുമുകളില്‍ പ്രായവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.  കോഴ്‌സ് ഫീ 6050 രൂപ.  ട്രാക്ടര്‍ ഓടിക്കുന്നതിനുള്ള ലൈസന്‍സും കോഴ്‌സ് സര്‍ട്ടിഫിക്കറ്റും ലഭിക്കും.  താല്‍പര്യമുള്ളവര്‍ കോഴ്‌സ് ഫീ അടക്കം ഡിവിഷണല്‍ എഞ്ചിനീയര്‍, കെ.എ.ഐ.സി. അരിമ്പൂര്‍, തൃശ്ശൂര്‍, 680620 എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 30നകം അപേക്ഷിക്കണം.  ഫോണ്‍ 04872310983.

 

ഫയര്‍ ആന്റ് സേഫ്റ്റി കോഴ്‌സിന് അപേക്ഷിക്കാം

കാക്കനാട്: കളമശ്ശേരി ഗവ.പോളി ടെക്‌നിക് കോളേജിലെ എന്റര്‍പ്രണേര്‍ഷിപ്പ് ആന്റ് മാനേജ്‌മെന്റ് ഡവലപ്‌മെന്റ് സെല്‍ നടത്തുന്ന ഫയര്‍ ആന്റ് സേഫ്റ്റി എഞ്ചിനീയറിങ് കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  പത്താംതരം പാസ്സായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം.  165 സെ.മീ. ഉയരം, 50കിലോഗ്രാം ഭാരം, നെഞ്ചളവ് 80 സെ.മീ.(വികാസം 5 സെ.മീ.) എന്നിവയോടുകൂടി നല്ല കായികക്ഷമതയുള്ളവരായിരിക്കണം.  പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും.  അവസാന തീയതി സെപ്റ്റംബര്‍ 28.   വിശദവിവരം പോളി ടെക്‌നിക്കിലെ പമ്പ ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ഇ.എം.ഡി.ഓഫീസില്‍ ലഭിക്കും.  ഫോണ്‍ 04842555360.

 

 

Attachments area

date