Skip to main content

മനുഷ്യക്കടത്തിനെതിരെയുള്ള ബോധവത്ക്കരണ ക്ലാസ്സുകളുമായി ഐ.സി.ഡി.എസും ജനമൈത്രി പോലീസും

കൊച്ചി: പ്രളയാനന്തരം സംസ്ഥാനത്ത് മനുഷ്യക്കടത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോതമംഗലത്ത് ബോധവത്ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു. കോതമംഗലം ഐ.സി.ഡി.എസിന്റെയും ഊന്നുകല്‍ ജനമൈത്രി പോലീസിന്റെയും നേതൃത്വത്തിലാണ് ക്ലാസുകള്‍ സംഘടിപ്പിച്ചത്.

പ്രളയത്തില്‍ ദുരിതം നേരിട്ടവര്‍ ചൂഷണത്തിന് വിധേയരാക്കപ്പെടാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ടെന്നായിരുന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതിനെതിരെയുള്ള ബോധവത്ക്കരണ ക്ലാസ്സുകള്‍ സംസ്ഥാനത്ത് ഉടനീളമുള്ള പ്രളയബാധിത മേഖലകളില്‍ സംഘടിപ്പിക്കാന്‍ വനിതാ ശിശു വികസന വകുപ്പ് തീരുമാനിച്ചിരുന്നു. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍ക്ക് ഇതിന് വേണ്ടിയുള്ള ക്ലാസ്സുകളും നല്‍കിയിരുന്നു.

ജില്ലയിലെ   മനുഷ്യക്കടത്തിനെതിരെയുള്ള ആദ്യത്തെ ബോധവത്ക്കരണ ക്ലാസ് കവളങ്ങാട് പഞ്ചായത്തിലെ നേര്യമംഗലത്ത് നടത്തി.നൂറ്റി അന്‍പതോളം പേര്‍ ക്ലാസില്‍ പങ്കെടുത്തു.ഉയര്‍ന്ന തസ്തികയും ശമ്പളവും വാഗ്ദാനം ചെയ്ത് വ്യാജ റിക്രൂട്ടിംഗ് സംഘടിപ്പിച്ച് യുവാക്കളെയും സ്ത്രീകളെയും ചൂഷണം ചെയ്യാന്‍ സാധ്യതയുണ്ടെന്നുള്ള വിലയിരുത്തലാണ് ക്ലാസ്സുകളിലൂടെ ജനങ്ങളിലേക്ക് എത്തിച്ചത്.കവളങ്ങാടിന് ശേഷം പല്ലാരിമംഗലം പഞ്ചായത്തിലും ക്ലാസ്സ് സംഘടിപ്പിച്ചു. കോതമംഗലത്തെ പ്രളയബാധിത പഞ്ചായത്തായ കീരംപാറയില്‍ അടുത്ത ദിവസം ക്ലാസ്സ് സംഘടിപ്പിക്കുമെന്ന് ഐ.സി.ഡി.എസ് അഡിഷണല്‍ സി.ഡി.പി.ഒ. ജുമൈല ബീവിപറഞ്ഞു. ചൂഷണം ചെയ്യണമെന്ന ഉദ്ദേശ്യത്തോടു കൂടെ ജോലി വാഗ്ദാനം നല്‍കുകയും ആവശ്യമായ വേതനം നല്‍കാതിരിക്കുന്നതും മനുഷ്യക്കടത്തില്‍പ്പെടും.കേരളത്തില്‍ നിന്ന് ആരും തന്നെ മനുഷ്യക്കടത്തിന് ഇരയാകുന്നതിനുള്ള അവസരം സൃഷ്ടിക്കാതിരിക്കുകയാണ് ഇത്തരം ക്ലാസുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു

 

 

date