Skip to main content

പ്രളയം: പകര്‍ച്ചവ്യാധികളെ വരുതിയിലാക്കി ആരോഗ്യ വകുപ്പ്

കൊച്ചി: പ്രളയം മൂലം ഉണ്ടായേക്കാവുന്ന പകര്‍ച്ചാ വ്യാധികള്‍ക്ക് പൂര്‍ണ തടയിട്ട് ആരോഗ്യ വകുപ്പ്. പ്രളയം ഉണ്ടായിട്ടുപോലും കഴിഞ്ഞ വര്‍ഷങ്ങളില്‍ റിപ്പോര്‍ട്ടു ചെയ്ത പകര്‍ച്ചവ്യാധികളില്‍ നിന്നും കൂടുതലായി ഒന്നും തന്നെ ഈ വര്‍ഷമുണ്ടായിട്ടില്ല. പ്രളയത്തിനു ശേഷം പകര്‍ച്ചവ്യാധികള്‍ എന്ന ആശങ്കയെയാണ് സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് കൂട്ടായ പ്രവര്‍ത്തനത്തിലൂടെ പടി കടത്തിയത്.

പ്രളയം ഉണ്ടായ ദിവസങ്ങളില്‍ ക്യാമ്പുകളില്‍ തുടങ്ങിയതാണ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍. എല്ലാവരും വീടുകളില്‍ താമസം തുടങ്ങി ഓരോ വീട്ടിലും പകര്‍ച്ചവ്യാധികള്‍ ഇല്ല എന്നുറപ്പു വരുത്തുന്നതു വരെ വകുപ്പിന്റെ പ്രവര്‍ത്തനം തുടര്‍ന്നു. ഇപ്പോഴും കിണറിലെ വെള്ളം ഉപയോഗ്യയോഗ്യമായോ  എന്നുള്ളതുവരെ ജീവനക്കാര്‍ ഉറപ്പു വരുത്തുന്ന ജോലികളുമായി ജനങ്ങള്‍ക്കിടയിലാണ്.  പല പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കിയും കൂടുതല്‍ ജീവനക്കാരെ ഉള്‍പ്പെടുത്തിയുമാണ് വകുപ്പ് പ്രളയത്തെ നേരിട്ടത്.

പ്രളയം കഴിഞ്ഞപ്പോള്‍ ജില്ലയുടെ ഭൂരിഭാഗവും മാലിന്യ കൂമ്പാരമായിരുന്നു. വരാനിരിക്കുന്ന പകര്‍ച്ചവ്യാധികളെ തടയുക എന്നതായിരുന്നു കേരളം നേരിട്ട ആദ്യത്തെ വെല്ലുവിളിയും. ആരോഗ്യരംഗത്തെ വിദഗ്ധര്‍ നല്‍കിയ മുന്നറിയിപ്പുകളെല്ലാം പകര്‍ച്ചവ്യാധികളെ സംബന്ധിച്ചായിരുന്നു.

പ്രളയശേഷം എലിപ്പനി, വയറിളക്ക രോഗങ്ങള്‍, കോളറ, മഞ്ഞപിത്തം, ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ച വ്യാധികള്‍ അധികരിക്കുവാന്‍ ഇടയുണ്ടെന്ന മുന്നറിയിപ്പുകള്‍ ജാഗ്രതയോടെ സ്വീകരിച്ച് ജില്ലാ ഭരണകൂടവും ജില്ലാ ആരോഗ്യവകുപ്പും വിവിധ വകുപ്പുകളും ഒറ്റക്കെട്ടായി നടത്തിയ കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ഫലമായി പകര്‍ച്ചവ്യാധികളുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധനവ് മാത്രമാണ് കഴിഞ്ഞ മാസം ജില്ലയില്‍ ഉണ്ടായിട്ടുള്ളത്. ഇതാകട്ടെ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലുള്ള പകര്‍ച്ചവ്യാധി കണക്കുകള്‍ക്ക് സമാനവും. പ്രളയത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസകാലമായി അവധി എടുക്കാതെ, അനേകം ഡോക്ടര്‍മാരും, ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ ചിട്ടയായ ദുരിതാശ്വാസ/രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് നേട്ടത്തിന് കാരണം പ്രളയമാരംഭിച്ച  ആഗസ്റ്റ് 16  മുതല്‍ സെപ്റ്റംബര്‍ 16 വരെയുള്ള കാലയളവിലെ  പകര്‍ച്ചവ്യാധികളുടെ എണ്ണം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലേതുമായി താരതമ്യം ചെയ്യുമ്പോള്‍ ചെറിയ തോതിലുള്ള വര്‍ദ്ധനവു മാത്രമാണ് ഉണ്ടായിട്ടുള്ളത്. ജില്ലയില്‍ നാലര ലക്ഷത്തോളം പേരെ പ്രളയം ബാധിച്ചപ്പോള്‍ മുന്‍വര്‍ഷത്തേക്കാള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത് 1423 പനി കേസുകളും,  1079 വയറിളക്കരോഗങ്ങളും മാത്രമാണ്. ഇത്രയധികം ജനങ്ങള്‍ ആയിരത്തിലേറെ ക്യാമ്പുകളില്‍ തിങ്ങിപാര്‍ത്തിട്ടും, ജലസ്രോതസ്സുകള്‍ വന്‍തോതില്‍ മലിനമാക്കപ്പെട്ടിട്ടും  പനിയും വയറിളക്കരോഗങ്ങളും കാര്യമായി വര്‍ദ്ധിച്ചില്ല  എന്നത് ശ്രദ്ധേയമാണ്. ജലജന്യരോഗമായ മഞ്ഞപ്പിത്തം ബാധിതരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായി എന്നതും വലിയ നേട്ടം തന്നെയാണ്.  കഴിഞ്ഞ വര്‍ഷം 25 സംശയിക്കപ്പെട്ട കേസുകളും,   സ്ഥിരീകരിച്ച ഒരു കേസും റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഈ വര്‍ഷം സംശയിക്കപെട്ട 8 കേസുകളും സ്ഥിരീകരിച്ച 2 കേസുകളും മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സമയോചിതമായ ഇടപെടലിലൂടെ മരണനിരക്ക് വളരെയധികം കുറയ്ക്കുവാന്‍ സാധിച്ചു. എലിപ്പനി മൂലമെന്ന് സംശയിക്കപ്പെടുന്ന 6 മരണങ്ങളും, സ്ഥിരീകരിച്ച 2 മരണങ്ങളും മാത്രമാണ് ഉണ്ടായിട്ടുള്ളത്. പ്രളയബാധിതര്‍ക്കും, ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കും എലിപ്പനി പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിന്‍ ഗുളിക ആവശ്യാനുസരണം നല്‍കിയത് മരണനിരക്ക് കുറയ്ക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. ഏതാണ്ട് 25 ലക്ഷം ഡോക്‌സിസൈക്ലിന്‍ ഗുളികകളാണ് ഇത് വരെ ജില്ലയില്‍ ആരോഗ്യവകുപ്പ് മുഖേന വിതരണം ചെയ്തത്. 

ഡെങ്കിപ്പനി  കേസുകളുടെ എണ്ണത്തിലും മുന്‍വര്‍ഷത്തേക്കാള്‍ ഗണ്യമായ കുറവുണ്ടായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 169 സംശയിക്കപെട്ട കേസുകളും,  സ്ഥിരീകരിച്ച 29 കേസുകളും റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഈ വര്‍ഷം 111  സംശയിക്കപെട്ട കേസുകളും,  സ്ഥിരീകരിച്ച 12  കേസുകളാണ്  റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 

മലേറിയ ബാധിച്ചവരുടെ എണ്ണം 21 ല്‍ നിന്ന് 5 ആയി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ എച്ച് 1 എന്‍ 1 സംശയിക്കപ്പെട്ടവരുടെ എണ്ണം 56 ഉം, സ്ഥിരീകരിച്ചവരുടെ എണ്ണം 3 ഉം ആയിരുന്നു. ഈ വര്‍ഷം 17 സംശയാസ്പദമായ എച്ച് 1 എന്‍ 1 കേസുകള്‍ ഉണ്ടായെങ്കിലും ഒരാളില്‍ പോലും രോഗം  സ്ഥിരീകരിച്ചിട്ടില്ല. 

ചിക്കന്‍ പോക്‌സിന്റെ എണ്ണത്തില്‍ ചെറിയ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 94  പേര്‍ക്ക് രോഗം പിടിപെട്ടുവെങ്കില്‍ ഈ വര്‍ഷം 147 പേര്‍ക്ക് രോഗം  റിപ്പോര്‍ട്ട് ചെയ്തു.  

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ ജനപങ്കാളിത്തത്തോടെ ചിട്ടയായി നടപ്പിലാക്കുന്നതിനായി ആരംഭിച്ച 'ശ്രദ്ധ' പരിപാടി വഴി പ്രളയ ബാധിത മേഖലകളിലെല്ലായിടത്തും ആരോഗ്യ വകുപ്പിന്റെ രോഗ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമാക്കിയതും, കുടിവെള്ള സ്രോതസ്സുകളുടെ ക്ലോറിനേഷന്‍, കൊതുക് ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ വിപുലമാക്കിയതും, വിവിധ മാധ്യമങ്ങള്‍ വഴിയുള്ള ശക്തമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും,  എലിപ്പനി പ്രതിരോധ ഗുളിക വിതരണത്തിനായി പ്രത്യേക 'ഡോക്‌സി കോര്‍ണറുകള്‍' ആരംഭിച്ചതും , പ്രളയ ബാധിത മേഖലകളില്‍ ആരംഭിച്ച 46  താത്കാലിക ക്ലിനിക്കുകളുടെ പ്രവര്‍ത്തനങ്ങളും, വിവിധ പ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഏകോപനം ഉറപ്പ് വരുത്തുന്നതിനായി ആരംഭിച്ച കണ്‍ട്രോള്‍ റൂമിന്റെയും മെഡിക്കല്‍ ഹെല്‍പ് ലൈനിന്റെയും ഇടപെടലുകളും പകര്‍ച്ചവ്യാധികള്‍ നിയന്ത്രണ വിധേയമാക്കി നിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. വിവിധ പ്രവര്‍ത്തനങ്ങള്‍ ഈ രീതിയില്‍ ചിട്ടയായി  മുന്നോട്ട് പോയാല്‍ ജില്ലയില്‍ പ്രളയം മൂലമുള്ള പകര്‍ച്ച വ്യാധികളെ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കാന്‍ കഴിയുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

date