Skip to main content

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: അരൂർ മണ്ഡലത്തിൽ നിന്നും ലഭിച്ചത് 2.46 കോടി രൂപ

അരൂർ: പ്രളയം തകർത്തെറിഞ്ഞ സംസ്ഥാനത്തെ പുനർ നിർമ്മിക്കുന്നതിനായി അരൂർ മണ്ഡലാടിസ്ഥാനത്തിലുള്ള ധനസമാഹരണം പൂർത്തിയായി. മണ്ഡലത്തിൽ നിന്ന് ആകെ ലഭിച്ചത് 2,46,20,729 രൂപയാണ്. പൂച്ചാക്കൽ കമ്യൂണിറ്റി ഹാളിൽ  നടന്ന തൈക്കാട്ടുശ്ശേരി ബ്ലോക്കിന് കീഴിലുള്ള അഞ്ചു പഞ്ചായത്തുകൾ സമാഹരിച്ച 75,13,747 രൂപയും എരമല്ലുർ എം.കെ. കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ പട്ടണക്കാട് ബ്ലോക്കിന്  കീഴിലുള്ള അഞ്ചു പഞ്ചായത്തുകളിൽ നിന്ന്  സമാഹരിച്ച 17,10,6982 രൂപയുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ലഭിച്ചത്. ജില്ലയിലെ ധനസമാഹരണത്തിന്റെ ചുമതല വഹിക്കുന്ന മന്ത്രിമാരായ ജി. സുധാകരൻ, പി. തിലോത്തമൻ എന്നിവർ ചേർന്നാണ് തുക ഏറ്റുവാങ്ങിയത്. 

പൂച്ചക്കൽ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ തൈക്കാട്ടുശ്ശേരി ബ്ലോക്കിന് കീഴിലുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളായ അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് 13,07,951 രൂപയും പാണാവള്ളി ഗ്രാമപഞ്ചായത്ത് 22,26,200 രൂപയും, ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 18,21,080 രൂപയും, പെരുമ്പളം ഗ്രാമപഞ്ചായത്ത് 55,001 രൂപയും, ,തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് 1054165 രൂപയും  സംഭാവനയായി  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.

പട്ടണക്കാട് ബ്ലോക്കിന് കീഴിലുള്ള അരൂർ ഗ്രാമപഞ്ചായത്ത് ജില്ലയിലെ തന്നെ മികച്ച നിലവാരത്തിൽ 84,96,500 രൂപയും,എഴുപുന്ന ഗ്രാമപ്പഞ്ചായത്ത് 22,29,880 രൂപയും കോടംതുരുത്ത് ഗ്രാമപ്പഞ്ചായത്ത് 81,5864 രൂപയും,കുത്തിയതോട് ഗ്രാമപ്പഞ്ചായത്ത് 11,70,020 രൂപയും തുറവൂർ ഗ്രാമപ്പഞ്ചായത്ത് 25,17,267 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ചു നൽകി.പട്ടണക്കാട് ബ്ലോക്ക് 15,92,000 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. ജില്ലയിലെ ഒരു ബ്‌ളോക് നൽകുന്ന ഏറ്റവും വലിയ വിഹിതമാണ് ഇത്.

അരൂർ പ്രദേശത്തെ വ്യവസായികൾ നേരത്തെതന്നെ ഒരു തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു.

ഏറ്റവും കൂടുതൽ തുക സംഭാവനയായി നൽകിയ പഞ്ചായത്ത് അരൂർ  ഗ്രാമപഞ്ചായത്താണ്.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, വ്യക്തികൾ, സംഘടനകൾ, തുടങ്ങി അനേകം ആളുകളാണ് ധനസമാഹരണത്തിൽ പങ്കാളികളായത്.  ധനസമാഹരണം ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായിരുന്നു. തദ്ദേശ സ്ഥാപനങ്ങളെ കൂടാതെ ഈ പ്രദേശങ്ങളിലെ പള്ളി കമ്മിറ്റികൾ, മത സംഘടനകൾ, ചെറുതും വലുതുമായ നിരവധി സ്ഥാപനങ്ങൾ, സാംസ്‌ക്കാരിക- സാമൂഹ്യ സംഘടനകൾ, പ്രവാസി സംഘടനകൾ, റസിഡൻസ് അസോസിയേഷനുകൾ, യുവജന സംഘടനകൾ, പൂർവ്വ വിദ്യാർത്ഥി സംഘടനകൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ യൂണിറ്റുകൾ തുടങ്ങിയവയെ പ്രതിനിധീകരിച്ചുള്ളവരും വ്യക്തികളും സംഭാവന നൽകാനായി എത്തിയിരുന്നു.

പൂച്ചക്കൽ കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന  ധനസമാഹരണ യോഗത്തിൽ എ.എം.ആരിഫ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പ്രസിഡന്റ് നിർമ്മല ശെൽവരാജ് തുടങ്ങിയവർ ധനസമാഹരണത്തിൽ പങ്കെടുത്തു. എരമല്ലൂർ എം കെ കൺവെൻഷൻ സെന്ററിൽ ചേർന്ന  ധനസമാഹരണ യോഗത്തിൽ  ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലിമ ജോജോ,,പട്ടണക്കാട്  ബ്ലോക്ക് പ്രസിഡന്റ് മണി പ്രഭാകരൻ ,വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രസിഡന്റ്, സെക്രട്ടിറിമാർ തുടങ്ങിയവർ ധനസമാഹരണത്തിൽ പങ്കെടുത്തു. ജില്ല കളക്ടറുടെ ചുമതലയുള്ള എൻ.പദ്മകുമാർ സ്വാഗതം പറഞ്ഞു.

 

 

date