Skip to main content

നവകേരളത്തിന് നന്മയുടെ കാരുണ്യഹസ്തം

 

ഓണാഘോഷത്തിനായി മാറ്റിവച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറി പൂങ്കാവ് ലക്ഷംവീട് കോളനിയിലെ നന്മ കൂട്ടായ്മ. ഇല്ലായ്മകളില്‍ നിന്ന് സ്വരുകൂട്ടിയ പണമാണ് നന്മ കൂട്ടായ്മ നവകേരള നിര്‍മിതിക്കായി സംഭാവന നല്‍കിയത്. നന്മ കൂട്ടായ്മ രക്ഷാധികാരി പി.ആര്‍. സന്തോഷ് 10,000 രൂപയുടെ ഡിഡി ജില്ലാ കളക്ടര്‍ പി.ബി നൂഹിന് കൈമാറി. ചെറിയ തുകകള്‍ പോലും ദുരിതമനുഭവിക്കുന്നവര്‍ക്കായി മാറ്റിവയ്ക്കുന്നവര്‍ സമൂഹത്തിന് മുഴുവന്‍ മാതൃകയാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ഇവരുടെ ഈ മനസ് ഏറെ പ്രശംസ അര്‍ഹിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പ്രളയം മൂലമാണ് ഓണാഘോഷം ഒഴിവാക്കാന്‍ കൂട്ടായ്മ തീരുമാനിച്ചത്. ഈ പണം നന്മ കൂട്ടായ്മയുടെ തുടര്‍പ്രവര്‍ത്തനത്തിന് വിനിയോഗിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ദുരിതബാധിതരുടെ അവസ്ഥ മനസിലാക്കിയതോടെയാണ് ഈ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവനയായി നല്‍കിയത്. പത്ത് വര്‍ഷത്തോളമായി കാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യമായിരുന്ന ഇവര്‍ 25 അംഗങ്ങളുള്ള നന്മ കൂട്ടായ്മ രൂപീകരിച്ചിട്ട് ആറ് മാസമേയായിട്ടുള്ളൂ. വി. കോട്ടയത്തുള്ള കാരുണ്യാലയത്തിലേക്കുള്ള പൊതിച്ചോറ് തയ്യാറാക്കി നല്‍കുകയും രോഗബാധിതരായവര്‍ക്ക് വേണ്ട സാമ്പത്തിക സഹായം നല്‍കുക തുടങ്ങിയവയെല്ലാം ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ ചിലത് മാത്രമാണ്. നന്മ കൂട്ടായ്മ സെക്രട്ടറി ഭാനുപ്രകാശ്, എക്സിക്യുട്ടീവ് അംഗങ്ങളായ ദീപ്തി, സീന പ്രസാദ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.                            (പിഎന്‍പി 2976/18)

date