Skip to main content

പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ കണക്കെടുപ്പ്: ഡിജിറ്റല്‍ വിവരശേഖരണം 50ശതമാനം പൂര്‍ത്തിയായി

 

കാക്കനാട്: പ്രളയത്തില്‍ ജില്ലയിലെ വീടുകള്‍ക്ക് സംഭവിച്ച നാശനഷ്ടങ്ങളുടെ ഡിജിറ്റല്‍ വിവരശേഖരണം 50 ശതമാനം പൂര്‍ത്തിയായതായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. പ്രളയത്തിലകപ്പെട്ട 84172 വീടുകളുടെ വിവരശേഖരണമാണ് പൂര്‍ത്തിയായത്. ജില്ലയില്‍ 1,68,298 വീടുകളാണ് പ്രളയബാധിതമായി കണ്ടെത്തിയിട്ടുള്ളത്.  വിവരശേഖരണം പൂര്‍ത്തിയായവയില്‍ 13763 വീടുകളുകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി. 3408 വീടുകള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിയുടെ അനുമതിയും ലഭിച്ചു.  2172 അപേക്ഷകള്‍ നിരസിച്ചു. അടിയന്തരധനസഹായത്തിന് അര്‍ഹരായ കുടുംബങ്ങളുടെ വീടാണ് ആദ്യഘട്ടത്തില്‍ വിലയിരുത്തുന്നത്.  സംസ്ഥാനത്ത് ഏറ്റവുമധികം വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചതും ജില്ലയിലാണ്.  

ഐ.ടി.വകുപ്പുമായി സഹകരിച്ച് റീബില്‍ഡ് കേരള എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് സന്നദ്ധപ്രവര്‍ത്തകരുടെ സഹകരണത്തോടെയാണ് വിവരശേഖരണം. ജില്ലയിലെ വിവിധ കോളേജുകളുടെ സഹായവും ഉറപ്പാക്കിയിട്ടുണ്ട്.  സന്നദ്ധപ്രവര്‍ത്തകര്‍ വീടിന്റെ ഫോട്ടോയെടുത്ത് ജിയോ ടാഗിങ് വഴിയാണ് വിവരം ശേഖരിക്കുക. ജില്ലാ കളക്ടര്‍ താലൂക്ക് തലത്തില്‍ ഓഫീസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.  വിവരശേഖരണം നടത്തുന്നതില്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെ ഉദ്യോഗസ്ഥര്‍ക്കും ഗൃഹസന്ദര്‍ശനം നടത്തുന്നവര്‍ക്കും ചാര്‍ജ്ജ് ഓഫീസര്‍മാര്‍ പരിശീലനം നല്‍കിയിരുന്നു. ജി.പി.എസ്.ടാഗിങ് നടത്തുന്നതിനാല്‍ ഇരട്ടിപ്പ് ഒഴിവാകും. ശതമാനാടിസ്ഥാനത്തിലാണ് കണക്കെടുപ്പ്. നടപടികള്‍ സുതാര്യമാക്കാനും വ്യവസ്ഥയുണ്ട്.        

date