Skip to main content

രക്ഷാപ്രവര്‍ത്തനത്തെതുടര്‍ന്ന് കേടുപാടുകള്‍ സംഭവിച്ച വള്ളങ്ങളില്‍ ഭൂരിഭാഗവും അറ്റകുറ്റപ്പണി നടത്തി: മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ

 

മല്‍സ്യങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിന് നിയമനിര്‍മ്മാണം നടത്തും 

പ്രളയക്കെടുതിയുടെ ഭാഗമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ കേടുപാടുകള്‍ സംഭവിച്ച മത്സ്യബന്ധന വള്ളങ്ങളില്‍ ഭൂരിഭാഗവും അറ്റകുറ്റപ്പണി ചെയ്ത് നല്‍കിയതായി ഫിഷറീസ് ഹാര്‍ബര്‍ എഞ്ചിനീയറിംഗ്-കശുവണ്ടി-വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പത്ര സമ്മേളനത്തില്‍ അറിയിച്ചു.  

വള്ളങ്ങള്‍ റിപ്പയര്‍ ചെയ്ത് നല്‍കുന്നതില്‍ ഉദാരമായ സമീപനമാണ് സര്‍ക്കാരിനുള്ളത്. 65000പേരെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്ന മത്സ്യത്തൊഴിലാളികളുടെ യാനങ്ങള്‍ക്ക്  കേടുപാടുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കേണ്ടത് സര്‍ക്കാരിന്റെ ധാര്‍മിക ഉത്തരവാദിത്വമാണ്. എന്‍ജിന്‍ കേടുപാടുകള്‍ മത്സ്യഫെഡിന്റെ വര്‍ക്ക്‌ഷോപ്പുകളില്‍ റിപ്പയര്‍ ചെയ്യുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.  

ഉടമകള്‍ക്ക് സൗകര്യപ്രദമായ യാഡുകളില്‍ റിപ്പയര്‍ ചെയ്യാനും അതിന്റെ ഇന്‍വോയിസ് ഫിഷറീസ് ഉദ്യോഗസ്ഥരുടെ ശുപാര്‍ശയോടെ ജില്ലാകളക്ടര്‍ക്ക് സമര്‍പ്പിച്ച് തുക മാറികിട്ടുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. 533 വള്ളങ്ങളില്‍ 236 എണ്ണവും 406 എഞ്ചിനുകളില്‍ 247 എണ്ണവും റിപ്പയര്‍ ചെയ്ത് നല്‍കിയിട്ടുണ്ട്. എഞ്ചിനുകളുടെ സ്‌പെയര്‍ പാര്‍ട്ട്‌സ് കിട്ടാത്തതും എന്‍ജിന്‍ കവറില്‍ മാറ്റങ്ങള്‍ വന്നതിനാലും മുപ്പതോളം എന്‍ജിനുകളുടെ പണി നടക്കുകയാണ്. 'ഭാഗികമായി  കേടുപാടുകള്‍ പറ്റിയതിനുപരിയായി ഒമ്പത് എന്‍ജിനുകളും 10 വളളങ്ങളും പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. 151 ലക്ഷം രൂപ ഇതിനായി ഇതുവരെ ചിലവഴിച്ചു. നിസാരകേടുപാടുകള്‍ പറ്റിയ 120 വള്ളങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ട് ചെയ്യുന്ന മുറയ്ക്ക് അത് റിപ്പയര്‍ ചെയ്തു നല്‍കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ ഹാര്‍ബറില്‍നിന്ന് മല്‍സ്യത്തൊഴിലാളികള്‍ പിടിക്കുന്ന മല്‍സ്യങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനും വ്യാപാരികള്‍ക്ക് ന്യായവില ലഭ്യമാക്കുന്നതിനും ഉടന്‍ നിയമനിര്‍മ്മാണം നടത്തുമെന്നും മന്ത്രി പറഞ്ഞു.  

          പി.എന്‍.എക്‌സ്.4138/18 

 

date