Skip to main content

ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് കൂടുതല്‍ പദ്ധതികള്‍  നടപ്പാക്കും: മന്ത്രി കെ.കെ. ശൈലജ

 

സംസ്ഥാനത്തെ ഭിന്നശേഷിക്കാരുടെ ആവശ്യങ്ങള്‍ മുഴുവന്‍ പരിഹരിക്കാന്‍ പര്യാപ്തമായ പദ്ധതികള്‍ നടപ്പാക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും വിശദമായ പഠനങ്ങള്‍ നടത്തി കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് ആരോഗ്യ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍ പദ്ധതിയില്‍ ഭിന്നശേഷിക്കാരെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. സാമൂഹ്യ നീതി വകുപ്പും സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന ചലനപരിമിതി നേരിടുന്നവര്‍ക്കുള്ള മുച്ചക്രവാഹന വിതരണവും തീവ്ര ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള സ്ഥിര നിക്ഷേപ സര്‍ട്ടിഫിക്കറ്റ് കൈമാറലും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 

ചലന പരിമിതി നേരിടുന്നവര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം ഉറപ്പിക്കുന്നതിന് ആരംഭിച്ച ശുഭയാത്ര പദ്ധതിയില്‍ കേരള സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്റെ സിഎസ്ആര്‍ ഫണ്ട്, പട്ടികജാതിക്കാരായ ഭിന്നശേഷിക്കാര്‍ക്കുള്ള പട്ടികജാതി വികസന വകുപ്പിന്റെ ഫണ്ട്, കോര്‍പ്പറേഷന്റെ പദ്ധതി വിഹിതം എന്നിവ ഉപയോഗിച്ച് 63 പേര്‍ക്ക് മുച്ചക്ര വാഹനവും തീവ്ര ഭിന്നശേഷിക്കാരായ കുട്ടികളുടെ പേരില്‍ 20,000 രൂപ വീതം സ്ഥര നിക്ഷേപം  നടത്തുന്ന ഹസ്തദാനം പദ്ധതിയില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നിന്നുള്ള 29 പേര്‍ക്ക് സ്ഥിര നിക്ഷേപ സര്‍ട്ടിഫിക്കറ്റും കോര്‍പ്പറേഷന്റെ മറ്റു ക്ഷേമ പദ്ധതികളിലെ ഗുണഭോക്താക്കള്‍ക്കുള്ള ആനുകൂല്യങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. 

ജനിച്ച ഉടനെ ശാരീരിക വൈകല്യം കണ്ടെത്താന്‍ സഹായിക്കുന്ന അനുയാത്ര പദ്ധതി, ശ്രവണവൈകല്യമുള്ള കുട്ടികള്‍ക്കായി വേണ്ടി കാതോരം, ധ്വനി പദ്ധതികള്‍ എന്നിവ ഈ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ചതാണ്. മുന്‍ സര്‍ക്കാര്‍ ആരംഭിച്ച ശ്രുതിതരംഗം പദ്ധതി ഇപ്പോഴും തുടരുന്നു. ഐക്യരാഷ്ട്രസഭയുടെ പ്രശംസ പിടിച്ചുപറ്റിയ കൈവല്യ പദ്ധതിയിലൂടെ ധാരാളം പേര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കാന്‍ സാധിച്ചെന്നും മന്ത്രി പറഞ്ഞു. 

ഭിന്നശേഷിക്കാര്‍ക്ക് കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ 16 കോടി രൂപ ഈ സര്‍ക്കാര്‍ വായ്പ നല്‍കി. കാഴ്ച പദ്ധതിയിലൂടെ നൂറുപേര്‍ക്ക് ലാപ്ടോപ് വിതരണം ചെയ്തു. ആയിരം പേര്‍ക്ക് സ്മാര്‍ട്ട്ഫോണുകള്‍ വിതരണം ചെയ്യുമെന്നും  കോര്‍പറേഷന്റെ കീഴില്‍ ഉപകരണ നിര്‍മാണ യൂണിറ്റ് സ്ഥാപിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നതായും മന്ത്രി പറഞ്ഞു. 

തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ അഡ്വ. പരശുവയ്ക്കല്‍ മോഹനന്‍, നഗരസഭാ കൗണ്‍സിലര്‍ ബിനു ഐ.പി, മാനേജിംഗ് ഡയറക്ടര്‍ കെ. മൊയ്തീന്‍കുട്ടി, കേരള സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്‍ എംഡി സ്പര്‍ജന്‍ കുമാര്‍, സാമൂഹ്യ നീതി വകുപ്പ് അസി. ഡയറക്ടര്‍ ജലജ എസ്, നിഷ് ഡയറക്ടര്‍ ഡോ. കെ.ജി. സതീഷ്‌കുമാര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അബ്ദുളളകുഞ്ഞ് എം. തുടങ്ങിയവര്‍ സംബന്ധിച്ചു. 

പി.എന്‍.എക്‌സ്.4642/18

date