Skip to main content

കെ.എസ്.ആര്‍.ടി.സി ഇലക്ട്രിക് ബസ് സര്‍വീസിന് തുടക്കമായി

 

* ഇ-വെഹിക്കിള്‍ നയം മാതൃകാപരമായി നടപ്പാക്കും- ഗതാഗതമന്ത്രി 

കെ.എസ്.ആര്‍.ടി.സിയുടെ പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസ് സര്‍വീസിന് സംസ്ഥാനത്ത് തുടക്കമായി. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിര്‍വഹിച്ചു. 

സി.എന്‍.ജി, എല്‍.എന്‍.ജി വാതകങ്ങളും ഊര്‍ജവും ഉപയോഗിച്ചുള്ള വാഹനങ്ങളാണ് ഇനി നിരത്തുകളില്‍ വരേണ്ടതെന്നും അതിനാണ് ഇ-വെഹിക്കിള്‍ നയം സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. മാതൃകാപരമായി ഇ-വെഹിക്കിള്‍ നയം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് കെ.എസ്.ആര്‍.ടി.സിയില്‍ ഇത് നടപ്പാക്കുന്നത്. ഒറ്റയടിക്ക് മാറുന്നതിന് പകരം പരീക്ഷണാടിസ്ഥാനത്തില്‍ ഇ-ബസ് സര്‍വീസ് നടത്തി ഹരിത ട്രൈബ്യൂണല്‍ നിര്‍ദേശങ്ങള്‍ പാലിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ആദ്യഘട്ടമായി 10 ബസുകളാണ് വെറ്റ് ലീസ് അടിസ്ഥാനത്തില്‍ വാടകയ്ക്ക് ഓടിക്കുക. 

ഇനി ഇ-ഓട്ടോറിക്ഷകള്‍ക്ക് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ അനുമതി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇ-ഓട്ടോകള്‍ ഓടിക്കാന്‍ മുന്നോട്ടുവരുന്നവര്‍ക്ക് പ്രോത്സാഹനമായി 30,000 രൂപ സബ്‌സിഡി നല്‍കുമെന്നും മന്ത്രി അറിയിച്ചു. ചെലവുകുറഞ്ഞ ഇന്ധനങ്ങളിലേക്ക് മാറാനും പരിസ്ഥിതി സംരക്ഷിക്കാനും ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ എം.വി. ജയലക്ഷ്മി അധ്യക്ഷത വഹിച്ചു. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ടി.കെ. രാജന്‍, സി.വി. വര്‍ഗീസ്, കെ.ജി. പങ്കജാക്ഷന്‍, സലിം പി. മാത്യു, ആലീസ് മാത്യൂ, സി.എം. ശിവരാമന്‍, മാത്യൂസ് കോലഞ്ചേരി, സയ്യിദ് ഹൈസല്‍ അലി തുടങ്ങിയവര്‍ സംബന്ധിച്ചു. കെ.എസ്.ആര്‍.ടി.സി ഡി.എം.ഡി ടോമിന്‍ ജെ. തച്ചങ്കരി സ്വാഗതവും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (സൗത്ത് സോണ്‍) ജി. അനില്‍കുമാര്‍ നന്ദിയും പറഞ്ഞു. 

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആദ്യമായി കേരളത്തിലാണ് ഇ-ബസുകള്‍ സര്‍വീസ് ആരംഭിക്കുന്നത്. ആദ്യഘട്ട ബസുകള്‍ ശബരിമല സീസണില്‍ പമ്പയില്‍ സര്‍വീസ് നടത്തും. ഉദ്ഘാടന ചടങ്ങിന് ശേഷം ഇലക്ട്രിക് ബസില്‍ യാത്ര ചെയ്താണ് മന്ത്രി എ.കെ. ശശീന്ദ്രന്‍ സെക്രട്ടേറിയറ്റില്‍ എത്തിയത്. നഗരത്തിലെ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കും വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്കുമായി കോവളം, ശംഖുംമുഖം, നെയ്യാര്‍ ഡാം തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇ-ബസില്‍ സൗജന്യ ഉല്ലാസയാത്രയും ഒരുക്കി.

പി.എന്‍.എക്സ്. 5077/18

date