Skip to main content

ലോക്‌സഭാ തെരഞ്ഞെടുപ്പ്: ജില്ലാതല കോര്‍കമ്മിറ്റി  യോഗം ചേര്‍ന്നു

2019 ല്‍ നടക്കുന്ന  ലോകസഭാ തെരഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാരായവരുടെ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല കോര്‍ കമ്മറ്റി യോഗം ചേര്‍ന്നു.     ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ത് ബാബു അദ്ധ്യക്ഷതയിലാണ് യോഗം നടന്നത്. 2019ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ ഭിന്നശേഷിക്കാരായ മുഴുവന്‍ പേരെയും  പങ്കാളികളാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. സംസ്ഥാന, ജില്ലാ, നിയോജക മണ്ഡലങ്ങളില്‍ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മിറ്റി രൂപീകരിച്ചത് എന്നും അതിന്റെ ആദ്യയോഗമാണ് നടന്നതെന്നും ഡെപ്യൂട്ടി കളക്ടര്‍ എ.കെ രമേന്ദ്രന്‍ അറിയിച്ചു. 
    ജില്ലയിലെ ഭിന്നശേഷിക്കാരുടെ ലിസ്റ്റ് ഈ മാസം 22നകം ലഭ്യമാക്കുന്നതിന് ജില്ലാ സാമൂഹ്യനീതി ഓഫീസറെ  ചുമതലപ്പെടുത്തി.    ജില്ലയിലെ ഓരോ പോളിംഗ് സ്റ്റേഷനിലും ഭിന്നശേഷിക്കാരായവരുടെ ലിസ്റ്റ് ബി.എല്‍.ഒ മുഖാന്തിരം തയ്യാറാക്കി അവര്‍ക്ക് വോട്ട് ചെയ്യുന്നതിന് വാഹനം ഏര്‍പ്പെടുത്തുന്നതിനുള്ള പ്ലാന്‍ തയ്യാറാക്കാന്‍ ബന്ധപ്പെട്ട തഹസിര്‍ദാമാരെയും ഇ.ആര്‍.ഒ മാരെയും യോഗം നിയോഗിച്ചു.    ജില്ലയിലുള്ള ആംബുലന്‍സ്, വീല്‍ചെയര്‍ എന്നിവയുടെ ലഭ്യത സംബന്ധിച്ച് വിവരങ്ങള്‍ തയ്യാറാക്കി നല്‍കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി.    ഭിന്നശേഷിക്കാരെ വോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ക്കുന്നതിനും അവര്‍ക്ക് തെരഞ്ഞെടുപ്പ് പ്രക്രിയ സംബന്ധിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നില്‍കുന്നതിനും ചെങ്കള മാര്‍ത്തോമ കോളേജ്,  കാഞ്ഞങ്ങാട് കോളേജ് ഓഫ് ഡഫ് ആന്റ് ഡംബ് എന്നിവിടങ്ങളില്‍ 2019 ജനുവരി 10ന് സ്‌പെഷ്യല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. നിയോജകമണ്ഡലാടിസ്ഥാനത്തില്‍ കമ്മിറ്റി രൂപീകരിച്ച് യോഗം ചേര്‍ന്ന് ഈ മാസം 22നകം റിപ്പോര്‍ട്ട് നല്‍കാന്‍ തഹസില്‍ദാര്‍, ഇ.ആര്‍.ഒ മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ ഭിന്നശേഷിക്കാരുടെ 'ഐക്കണ്‍'  ആയി ശ്രദ്ധേയരായ വ്യക്തികളെ കണ്ടെത്തി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട് സമര്‍പ്പിക്കാന്‍ യോഗം തീരുമാനിച്ചു.
യോഗത്തില്‍ തഹസില്‍ദാര്‍മാരായ ശശിധരന്‍ പിള്ള, കെ. നാരായണന്‍, കെ.പി. ഷക്കീര്‍ ഹൂസൈന്‍, വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date