Skip to main content

നവോത്ഥാനത്തിന്റെ അപൂർണദൗത്യം പൂർത്തിയാക്കാൻ സാഹിത്യകാരൻമാർക്ക്‌ കഴിയണം: മുഖ്യമന്ത്രി പിണറായി വിജയൻ

 

* സാഹിത്യ, സാംസ്‌കാരിക പ്രവർത്തകരുടെ യോഗം ചേർന്നു

 

നവോത്ഥാനത്തിന്റെ പൂർത്തിയാവാത്ത ദൗത്യമാണ് സ്ത്രീസമത്വമെന്നും ഈ അപൂർണദൗത്യം പൂർത്തിയാക്കാൻ സാഹിത്യകാരൻമാർക്ക് കഴിയുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  ആ നിലയ്ക്കുള്ള ഉത്തരവാദിത്വം സാഹിത്യകാരൻമാർ ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നവോത്ഥാനമൂല്യസംരക്ഷണത്തിന്റെ ഭാഗമായി നിയമസഭയിലെ ബാങ്ക്വറ്റ് ഹാളിൽ ചേർന്ന സാഹിത്യ, സാംസ്‌കാരിക പ്രവർത്തകരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

ഒരു സംക്രമണകാലമാണിത്. ഈ കാലത്തെ പ്രതിഫലിപ്പിക്കുന്ന സാഹിത്യസൃഷ്ടികൾ ഉണ്ടാവുന്നത് നല്ലതാണ്. നവോത്ഥാനത്തിന്റെ എല്ലാ കൈത്തിരികളും കെടുത്തിക്കളഞ്ഞുകൊണ്ട് അന്ധകാരത്തിലേക്ക് തിരിച്ചുകൊണ്ടുപോവാനുള്ള സംഘടിത ശ്രമമാണ് നടക്കുന്നത്.  എഴുത്തുകാരുടെകൂടി ശ്രമഫലമായി ഉണ്ടായ നവോത്ഥാനത്തിന്റെ വെളിച്ചം തല്ലിക്കെടുത്തി വെല്ലുവിളിയുടെ സ്വരത്തിൽ നിങ്ങൾക്ക് എന്തുചെയ്യാൻ കഴിയും എന്നാണ് എഴുത്തുകാരോട് ചോദിക്കുന്നത്. ഈ വെല്ലുവിളി ഏറ്റെടുക്കാൻ തക്കവണ്ണം എഴുത്തുകാരുടെ ആത്മാഭിമാനമുള്ള ശബ്ദം ഉയരണം എന്നും മുഖ്യമന്ത്രി പറഞ്ഞു.   

നമ്മൾതന്നെ വേണ്ടത്ര തിരിച്ചറിയാത്തതോ ഒളിച്ചുകഴിഞ്ഞതോ ആയ പുരുഷാധിപത്യത്തിന്റെ വിശ്വരൂപമാണ് ഇപ്പോൾ പ്രകടമാകുന്നതെന്ന് മുഖ്യമന്ത്രി  പറഞ്ഞു. ഇന്നത്തെ കാലത്ത് ഏറ്റവും പ്രധാന പ്രശ്‌നമായി ഉയർന്നുവരുന്നത് സ്ത്രീസമത്വത്തിനെതിരായ ഒരു വിഭാഗത്തിന്റെ മുറവിളിയാണ്.  ഫ്യൂഡൽ, നാടുവാഴിത്ത മനോഭാവത്താൽ വളർത്തിയെടുക്കപ്പെട്ട ഒന്നാണത്. ഫ്യൂഡൽ, നാടുവാഴിത്തങ്ങൾ മാത്രമല്ല, അതിന് തണൽ വിരിച്ചിരുന്ന ജാതിസമ്പ്രദായവും ഈ വ്യവസ്ഥ വളർത്തിയെടുക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കേരളം ഒരു പരിഷ്‌കൃതസമൂഹമാണ്. സ്ത്രീവിരുദ്ധതയുടെ ഒരു ശബ്ദം പോലും ഉയരില്ല എന്ന് സംസ്ഥാനത്തിന് പുറത്തുള്ളവർ കരുതിയിരുന്നു. പുറംലോകം ഈ സ്ഥിതികണ്ട് ഞെട്ടുന്ന അവസ്ഥയുണ്ടായി. കേരളീയസമൂഹത്തിൽനിന്ന് ഇങ്ങനെയൊരു പ്രതികരണം ഉണ്ടാവുമെന്ന് അവർ കരുതിയില്ല. ഇത് കേരളത്തിന് അഭിമാനകരമല്ല. പുരുഷാധിപത്യത്തിന്റെ നിലപാടുമായി ഒരുവിഭാഗം എത്തിയത് കണ്ടില്ലെന്ന് നടിച്ച് മുന്നോട്ടുപോകാനാവില്ല. സ്ത്രീസമത്വത്തിനെതിരായി സ്ത്രീകളിൽ ഒരുവിഭാഗംതന്നെ മുന്നോട്ടുവന്നത് പുരുഷാധിപത്യവും ജാതിവ്യവസ്ഥയും എത്ര ശക്തമാണ് എന്നതിന് തെളിവാണ്. സ്ത്രീകളുടെയും സമൂഹത്തിന്റെയും പുരോഗതി ഉറപ്പുവരുത്താൻ ഈ അവസ്ഥയെ മുറിച്ചുകടന്നുവേണം മുന്നോട്ടുപോവാൻ. സ്ത്രീസമത്വം തങ്ങൾക്ക് ആവശ്യമില്ലെന്ന മനോഭാവം സ്ത്രീകളിൽത്തന്നെ വളർത്തിയെടുക്കാൻ ചില സ്ഥാപിതതാത്പര്യക്കാർക്ക് കഴിയുന്നുണ്ട്. മനോഘടനയിൽ മാറിയാലേ ഇതിന് മാറ്റമുണ്ടാക്കാൻ കഴിയൂ. വ്യക്തിയുടെയും സമൂഹത്തിന്റെയും ഘടനയിൽ ഏറ്റവും മാറ്റമുണ്ടാക്കാൻ കഴിയുന്നത് എഴുത്തുകാർക്കാണ്. സമൂഹത്തിൽ മനപ്പരിവർത്തനമുണ്ടാക്കാൻ എഴുത്തുകാർക്ക് കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാംസ്‌കാരികമൂല്യങ്ങളും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിച്ചുകൊണ്ട് കേരളം ഒരു ഭ്രാന്താലയമല്ല എന്ന സന്ദേശം സംസ്ഥാനം ഏറ്റെടുത്തുകഴിഞ്ഞതായി അധ്യക്ഷത വഹിച്ച സാംസ്‌കാരികമന്ത്രി എ.കെ.ബാലൻ പറഞ്ഞു.

സമയോചിതമായ യോഗമാണ് ഇതെന്ന് പ്രശസ്ത ചരിത്രകാരൻ എംജിഎസ് നാരായണൻ പറഞ്ഞു. ഒളിഞ്ഞും തെളിഞ്ഞും നവോത്ഥാനമൂല്യങ്ങൾ നേരിടുന്ന ഭീഷണി നേരിടാൻ ഇത് പ്രയോജനകരമാണ്. വി.ടി ഭട്ടതിരിപ്പാട്, അയ്യങ്കാളി തുടങ്ങിയ നവോത്ഥാനനായകരുടെ സംഭാവനകൾ പാഠപുസ്തകങ്ങളിൽ ചേർക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അത് യുവജനങ്ങളിലും മറ്റും അവർക്ക് സ്ഥിരപ്രതിഷ്ഠ നേടാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചരിത്രത്തെ പിന്നോട്ടടിക്കുന്ന വർഗീയശക്തികളുടെ ആശയഗതികളെ തടയാൻ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ മുന്നോട്ടുവരുന്നത് ആശ്വാസകരമാണ് എന്ന് സാമൂഹികപ്രവർത്തക കെ.അജിത പറഞ്ഞു. മതിൽ പ്രതീകാത്മകമായ പ്രതിരോധമായാണ് കാണുന്നതെന്നും അജിത പറഞ്ഞു. കഴിഞ്ഞ നൂറ്റമ്പതോളം വർഷങ്ങളായി കേരളത്തിലുണ്ടായ നവോത്ഥാനമൂല്യങ്ങളെ മുഴുവൻ പിറകോട്ടടിക്കുന്ന ക്ഷുദ്രശക്തികളുടെ സ്വാധീനമാണ് കാണുന്നതെന്നും മാനവികതയിൽ നിലയുറപ്പിച്ചുകൊണ്ട് അതിനെ ചെറുക്കാൻ കഴിയണമെന്നും  പെരുമ്പടവം ശ്രീധരൻ പറഞ്ഞു. 

സർക്കാരിന്റെ ആർജവത്തോടെയും ധീരതയോടെയുമുള്ള നടപടികൾക്കൊപ്പം നിലകൊള്ളുന്നതായി ഡോ. എസ്. ശാരദക്കുട്ടി പറഞ്ഞു. അനാചാരങ്ങളെ തകർക്കാനുള്ള രണ്ടാം നവോത്ഥാനശ്രമമാണ് നടക്കുന്നതെന്നും അവർ പറഞ്ഞു. നവോത്ഥാനകാലം, സ്വാതന്ത്ര്യസമരം, ഇടതുപക്ഷ ഇടപെടൽ എന്നീ മൂന്നു കാലഘട്ടങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ച മൂല്യങ്ങൾ മുന്നോട്ടുകൊണ്ടുപോകണമെന്ന് ജി.ബി. ബാലമോഹൻ തമ്പി പറഞ്ഞു. ലിംഗസമത്വത്തിനുവേണ്ടി പോരാടിയ കീഴാളസ്ത്രീകളുടേതടക്കമുള്ള ശക്തമായ ധാരകളെ പാഠ്യപദ്ധതിയിലുൾപ്പെടുത്തണമെന്ന് സി.എസ്.ചന്ദ്രിക പറഞ്ഞു. കുട്ടികൾക്ക് സമൂഹവുമായി ബന്ധപ്പെടാൻ പ്രാപ്തമാക്കുന്ന രീതിയിൽ സ്‌കൂൾ വിദ്യാഭ്യാസം മാറ്റണമെന്ന് നടൻ വി.കെ.ശ്രീരാമൻ പറഞ്ഞു. ആദിവാസി ഊരുകളിലേക്ക് വനിതാമതിലിന്റെ സന്ദേശം കൂടുതലായി എത്തിക്കണമെന്ന് സാമൂഹികപ്രവർത്തക ധന്യാരാമൻ പറഞ്ഞു. മൂല്യങ്ങളിൽ താഴേക്കുപൊയ്‌ക്കൊണ്ടിരുന്ന കേരളത്തെ പിടിച്ചുനിർത്താൻ ബഹുതലസ്പർശിയായ ഒരു ചരിത്രസന്ദർഭത്തെ ഉപയോഗപ്പെടുത്തിയ മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നതായി മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ പറഞ്ഞു.

ചർച്ചയിൽ ഉയർന്ന അഭിപ്രായങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞു. തുടർനടപടികൾക്കായി സാഹിത്യ അക്കാദമി സെക്രട്ടറി കെ.പി.മോഹനൻ കൺവീനറായി ഒരു സമിതി രൂപീകരിച്ചു.     

ഏഴാച്ചേരി രാമചന്ദ്രൻ, പ്രഭാവർമ്മ, കെ.പി. കുമാരൻ, പിരപ്പൻകോട് മുരളി, കരിവള്ളൂർ മുരളി, പുരുഷൻ കടലുണ്ടി എം.എൽ.എ, വി. കാർത്തികേയൻ നായർ, അശോകൻ ചരുവിൽ, രാവുണ്ണി, വി.കെ ശ്രീരാമൻ, ഡോ. ഖദീജാ മുംതാസ്, മധുപാൽ കെ, അയിലം ഉണ്ണികൃഷ്ണൻ, പള്ളിയറ ശ്രീധരൻ, ഡോ. ആര്യാഗോപി, കെ.വി രാമകൃഷ്ണൻ, ശിവരാമൻ ചെറിയനാട്, മുണ്ടൂർ സേതുമാധവൻ, കെ.പി മോഹനൻ, എം.എസ് അജിത് കുമാർ, എ. ഗോകുലേന്ദ്രൻ, സി.ജെ കുട്ടപ്പൻ, കെ.ജി പൗലോസ്, സരിത മോഹനൻ വർമ്മ, ഡോ. പ്രഭാകരൻ പഴശ്ശി, കനകാംബരൻ. യു, വി.കെ ജോസഫ്, ശ്രീജ. പി, വി.എസ്. ബിന്ദു, ഡോ. എം.ആർ യശോധരൻ, എം.കെ. ഹരികുമാർ, കെ. ബീന, ഗീത നസീർ, മൈന ഉമൈബാൻ, പ്രമോദ് പയ്യന്നൂർ, സുജ സൂസൻ ജോർജ്ജ്, ഡോ. എസ്. രാജശേഖരൻ, പി.ബി. വിജയകുമാർ, ഡോ. എ.ആർ രാജൻ, എബ്രഹാം മാത്യു,ഡോ. രാധിക സി. നായർ, കാട്ടാക്കട രാമചന്ദ്രൻ, ബി. മുരളി, ഇന്ദു മേനോൻ, പി.കെ. രാജശേഖരൻ, കെ.ജി. രാജൻ,  വിനോദ് വൈശാഖി, തനുജ ഭട്ടതിരി, മധുജനാർദ്ദനൻ, ഐസക്ക് ഈപ്പൻ, ഡോ. എ.കെ. നമ്പ്യാർ,  ഗിരീഷ് പുലിയൂർ, ഹരികുമാർ ചങ്ങമ്പുഴ, ഡോ. പി. സോമൻ,  ജി.പി. രാമചന്ദ്രൻ, ചിറക്കര സലിംകുമാർ തുടങ്ങിയവർ സംബന്ധിച്ചു. യോഗത്തിൽ സാംസ്‌കാരികവകുപ്പ് സെക്രട്ടറി റാണി ജോർജ് സ്വാഗതം പറഞ്ഞു. 

പി.എൻ.എക്സ്. 5500/18

date