Skip to main content

ഊർജ്ജസംരക്ഷണ ദിനാചരണം ഇന്ന് (ഡിസംബർ 14)

 

ഊർജ്ജസംരക്ഷണ ദിനത്തോടനുബന്ധിച്ച് (ഡിസംബർ 14) എല്ലാ വകുപ്പുമേധാവികളും ജില്ലാ കളക്ടർമാരും പൊതുമേഖല/സ്വയംഭരണ സ്ഥാപനങ്ങളുടെ മേധാവികളും അവരവരുടെ ഓഫീസുകളിലും അതത് വകുപ്പുകളുടെ ഭരണനിയന്ത്രണത്തിലുള്ള ഓഫീസുകളിലും ഇന്ന് (ഡിസംബർ 14) രാവിലെ 11 നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അസംബ്ലി സെഷനിലും ഊർജ്ജ സംരക്ഷണ പ്രതിജ്ഞയെടുക്കും.  പ്രതിജ്ഞയുടെ പൂർണ്ണരൂപം ചുവടെ ചേർക്കുന്നു.

''ഊർജ്ജ വിഭവങ്ങളുടെ അമിതചൂഷണവും അമിതോപഭോഗവും വരുത്തിവെയ്ക്കുന്ന ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും എന്റെ നാടിന്റെയും മുഴുവൻ ലോകത്തിന്റെയും നാശത്തിന് വഴിവെക്കുമെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു.

ജീവസംരക്ഷണം ഊർജ്ജസംരക്ഷണത്തിലൂടെയേ സാധ്യമാവൂ എന്നതിനാൽ ഹരിതഗൃഹവാതകങ്ങളുടെ നിർഗമനം കൂട്ടുന്ന ഏതു നടപടിയും നിരുത്സാഹപ്പെടുത്തുവാൻ വേണ്ട പ്രചാരണ പ്രബോധന പരിപാടികളിൽ ഞാൻ ഇന്നു മുതൽ സജീവ സാന്നിദ്ധ്യമായിരിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു.

വരുംതലമുറകൾക്കുകൂടി ഉപയോഗിക്കാനാകുംവിധം പരിസ്ഥിതി സൗഹൃദ ഊർജ്ജ സ്രോതസ്സുകൾ വികസിപ്പിക്കുവാനും വ്യാപകമായുപയോഗപ്പെടുത്തുവാനും, എവിടെയും എപ്പോഴും ഊർജ്ജക്ഷമത ഉയർത്തിപ്പിടിക്കുവാനും വേണ്ടി ആളുകളെ പ്രേരിപ്പിക്കുന്നത് പൗരധർമ്മമായും സ്വന്തം കടമയായും കണക്കാക്കി, ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങളിൽ ഇനി ആഴത്തിൽ മുഴുകി പ്രവർത്തിക്കുമെന്നും ഞാൻ ദൃഢപ്രതിജ്ഞ ചെയ്യുന്നു.''

പി.എൻ.എക്സ്. 5501/18

date