Skip to main content

ജില്ലയില്‍ ഭരണഘടന സാക്ഷരത സംഗമം 20 ന്

 

ഭരണഘടന സാക്ഷരത ജനകീയ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ജില്ലാതലത്തില്‍ ഭരണഘടന സാക്ഷരത സംഗമം സംഘടിപ്പിക്കും. ഈ മാസം 20 ന് വൈകീട്ട് നാല് മണിക്ക് മാനാഞ്ചിറ മൈതാനത്താണ് പരിപാടി നടക്കുക. ഇന്ത്യന്‍ഭരണഘടന സംബന്ധിച്ച് അടിസ്ഥാന അവബോധം സൃഷ്ടിക്കുന്നതിനായി ഒരുക്കുന്ന പരിപാടിയില്‍ ഭരണഘടനാ നിര്‍മാണത്തിന്റെ നാള്‍വഴികള്‍, മൗലികാവകാശം, വ്യക്തിസ്വാതന്ത്യം, പൗരജീവിതം, ലിംഗസമത്വം എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിയുടെ അധ്യക്ഷതയില്‍ ചേമ്പറില്‍ നടന്ന ജില്ലാ സാക്ഷരതമിഷന്‍ അതോറിറ്റി യോഗത്തിലാണ് തീരുമാനം. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി നടപ്പാക്കുന്ന സാക്ഷരത പരിപാടി ചങ്ങാതി രണ്ടാംഘട്ടം ഒളവണ്ണ പഞ്ചായത്തില്‍ നടത്തുന്നതിനും യോഗത്തില്‍ തീരുമാനിച്ചു. സാക്ഷരത മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അബ്ദുള്‍ റഷീദ് പദ്ധതി വിശദീകരിച്ചു.  
 ജില്ലയില്‍ പ്ലസ് വണ്‍ തുല്യതാപഠനത്തിനായി ഇത്തവണ രജിസ്ററര്‍ ചെയ്തിട്ടുള്ളത് 1812 പഠനാര്‍ത്ഥികളാണ്. എസ്.എസ്.എല്‍.സി യോഗ്യത നേടാന്‍ 2863 പേരും പുതുതായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  പുതിയ വര്‍ഷത്തെ പഠന ക്ലാസുകള്‍ ജനുവരി അഞ്ചിന് ആരംഭിക്കും. ഹയര്‍സെക്കന്ററി രണ്ടാം വര്‍ഷ ക്ലാസുകള്‍ക്ക് ഈ മാസം 16 നും തുടക്കമാകും. പട്ടികജാതി കോളനികളില്‍ നടപ്പാക്കുന്ന സാക്ഷരത തുടര്‍വിദ്യാഭ്യാസ പരിപാടിയായ നവചേതന പദ്ധതിയില്‍ 102 പേരും തീരദേശസാക്ഷരത പദ്ധതിയായ അക്ഷര സാഗരത്തില്‍ 1298 പേരും സമഗ്ര ആദിവാസി സാക്ഷരത പരിപാടിയില്‍ 54 പേരും നാലാംതരം തുല്യതയില്‍ 161 പേരും ഇതിനിടെ പരീക്ഷയെഴുതി യോഗ്യത നേടി. 
നവചേതന പുതുതായി ജില്ലയിലെ ഒമ്പത് കോളനികളില്‍ ആരംഭിക്കുന്നതിനും തീരുമാനമെടുത്തു. രാമനാട്ടുകരയിലെ ചിറക്കാംകുന്ന് കോളനി, കോട്ടൂര്‍ പഞ്ചായത്തിലെ അക്കരമുണ്ട്യാടി, കടലുണ്ടി പഞ്ചായത്തിലെ വടക്കൊടിത്തറ, മണിയൂരിലെ വടക്കേപ്പുറം, വേളത്തെ പാലയാട് കൂളിക്കുന്ന്, കാരശ്ശേരിയിലെ എഴുനിലം, ന•-ണ്ടയിലെ പടിക്കത്താനം, കൊയിലാണ്ടി നഗരസഭയിലെ കഴിച്ചാല്‍, കോഴിക്കോട് കോര്‍പ്പറേഷനിലെ ചക്കുംകടവ് എന്നീ കോളനികളെയാണ് ഇത്തവണ നവചേതനയ്ക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. യോഗത്തില്‍ വൈസ് പ്രസിഡന്റ് റീന മുണ്ടങ്ങോട്ട്, സെക്രട്ടറി പി.ഡി ഫിലിപ്പ്, സ്‌കില്‍ ഡവലപ്മെന്റ് സെന്റര്‍ ഡയറക്ടര്‍ കെ. ശ്രീധരന്‍, അസി ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി.രമ്യ തുടങ്ങിയവര്‍ സംബന്ധിച്ചു.

date