Skip to main content

പണമിടപാടുകള്‍ മാനദണ്ഡം പാലിച്ചാകണം; പ്രവാസി കമ്മീഷന്‍

പ്രവാസികള്‍ പണമിടപാടുകള്‍ നടത്തുമ്പോള്‍ കൃത്യമായ മാനദണ്ഡം പാലിക്കണമെന്ന് പ്രവാസി കമ്മീഷന്‍ ചെയര്‍പേഴ്സന്‍ ജസ്റ്റിസ് പി ഭവദാസന്‍. മലപ്പുറത്ത് നടത്തിയ സിറ്റിങിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പണമിടപാട് സംബന്ധിച്ച് ധാരാളം പരാതികള്‍ കമ്മീഷന് മുന്നില്‍ വരുന്നുണ്ട്. ഇതില്‍ പലതും മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തിയ ഇടപാടുകളാണ്. കൃത്യമായ ഇടപാടുകളാണെങ്കില്‍ മാത്രമാണ് നിയമനടപടി സ്വീകരിക്കാന്‍ കഴിയുകയുള്ളെന്ന് അദ്ദേഹം പറഞ്ഞു. വിസ തട്ടിപ്പ് സംബന്ധിച്ച് വരുന്ന പരാതികളില്‍ ഭൂരിഭാഗവും മാനദണ്ഡം പാലിക്കാതെ പണം കൈമാറിയതാണ്. കൃത്യമായ വിലാസം പോലും  അറിയാതെയാണ് പലരും പണം നല്‍കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
16 പരാതികള്‍ പരിഗണിച്ചു
സിറ്റിങില്‍ 16 പരാതികള്‍ പരിഗണിച്ചു. ഇതില്‍ അഞ്ചെണ്ണം പരിഹാരമായി. വിമാന ടിക്കറ്റ് നിരക്ക് ഏകീകരിക്കണമെന്ന പരാതിയില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്താന്‍ ശുപാര്‍ശ ചെയ്തു. മൃതദേഹം നാട്ടില്‍ എത്തിക്കുന്നത് സര്‍ക്കാര്‍ ചെലവിലാക്കണമെന്നും സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് നടപടിക്രമങ്ങള്‍ ലഘൂകരിക്കണമെന്നും കാണിച്ചുള്ള പരാതിയും സര്‍ക്കാരിന് കൈമാറി. ചില വിദേശ രാജ്യങ്ങളില്‍ പാസ്പോര്‍ട്ടില്‍ സര്‍നെയിം നിര്‍ബന്ധമാക്കിയതിനാല്‍ പാസ്പോര്‍ട്ട് പുതുക്കുന്നതിനുള്ള നടപടിക്രമം ലഘൂകരിക്കണമെന്നും ഫീസ് കുറക്കണമെന്നുമുള്ള പരാതിയും സിറ്റിങില്‍ പരിഗണിച്ചു. നോര്‍ക റൂട്ട്സില്‍ നല്‍കിയ പരാതികളില്‍ കാലതാമസം വരുന്നെന്ന പരാതിയില്‍ അന്വേഷിച്ച് നടപടി സ്വീകരിക്കാനും കമ്മീഷന്‍ തീരുമാനിച്ചു.
അനധികൃത ഫീസ് ഈടാക്കുന്നവര്‍ക്കെതിരെ നിയമനടപടി
വിദേശ റിക്രൂട്ട്മെന്റിന് നോര്‍ക റൂട്ട്സിന്റെ പേരില്‍ പണം ഈടാക്കുന്നവര്‍ക്കെതിരെ നിയമനടപടി തുടങ്ങിയിട്ടുണ്ട്. റിക്രൂട്ട്മെന്റിന് വിസ പ്രൊസസിങ് ഫീസ് മാത്രമാണ് നോര്‍ക റൂട്ട്സ് ഈടാക്കുന്നത്. നോര്‍കയുടേതെന്ന പേരില്‍ തെറ്റിധരിപ്പിച്ച് പലരും പണം ഈടാക്കുന്നുണ്ട്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. നോര്‍കയുടെ റിക്രൂട്ട്മെന്റ് പരസ്യങ്ങളും സേവനങ്ങള്‍ക്കുള്ള ഫീസും സംബന്ധിച്ച് വെബ് സൈറ്റില്‍ നല്‍കിയിട്ടുണ്ട്. സംശയമുണ്ടെങ്കില്‍ നോര്‍ക റൂട്ട്സ് ഓഫീസില്‍ വിളിച്ച് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം ഇടപാട് നടത്താവൂ. കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച ഏജന്‍സികള്‍ വഴി മാത്രം വിദേശ ജോലിക്ക് ശ്രമിക്കുക. അംഗീകൃത ഏജന്‍സി വഴി പോകുന്നവര്‍ക്ക് സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കുന്നുണ്ടെന്നും ചെയര്‍പേഴ്സന്‍ പറഞ്ഞു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങില്‍ അംഗങ്ങളായ ആസാദ് തിരൂര്‍, മെമ്പര്‍ സെക്രട്ടറി എച്ച്.നിസാര്‍, അസി. സെക്രട്ടറി മധുസുദനന്‍ പിള്ള, നോര്‍ക റൂട്സ് ജൂനിയര്‍ എക്സിക്യൂട്ടീവ് കെവി സീനത്ത്, ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ ടി രാകേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

date