Skip to main content
കുണ്ടംകുഴിയില്‍ നടന്ന ചടങ്ങില്‍ തെക്കില്‍ -ആലട്ടി പൊതുമരാമത്ത് റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ സംസാരിക്കുന്നു.

കാസര്‍കോട് ജില്ലയില്‍ നടക്കുന്നത് 2000 കോടി രൂപയുടെ  നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍: മന്ത്രി ജി.സുധാകരന്‍

തെക്കില്‍ -ആലട്ടി റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

വികസനത്തിനു പ്രാധാന്യം നല്‍കി വരുംതലമുറയ്ക്ക് കൂടി ഗുണപ്രദമായ പ്രവൃത്തികള്‍ നടപ്പിലാക്കുന്നതിനാണു സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നതെന്നു  പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. തെക്കില്‍ -ആലട്ടി പൊതുമരാമത്ത് റോഡിന്റെ പ്രവൃത്തി  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
    ഇക്കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ രണ്ടായിരം കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണു പൊതുമരാമത്ത് വകുപ്പിന് കീഴില്‍ ജില്ലയില്‍ നടന്നുകൊണ്ടിരിക്കുന്നത്. മലയോരമേഖലയിലെ ജനങ്ങളുടെ സ്വപ്ന പദ്ധതിയായ തെക്കില്‍ -ആലട്ടി പൊതുമരാമത്ത് റോഡിനു മാത്രം 72 കോടി രൂപയാണു വകയിരുത്തിയിട്ടുള്ളത്. 2016-17 കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടാണു റോഡനുവദിച്ചത്. റോഡ് യാഥാര്‍ത്ഥ്യമാകുന്നതോടെ ഈ പ്രദേശത്തിനു പുതിയ വികസന സാധ്യതകള്‍ വഴിതുറക്കുമെന്നും അദ്ദേഹം പറഞ്ഞു 
പ്രളയാനന്തര കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതിനായി ലോക ബാങ്കിന്റെയും യുഎന്‍ ഡവലപ്‌മെന്റ് കമ്മീഷന്റെയും റിപ്പോര്‍ട്ട് പ്രകാരം 27000 കോടി മുതല്‍ 31000 കോടി വരെ സംസ്ഥാനത്തിന്  ആവശ്യമാണ്. ഈ കണക്കുകള്‍ പ്രകാരം നിര്‍മ്മാണപ്രവൃത്തികള്‍ നടത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും സംസ്ഥാന പൊതുമരാമത്ത് വകുപ്പിനു 8500 കോടി മുതല്‍ 11000 കോടി വരെ ലഭിക്കും. ഈ വിഹിതത്തില്‍ നിന്നും ജില്ലയില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തുന്നതിനു നല്ല തുക നല്‍കുമെന്നും മന്ത്രി പറഞ്ഞു. 
    കുണ്ടംകുഴിയില്‍ നടന്ന ചടങ്ങില്‍ കെ.കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബു, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പി ജെ ലിസി, കല്ലട്ര അബ്ദുള്‍ ഖാദര്‍, പി ഇന്ദിര, കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ഗോപിനാഥന്‍,കാറഡുക്ക ബ്ലോക്ക് പഞ്ചായത്തംഗം പി കെ ഗോപാലന്‍,വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ വിഭാഗം ഉത്തരമേഖല സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ഇ ജി വിശ്വപ്രകാശ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.കേരള റോഡ് ഫണ്ട് ബോര്‍ഡ ് ചീഫ് എഞ്ചിനീയര്‍ വി വി ബിനു സ്വാഗതവും അഡ്വക്കേറ്റ് സി രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.

 

date