Skip to main content
കോളിച്ചാല്‍ ടൗണില്‍ നടന്ന ചടങ്ങില്‍ മലയോര ഹൈവെയായ കോളിച്ചാല്‍ - ഇടപറമ്പ പ്രവൃത്തി ഉദ്ഘാടനം ചെയ്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ സംസാരിക്കുന്നു.

3500 കോടി രൂപ ചെലവില്‍ മലയോര ഹൈവെ  യാഥാര്‍ത്ഥ്യമാക്കും: മന്ത്രി ജി.സുധാകരന്‍

 കേരള ജനതയുടെ സ്വപ്ന സാക്ഷാത്കാര പദ്ധതിയായ  മലയോര ഹൈവെ 3500 കോടി രൂപ ചെലവില്‍ യാഥാര്‍ത്ഥ്യമാക്കുമെന്നു പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. കോളിച്ചാല്‍ ടൗണില്‍ നടന്ന ചടങ്ങില്‍ മലയോര ഹൈവെയായ കോളിച്ചാല്‍ - ഇടപറമ്പയുടെ പ്രവൃത്തി ഉദ്ഘാടന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ഈ റൂട്ടില്‍ 85.15 കോടി രൂപ ചെലവില്‍ ഇരുപത്തിയൊന്നര കിലോമീറ്റര്‍ റോഡാണു നിര്‍മ്മിക്കുന്നത്. ജില്ലയിലെ നന്ദാരപ്പദവ് മുതല്‍ തിരുവനന്തപുരം പാറശാലവരെയുള്ള മലയോരഹൈവെയുടെ ഭാഗമായാണു കോളിച്ചാല്‍- ഇടപറമ്പ റോഡിന്റെയും നിര്‍മ്മാണം. മലയോര ഹൈവെയോടൊപ്പം തന്നെ തീരദേശ റോഡ് വികസനത്തിനും സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നു.ഇതിന് വേണ്ടി 6500 കോടി രൂപയാണു നീക്കിവെച്ചിട്ടുള്ളതെന്നു മന്ത്രി പറഞ്ഞു.
             റോഡുകളുടെ ശോചനീയ അവസ്ഥയ്ക്ക് കാരണം കരാറുകാരുടെ അജ്ഞതയും നിലനില്‍ക്കുന്ന സംവിധാനത്തിലെ പോരായ്മയുമാണ്. എന്നാല്‍ ഇന്നു കേരളത്തിലെ കരാറുകാര്‍ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവരും അത്യാധുനിക റോഡ് നിര്‍മ്മാണ സാമഗ്രികള്‍ ഉപയോഗിക്കുന്നതില്‍ വൈദഗ്ധ്യമുള്ളവരുമാണ്. ഇത് പുത്തന്‍പ്രതീക്ഷയാണു നമുക്ക് നല്‍കുന്നതെന്നു മന്ത്രി പറഞ്ഞു. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം ശബരിമല സന്ദര്‍ശിച്ച ജഡ്ജിമാര്‍ ശബരിമലയിലെ പൊതുമരാമത്ത് റോഡുകളെ കുറിച്ച് നല്ല അഭിപ്രായമാണ് അവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയത്. ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍ വകുപ്പിന് അഭിമാനിക്കാന്‍ വക നല്‍കുന്ന വസ്തുതകളാണെന്ന് അദ്ദേഹം പറഞ്ഞു.
                    ചടങ്ങില്‍ റവന്യു ഭവന വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. ജില്ലയുടെ വികസനത്തിനു കൈത്താങ്ങാകാന്‍ എപ്പോഴും കൂടെ നില്‍ക്കുന്ന പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനെ ഇ ചന്ദ്രശേഖരന്‍ അഭിനന്ദിച്ചു. 
എംഎല്‍എമാരായ കെ.കുഞ്ഞിരാമന്‍, എം.രാജഗോപാലന്‍, ജില്ലാകളക്ടര്‍ ഡോ ഡി സജിത്ബാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ പി രാജന്‍, ഓമന രാമചന്ദ്രന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ പി ജി മോഹനന്‍, പി ജെ ലിസി, ജില്ലാ പഞ്ചായത്തംഗം ഇ പത്മാവതി, പനത്തടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമാംബിക, പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം ലത അരവിന്ദന്‍, കാറഡുക്ക ബ്ലോക്ക് പഞ്ചായത്തംഗം ലില്ലി തോമസ്,  പനത്തടി ഗ്രാമ പഞ്ചായത്തംഗങ്ങളായ പി.സുകുമാരന്‍, ആശ സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു. സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ഇ ജി വിശ്വപ്രകാശ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കേരള റോഡ് ഫണ്ട് ബോര്‍ഡ് ചീഫ് എഞ്ചിനീയര്‍ വി.വി ബിനു സ്വാഗതവും കാസര്‍കോട് നിരത്ത് വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ കെ.പി വിനോദ് കുമാര്‍ നന്ദിയും പറഞ്ഞു. മലയോര ഹൈവെയ്ക്ക് വേണ്ടി അക്ഷീണം ശബ്ദമുയര്‍ത്തിയ ജോസഫ് കനകമൊട്ടയെ മന്ത്രി ജി സുധാകരന്‍ പൊന്നാട അണിയിച്ച് ആദരിച്ചു.

 

 

 

date