Skip to main content

ജീവിച്ചിരിക്കുന്ന മാതാവിന് കുഴിമാടമൊരുക്കി മകന്‍: വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

ജീവിച്ചിരിക്കുന്ന മാതാവിന് വീടിന് മുന്നില്‍ കുഴിമാടമൊരുക്കിയ മകനെതിരെ നടപടിയാവശ്യപ്പെട്ട് മാതാവ് വനിതാ കമ്മീഷനില്‍. തിരുന്നാവായ കൊടക്കല്ലിലാണ് മാതാവിനെ അവഹേളിക്കുന്നതിനായി മകന്‍ കുഴിമാടമൊരുക്കിയത്. സംഭവത്തില്‍ അന്വേഷിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് കമ്മീഷന്‍ അംഗം ഇ.എം രാധ പറഞ്ഞു. സംഭവത്തില്‍ മാതാവ് പൊലീസിലും പരാതി നല്‍കിയിരുന്നു. സിറ്റിങില്‍ മാതാവും മകനും ഹാജരായെങ്കിലും തീര്‍പ്പാക്കാനായില്ല. സ്ഥലം പഞ്ചായത്ത് അംഗത്തെ ഫോണില്‍ വിളിച്ച് നിജസ്ഥിതി അന്വേഷിച്ചു.  പൊലീസ് റിപ്പോര്‍ട്ടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കും. രണ്ട് മക്കളാണ് പരാതിക്കാരിക്കുള്ളത്. രണ്ടാമത്തെ മകന്റെ വീട്ടിലാണ് നിലവില്‍ താമസിക്കുന്നത്. ഇതിന് സമീപത്തായാണ് മൂത്ത മകന്‍ കുഴിമാടമൊരുക്കിയത്. മാതാവിനെ അപമാനിച്ച് ഫ്ളക്സ് ബോര്‍ഡ് ഉയര്‍ത്തിയതായും പരാതിയില്‍ പറയുന്നുണ്ട്.
മലപ്പുറത്തെ സ്വകാര്യ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപികയെ അവഹേളിച്ചതായ പരാതിയില്‍ വനിതാ കമ്മീഷന്‍ നേരിട്ട് അന്വേഷണം നടത്തും. പ്രിന്‍സിപ്പല്‍ക്കെതിരെയാണ് അധ്യാപിക പരാതി നല്‍കിയത്. സ്റ്റാഫ് റൂമില്‍ വച്ച് സഭ്യമല്ലാത്ത പെരുമാറ്റം നടത്തിയെന്നും അവഹേളിച്ചെന്നും പരാതിയില്‍ പറയുന്നു. 2016 ല്‍ ലഭിച്ച പരാതിയില്‍ വകുപ്പ് തല അന്വേഷണം നടത്തിയെങ്കിലും തീര്‍പ്പാക്കാനായിട്ടില്ല. തുടര്‍ന്നാണ് കമ്മീഷന്‍ നേരിട്ട് അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. വിവാഹ ബന്ധത്തില്‍ നിന്നും ഒഴിയാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിക്കുന്നുവെന്ന മകളുടെ പരാതിയും സിറ്റിങില്‍ പരിഗണിച്ചു. താനൂര്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ നഴ്സ് നല്‍കിയ പരാതിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറില്‍ നിന്നും റിപ്പോര്‍ട്ട് തേടി.
90 പരാതികളാണ് കമ്മീഷന്‍ പരിഗണിച്ചത്. ഇതില്‍ 28 എണ്ണം തീര്‍പ്പാക്കി. 17 എണ്ണത്തില്‍ റിപ്പോര്‍ട്ട് തേടുകയും 45 എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റി വക്കുകയും ചെയ്തു. ജനുവരി 19നാണ് അടുത്ത അദാലത്ത്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിങില്‍ കമ്മീഷന്‍ അംഗം ഇഎം രാധ, അഭിഭാഷകരായ എംഎസ് താര, ഷാജി ശിവജി, രാജേഷ് പുതുക്കാട്, പ്രീതി ശിവരാമന്‍, വനിതാ കമ്മീഷന്‍ എസ് ഐ എല്‍ രമ എന്നിവര്‍ പങ്കെടുത്തു.

 

date