Skip to main content

പൊന്നാനി കുടിവെള്ള പദ്ധതി: ഉദ്ഘാടനം ഈ മാസം 24 ന്

പൊന്നാനിയുടെ ഏക്കാലത്തേയും  സ്വപ്നമായ പൊന്നാനി കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു.  പദ്ധതിയുടെ നിര്‍മാണോദ്ഘാടനം ഈ മാസം 24 ന് ജലസേചന വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി  ഉദ്ഘാടനം ചെയ്യും. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍, പൊന്നാനി എം.പി ഇ.ടി മുഹമ്മദ് ബഷീര്‍ എന്നിവര്‍ പങ്കെടുക്കും.
നരിപ്പറമ്പ് പമ്പ് ഹൗസിനടുത്ത് 50 ദശലക്ഷം ലിറ്റര്‍ ജലം ദിനം പ്രതി ഭാരതപ്പുഴയില്‍ നിന്ന് സംഭരിച്ച് ശുദ്ധീകരിച്ച് വിതരണം ചെയ്യുന്ന പദ്ധതിയാണ് പൊന്നാനി കുടിവെള്ള പദ്ധതി. 75 കോടി രൂപ ചെലവഴിച്ചാണ് പദ്ധതിയുടെ ആദ്യ ഘട്ട പ്രവൃത്തി പൂര്‍ത്തിയാക്കുന്നത്.  ട്രീറ്റ്‌മെന്റ് പ്ലാന്റും അനുബന്ധ പൈപ്പ് ലൈന്‍ സംവിധാനവുമാണ് ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുന്നത്.  25 കൊല്ലം മുന്നില്‍ കണ്ടു കൊണ്ടുള്ള വിതരണ ശൃംഖല നടപ്പിലാക്കുന്നതാണ് രണ്ടാം ഘട്ടം.  ഈ  പദ്ധതിയിലൂടെ പൊന്നാനി മണ്ഡലം പൂര്‍ണ്ണമായും തവനൂര്‍ മണ്ഡലത്തിലെ കാലടി, എടപ്പാള്‍, തവനൂര്‍, വട്ടംകുളം എന്നീ നാല് പഞ്ചായത്തുകളിലും ശുദ്ധജലം ലഭിക്കും.
വാട്ടര്‍ അതോറിറ്റിയുടെ ജില്ലാ പ്രൊജക്ട് വിഭാഗമാണ് പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത് . മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ പ്രത്യേക താല്‍പര്യത്തെ തുടര്‍ന്നാണ് 2016-17 സംസ്ഥാന ബജറ്റില്‍ തുക വകയിരുത്തിയത്. 2016 ഡിസംബറില്‍ കിഫ്ബിയുടെ അനുമതി ലഭിക്കുകയും ചെയ്തു. ടെന്‍ഡര്‍ നടപടി ക്രമങ്ങളിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലമാണ് പദ്ധതി നീണ്ടു പോയത്.

 

date