Skip to main content

വരട്ടാര്‍ പുനരുജ്ജീവനം രണ്ടാം ഘട്ടം :  മാസ്റ്റര്‍ പ്ലാനുകള്‍ ഉടന്‍ തയാറാക്കാന്‍ തീരുമാനം

 

         വരട്ടാര്‍ പുനരുജ്ജീവനത്തിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ജൈവവൈവിധ്യ പാര്‍ക്കുകള്‍, പാലങ്ങള്‍, ജലസേചന സംവിധാനങ്ങള്‍ എന്നിവയ്ക്കുള്ള മാസ്റ്റര്‍ പ്ലാനുകള്‍ ഉടന്‍ തയാറാക്കാന്‍ സജി ചെറിയാന്‍ എംഎല്‍എയുടെയും വീണാ ജോര്‍ജ് എംഎല്‍എയുടെയും സാന്നിധ്യത്തില്‍ ചെങ്ങന്നൂരില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ഇതിനായി ജനുവരി മൂന്നിന് രാവിലെ 11ന് ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ വിവിധ വകുപ്പ് ഉദേ്യാഗസ്ഥരുടെ യോഗം ചേരും. വരട്ടാര്‍ കടന്നുപോകുന്ന വിവിധ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ജനുവരി അഞ്ച് മുതല്‍ 15 വരെ പുനരുജ്ജീവനത്തിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വാര്‍ഡുതല യോഗങ്ങള്‍ ചേരും. ചെങ്ങന്നൂര്‍ നഗരസഭ, തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത് എന്നിവിടങ്ങളിലെ 18 കിലോമീറ്റര്‍ സര്‍വെ ഇന്ന് (20) ആരംഭിക്കും. ഒരു മാസം കൊണ്ട് സര്‍വെ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. സര്‍വെയ്ക്കായി ചെങ്ങന്നൂര്‍ നഗരസഭ രണ്ട് ലക്ഷം രൂപയും തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത് 3.72 ലക്ഷം രൂപയും ചെലവഴിക്കും. പത്തനംതിട്ട ജില്ലയിലെ കുറ്റൂര്‍ പഞ്ചായത്തിലെ സര്‍വെ ഈയാഴ്ച പൂര്‍ത്തിയാകും. കോയിപ്രം, ഇരവിപേരൂര്‍ പഞ്ചായത്തുകളുടെ സര്‍വെ പൂര്‍ത്തിയായിട്ടുണ്ട്. പുനരുജ്ജീവത്തിന്റെ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന നാല് പാലങ്ങളുടെ ടെന്‍ഡര്‍ നടപടികള്‍ ഫെബ്രുവരിയില്‍ പൂര്‍ത്തീകരിക്കും. വരട്ടാറിന്റെ ഇരുവശങ്ങളിലുമായി നിര്‍മിക്കുന്ന ജൈവവൈവിധ്യ പാര്‍ക്കിന്റെ രൂപരേഖ തയാറാക്കുന്നതിന് എന്‍ജിനീയറിംഗ്, ബിആര്‍ക്ക് അവസാന വിദ്യാര്‍ഥികള്‍ക്കായി ഹരിതകേരളം മിഷന്‍ ക്യാമ്പ് സംഘടിപ്പിക്കും. വരട്ടാറിന്റെ കൈവഴികള്‍ ശുദ്ധീകരിക്കുന്നതിന് തൊഴിലുറപ്പ് പദ്ധതിയില്‍ നടപടികള്‍ സ്വീകരിക്കും. 

ആലപ്പുഴ ജില്ലാ പഞ്ചായത്തംഗം ജോജി ചെറിയാന്‍, ഹരിതകേരളം മിഷന്‍ ആലപ്പുഴ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.എസ്.രാജേഷ്, പത്തനംതിട്ട ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്‍.രാജേഷ്, വരട്ടാര്‍ പുനരുജ്ജീവന പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ ബീന ഗോവിന്ദന്‍, ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഐ.ജി.ഷിലു, വിവിധ വകുപ്പ് ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

                (പിഎന്‍പി 4117/18)

date