Skip to main content

ഹരിത കേരളം മിഷന്‍ ഒന്നാം വാര്‍ഷികം 14 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

വെള്ളം, വൃത്തി, വിളവ് എന്നിവ മുന്‍നിര്‍ത്തി കേരളത്തിന്റെ ഹരിതസമൃദ്ധിയുടെ വീണ്ടെടുപ്പ് ലക്ഷ്യമിട്ട് രൂപീകൃതമായ ഹരിത കേരളം മിഷന്റെ   ഹരിതസംഗമം ഡിസംബര്‍ 14 ന് രാവിലെ 10 ന് തിരുവനന്തപുരം ജിമ്മിജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.  സഹകരണ-ദേവസ്വം-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും.  ധനവകുപ്പ് മന്ത്രി  ഡോ. തോമസ് ഐസക്, കൃഷിവകുപ്പ്  മന്ത്രി വി.എസ്. സുനില്‍കുമാര്‍, തദ്ദേശ സ്വയം'ഭരണ വകുപ്പു മന്ത്രി  കെ.ടി. ജലീല്‍,  ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ്, വനംവകുപ്പ് മന്ത്രി കെ.രാജു, ആരോഗ്യ വകുപ്പുമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ എന്നിവര്‍ പങ്കെടുക്കും. സമ്മേളനത്തില്‍  ഹരിതകേരളം മിഷന്റെ ഒരുവര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട്,  വരട്ടാര്‍ പുനരുജ്ജീവന പ്രവര്‍ത്തനങ്ങളെ അധികരിച്ച് കില തയ്യാറാക്കിയ സി.ഡി., മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ സംരംഭങ്ങള്‍ നടത്തിവരുന്ന തദ്ദേശഭരണ സ്ഥാപനങ്ങളെക്കുറിച്ച് ശുചിത്വമിഷന്‍ തയ്യാറാക്കിയ പുസ്തകം എന്നിവയുടെ  പ്രകാശനം നടക്കും. ഹരിതകേരളം മിഷന്‍ ഫോട്ടോഗ്രാഫി അവാര്‍ഡ് ജേതാക്കള്‍ക്കുള്ള സമ്മാനവിതരണം മുഖ്യമന്ത്രി നിര്‍വഹിക്കും. 

ശുചിത്വ-മാലിന്യ സംസ്‌കരണം, കൃഷിവ്യാപനം, ജലസംരക്ഷണം എന്നീ വിഷയങ്ങളില്‍ സെമിനാറുകള്‍ നടക്കും. ഡിസംബര്‍ 15, 16, 17 തീയതികളില്‍ വെള്ളയമ്പലത്ത് മാനവീയം വീഥിയില്‍ ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങളെ ആധാരമാക്കി പ്രദര്‍ശനവും നടക്കും.

ഡിസംബര്‍ 8 മുതല്‍ 13 വരെ തദ്ദേശ സ്വയംഭരണ സ്ഥാപന തലങ്ങളില്‍ ഹരിതകേരളം മിഷന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഹരിതസംഗമം, പ്രദര്‍ശനങ്ങള്‍, വിവിധ പദ്ധതികളുടെ ഉദ്ഘാടനം തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ജില്ലാകേന്ദ്രങ്ങളില്‍ പി.ആര്‍.ഡി. യുടെ സഹകരണത്തോടെ ഫോട്ടോ എക്‌സിബിഷന്‍, സെമിനാറുകള്‍ എന്നിവയും സംഘടിപ്പിക്കും.

പി.എന്‍.എക്‌സ്.5244/17

date