Skip to main content

2017ലെ കേരള ശാസ്ത്ര സാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

 

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയ 2017-ലെ കേരള ശാസ്ത്ര സാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മലയാള സാഹിത്യത്തിലൂടെ ശാസ്ത്രവിഷയങ്ങളെ ജനകീയവത്കരിക്കുന്നതിൽ ഗണ്യമായ സംഭാവനകൾ നൽകിയ വ്യക്തികൾക്കാണ് പുരസ്‌കാരം നൽകുന്നത്.  ജനപ്രിയ ശാസ്ത്ര സാഹിത്യം, ബാല ശാസ്ത്ര സാഹിത്യം,  ഗഹനമായ വൈജ്ഞാനിക ശാസ്ത്ര സാഹിത്യം, ശാസ്ത്ര പത്ര പ്രവർത്തനം, ശാസ്ത്ര ഗ്രന്ഥ വിവർത്തനം (മലയാളം) എന്നീ വിഭാഗങ്ങളിലായി  2017 ൽ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾക്കാണ് 50,000 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്‌കാരം. 

ബാല ശാസ്ത്ര സാഹിത്യത്തിനുള്ള 2017-ലെ പുരസ്‌കാരത്തിന് പ്രദീപ് കണ്ണങ്കോട്  അർഹനായി. അദ്ദേഹത്തിന്റെ 'അമ്മുമ്മത്താടി' എന്ന എന്ന കൃതിക്കാണ് പുരസ്‌കാരം.  കൊല്ലം അഞ്ചൽ കണ്ണങ്കോട് സ്വദേശിയാണ്. ലോഗോസ് ബുക്ക്‌സ് ആണ്  പുസ്തകത്തിന്റെ പ്രസാധകർ.  

ഗഹനമായ വൈജ്ഞാനിക ശാസ്ത്ര സാഹിത്യത്തിനുള്ള പുരസ്‌കാരത്തിന് ഡോ. കെ. ബാബു ജോസഫ് അർഹനായി. അദ്ദേഹത്തിന്റെ 'പദാർത്ഥം മുതൽ ദൈവകണം വരെ' എന്ന കൃതിക്കാണ് പുരസ്‌കാരം. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസലറാണ്. ഡി.സി. ബുക്ക്‌സ് ആണ് പുസ്തകത്തിന്റെ പ്രസാധകർ. 

ശാസ്ത്ര പത്രപ്രവർത്തനത്തിനുള്ള പുരസ്‌കാരത്തിന് ചെറുകര സണ്ണി ലൂക്കോസ് അർഹനായി. കേരള ശബ്ദം വാരികയിൽ പ്രസിദ്ധീകരിച്ച 'രോഗങ്ങളാൽ തളരുന്ന  കുട്ടനാടൻ ഗ്രാമങ്ങൾ' എന്ന ലേഖനത്തിനാണ് പുരസ്‌കാരം ലഭിച്ചത്. കോട്ടയം കോടിമത സ്വദേശിയാണ്. 

ശാസ്ത്ര ഗ്രന്ഥത്തിന്റെ മലയാള വിവർത്തനത്തിനുള്ള പുരസ്‌കാരത്തിന് പി.പി.കെ. പൊതുവാൾ അർഹനായി. സിഗ്മണ്ട് ഫ്രോയിഡ്  രചിച്ച  'ദി ഇൻറർപ്രറ്റേഷൻ ഓഫ് ഡ്രീംസ്' എന്ന പുസ്തകത്തിന്റെ മലയാള വിവർത്തനമായ 'സ്വപ്നങ്ങളുടെ  വ്യാഖ്യാനം' എന്ന കൃതിക്കാണ് പുരസ്‌കാരം. കാസർഗോഡ് തൃക്കരിപ്പൂർ തങ്കയം സ്വദേശിയാണ്. മാതൃഭൂമി ബുക്ക്‌സ് ആണ് പ്രസാധകർ.

ജനപ്രിയ ശാസ്ത്രസാഹിത്യം എന്ന വിഭാഗത്തിൽ ഒരു കൃതിയും അവാർഡിന് അർഹമായില്ലാത്തതിനാൽ ഈ വിഭാഗത്തിൽ പുരസ്‌കാരം നൽകിയിട്ടില്ല. 

പ്രൊഫ. ആർ.വി.ജി. മേനോൻ അധ്യക്ഷനായ പുരസ്‌കാര നിർണയ സമിതിയാണ് അവാർഡിനർഹരായവരെ തെരഞ്ഞെടുത്തത്.

പി.എൻ.എക്സ്. 273/19

date