Skip to main content

മാധ്യമങ്ങളിലെ തെരഞ്ഞെടുപ്പ് പരസ്യങ്ങളില്‍  എംസിഎംസി അംഗീകരിച്ചത് എന്ന് രേഖപ്പെടുത്തണം

 

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്‌ട്രോണിക് മീഡിയയിലും സാമൂഹ്യമാധ്യമങ്ങളിലും നല്‍കുന്ന പരസ്യങ്ങള്‍ക്ക് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി (എംസി.എംസി)യുടെ മുന്‍കൂര്‍ അനുമതി വാങ്ങുന്നതോടൊപ്പം പരസ്യത്തോടൊപ്പം എംസിഎംസി അംഗീകരിച്ചത് എന്ന് നല്‍കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി അറിയിച്ചു. മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി (എംസി.എംസി)യുടെ ആദ്യ യോഗത്തിലാണ് ജില്ലാ കലക്ടര്‍ ഇക്കാര്യം അറിയിച്ചത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും മറ്റും  ഇലക്‌ട്രോണിക് മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും സിനിമാ ഹാളുകളിലും നല്‍കുന്ന പരസ്യങ്ങള്‍ക്ക് ഇത് ബാധകമാണ്. 

പാര്‍ട്ടികളും സ്ഥാനാര്‍ഥികളും മറ്റും പ്രസിദ്ധീകരണത്തിനായി നല്‍കുന്ന പരസ്യങ്ങള്‍ക്ക് എംസിഎംസിയുടെ അംഗീകാരം ഉണ്ടെന്ന് മാധ്യമങ്ങള്‍ ഉറപ്പുവരുത്തണമെന്നും അംഗീകാരമില്ലാത്തവ പ്രസിദ്ധീകരിക്കാനോ സംപ്രേഷണം ചെയ്യാനോ പാടില്ലെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. 

  ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ സബ് കലക്ടര്‍ ആസിഫ് കെ യൂസഫ്, അസിസ്റ്റന്റ് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, ഡിവൈഎസ്പി (ഡിസിആര്‍ബി) എം സുകുമാരന്‍, ഓള്‍ ഇന്ത്യ റേഡിയോ പ്രോഗ്രാം തലവന്‍ വി ചന്ദ്രബാബു, ദി ഹിന്ദു ദിനപ്പത്രം സീനിയര്‍ അസിസ്റ്റന്റ് എഡിറ്റര്‍ പി മുഹമ്മദ് നസീര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എ കെ രമേന്ദ്രന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫസര്‍ ഇ കെ പത്മനാഭന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date