Skip to main content

വേനല്‍ച്ചൂട്; പകല്‍ 10നും നാലിനുമിടയില്‍  ആനകളെ എഴുന്നള്ളിക്കുന്നതിന് വിലക്ക്

 

സംസ്ഥാനത്ത് അസഹ്യമായ ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ ഉത്സവങ്ങളുമായി ബന്ധപ്പെട്ട് ആനകളെ എഴുന്നള്ളിക്കുന്നതിനുള്ള സമയം പകല്‍ 10 മണിക്ക് മുമ്പും നാല് മണിക്ക് ശേഷവുമായി പുന:ക്രമീകരിച്ചതായി ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന നാട്ടാന പരിപാലന കമ്മിറ്റി യോഗത്തില്‍ എഡിഎം ഇ മുഹമ്മദ് യൂസുഫ് അറിയിച്ചു. 

നേരത്തെ പകല്‍ 11 നും 3.30 നും ഇടയിലായിരുന്നു നിയന്ത്രണം. ആനകളെ ചൂടുള്ള കാലാവസ്ഥയില്‍ പകല്‍ 10 മണി മുതല്‍ നാല് മണിവരെ തുറസ്സായ സ്ഥലത്ത് നിര്‍ത്തുന്നതും തുറന്ന വാഹനങ്ങളില്‍ കയറ്റിക്കൊണ്ടുപോകുന്നതും വേനലിന് ശമനമുണ്ടാകുന്നത് വരെ നിരോധിച്ചിട്ടുണ്ട്. ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയുടെ അംഗീകാരമില്ലാത്ത ഉല്‍സവങ്ങളില്‍ ആനകളെ പങ്കെടുപ്പിക്കരുത്. ആനകള്‍ ഇടയാന്‍ ഇടവരുന്ന സാഹചര്യങ്ങള്‍ ഉല്‍സവവേളകളില്‍ ഉണ്ടാവുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട കമ്മിറ്റികള്‍ക്ക് ബാധ്യതയുണ്ട്. അഞ്ചോ അതില്‍ കൂടുതലോ ആനകളെ പങ്കെടുപ്പിക്കുന്ന ഉല്‍സവങ്ങളില്‍ പ്രത്യേക വെറ്ററിനറി സ്‌ക്വാഡിന്റെ സേവനം ലഭ്യമാക്കണം. 

ഇടഞ്ഞ ആനകളെ കൈകാര്യം ചെയ്യുന്നതിന് പരിശീലനം സിദ്ധിച്ച വെറ്ററിനറി ഡോക്ടര്‍ ജില്ലയില്‍ സജ്ജമാണെന്നും എഡിഎം അറിയിച്ചു. യോഗത്തില്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എ പി ഇംതിയാസ്, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. കെ മുരളീധരന്‍, തലശ്ശേരി ആര്‍എഫ്ഒ കെ വി അരുണേഷ്, എന്‍ കുര്യാക്കോസ്, വി വി ഹാരിസ്, എന്‍ കെ ഗംഗാധരന്‍, രാമചന്ദ്രന്‍ മുട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആനപരിപാലനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഫോണ്‍. 0497 2705105.

 

date