Skip to main content

ജില്ലയിലെ ഹരിത-സ്വീപ്പ് ഐക്കോണായി ദേവകിയമ്മ

ആലപ്പുഴ: ജില്ലയിലെ ഹരിത സ്വീപ്പ് ഐക്കോൺ ആയി രാഷ്ട്രപതിയിൽ നിന്ന് നാരിശക്തി പുരസ്‌കാരം നേടിയ ദേവകിയമ്മ. പൊതുതിരഞ്ഞെടുപ്പ് പ്രകൃതി സൗഹാർദപരമായി മാറ്റുന്നതിന്   ശുചിത്വ മിഷൻ കളക്ടറേറ്റ് പരിസരത്ത് തയ്യാറാക്കിയ പ്രകൃതി സൗഹൃദ ബൂത്ത് ഉദ്ഘടനം ദേവകിയമ്മ വെള്ളിയാഴ്ച നിർവഹിക്കുന്ന അവസരത്തിലാണ് ജില്ലാ കളക്ടർ എസ് സുഹാസ് ദേവകിയമ്മയെ ഹരിത സ്വീപ്പ് ഐക്കോൺ ആയി പ്രഖ്യാപിച്ചത്. വോട്ട് എന്റെ ജന്മാവകാശമാണെന്നും ആ അവകാശം വിനിയോഗിക്കുന്നതിൽ ഒരിക്കൽ പോലും വീഴ്ച വരുത്തിയിട്ടില്ലെന്നും ദേവകിയമ്മ പറഞ്ഞു. വോട്ടു ചെയ്ത് വീട്ടിൽ എത്തിയ ശേഷം ഒരു മരം നട്ട് നാളെ മക്കൾക്കും കൊച്ചുമക്കൾക്കും മാതൃകയാകണമെന്നും ദേവകിയമ്മ കൂട്ടിച്ചേർത്തു. ഈ വർഷം കന്നിവോട്ട് ചെയ്യാൻ തയ്യാറെടുക്കുന്ന കൊച്ചുമകൾ ശരണ്യയെയും കൂട്ടിയാണ് ദേവകിയമ്മ പ്രകൃതി സൗഹൃദ ബൂത്ത് ഉദ്ഘടനം ചെയ്യാൻ എത്തിയത്.  

 

കാടില്ലാത്ത ആലപ്പുഴ ജില്ലയിൽ ഒരു കാട് ഒരുക്കി 85കാരിയായ ദേവകിയമ്മ ശ്രദ്ധനേടിയിരുന്നു.അമ്മ നട്ടു വളർത്തിയ മുതുകുളം കൊല്ലകൽ തറവാട്ടിലെ നാലരയേക്കർ വിസ്തൃതിയുള്ള കാട് അറിയപ്പെടുന്നത്  തപോവനമെന്നാണ്. വരുംതലമുറയെ വരൾച്ചയുൾപ്പെടെയുള്ള ദുരന്തങ്ങളിൽ നിന്ന് രക്ഷിക്കാൻ സ്വന്തമായി വനം ഒരുക്കി ഈ മുത്തശ്ശി നാടിന്റെ കാവലാളാവുകയാണ്. 800 ൽ പരം ഇനങ്ങളിൽപ്പെട്ട വൃക്ഷങ്ങളാണ്  ദേവകിയമ്മയുടെ വനത്തിലുള്ളത്. അപൂർവ്വങ്ങളായ പല വൃക്ഷങ്ങളും ദേവകിയമ്മയുടെ തപോവനത്തിലുണ്ട്.

 

മുതുകുളത്തെ കൊല്ലകൽ തറവാട്ടിൽ പണ്ട് ഇരുന്നൂറുപറ നിലം ഉണ്ടായിരുന്നു. അന്ന് വൈക്കോൽ ഉണക്കാൻ ഉപയോഗിച്ചിരുന്ന പറമ്പാണ് ദേവകിയമ്മ വനമാക്കി മാറ്റിയത്. 1980ൽ കാർ അപകടത്തെ തുടർന്ന് വലതുകാലിന്റെ ശേഷി നഷ്ടപ്പെട്ട ദേവകിയമ്മ വീടിനും പരിസരത്തുമായി ഒതുങ്ങിയ അവസരത്തിലാണ് വൃക്ഷത്തെകളും ഔഷധച്ചെടികളും നട്ടുപിടിപ്പിക്കാനും പരിപാലിക്കാനും തുടങ്ങിയത്. 

 

കായൽത്തീരത്തെ ചൊരി മണലിൽ വനം തീർത്തപ്പോൾ ദേവകിയമ്മയെത്തേടി നിരവധി പുരസ്‌ക്കാരങ്ങളുമെത്തി. കേന്ദ്ര സർക്കാരിന്റെ വൃക്ഷമിത്ര, സംസ്ഥാനസർക്കാരിന്റെ വനമിത്ര, ഹരിതവ്യക്തി അവാർഡ്, പ്രകൃതിമിത്ര അവാർഡ്, ഭൂമിമിത്ര അവാർഡ് എന്നീ പുരസ്‌ക്കാരങ്ങൾ ദേവകിയമ്മയ്ക്ക് ലഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രകൃതി സൗഹൃദമാക്കുന്നതിനും കൂടുതൽപേരെ വോട്ട് ചെയ്യുന്നതിന് പ്രേരിപ്പിക്കുന്നതിനും ദേവകിയമ്മയെപ്പോലുള്ളവർക്ക് കഴിയുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

 

date