Skip to main content

1429 പദ്ധതി ഭേദഗതികള്‍ക്ക്  ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം

380 സ്പില്‍ ഓവര്‍ പദ്ധതികള്‍ക്കുള്‍പ്പെടെ 1429 വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി.  34 തദ്ദേശ സ്ഥാപനങ്ങളാണ് പരിഷ്‌കരിച്ച വാര്‍ഷിക പദ്ധതികള്‍ ഡി പി സിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരുന്നത്. ഇതില്‍ പത്ത് തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുകയും ബാക്കി 24 പരിശോധനയ്ക്ക് ശേഷം അംഗീകാരം നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തു. 38 തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്ക് നേരത്തെ അംഗീകാരം നല്‍കിയിരുന്നു. സമിതി ചെയര്‍മാനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് യോഗത്തില്‍ അധ്യക്ഷനായി.
വനിതാ ഘടക പദ്ധതിയില്‍ വ്യക്തിഗത പദ്ധതികള്‍ പാടില്ലെന്ന് ആസൂത്രണ സമിതി യോഗം നിര്‍ദ്ദേശിച്ചു. വനിതകളുടെ വികസനത്തിനും ശാക്തീകരണത്തിനുമാണ് വനിതാ ഘടക പദ്ധതികള്‍ നടപ്പാക്കുന്നതെന്നും യോഗം അറിയിച്ചു. ശുചിത്വ മികവ് പരിപാടിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സാക്ഷ്യപത്രവും ചടങ്ങില്‍ വിതരണം ചെയ്തു. ആന്തൂര്‍, തളിപ്പറമ്പ്, മട്ടന്നൂര്‍ എന്നീ നഗരസഭകള്‍ക്കും പാപ്പിനിശ്ശേരി, കുറുമാത്തൂര്‍, കോളയാട്, പരിയാരം, ചെങ്ങളായി എന്നീ പഞ്ചായത്തുകള്‍ക്കുമാണ് സാക്ഷ്യപത്രങ്ങള്‍ നല്‍കിയത്.
യോഗത്തില്‍ കോര്‍പ്പറേഷന്‍ മേയര്‍ ഇ പി ലത, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ, ആസൂത്രണ സമിതി അംഗങ്ങളായ കെ പി ജയപാലന്‍ മാസ്റ്റര്‍, അജിത് മാട്ടൂല്‍, കെ ശോഭ, സുമിത്ര ഭാസ്‌കരന്‍, ടിടി റംല,  പി ഗൗരി, പികെ ശ്യാമള ടീച്ചര്‍, എം സുകുമാരന്‍, തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പി എന്‍ സി/2063/2019

 

date