Skip to main content

ജില്ലയില്‍ വിതരണം ചെയ്തത് 7987 കിറ്റുകള്‍

    പ്രളയപുനരധിവാസവുമായി ബന്ധപ്പെട്ട് ജില്ലയില്‍ വിതരണം ചെയ്തത് എണ്ണായിരത്തോളം ഭക്ഷണ കിറ്റുകള്‍. പ്രളയബാധിതരെ സഹായിക്കുന്നതിനായി കലക്ടറേറ്റില്‍ ആരംഭിച്ച കലക്ഷന്‍ സെന്ററില്‍ നിന്ന് വിവിധ താലൂക്കുകളിലേക്കായി ആഗസ്ത് 12 മുതല്‍ 17 വരെ 7987 കിറ്റുകളാണ് വിതരണം ചെയ്തത്. തളിപ്പറമ്പ് താലൂക്കിലെ ദുരിതബാധിതര്‍ക്കായി 2725 കിറ്റുകളും, ഇരിട്ടി താലൂക്കിലേക്ക് 1829 കിറ്റുകളും, തലശ്ശേരി താലൂക്കില്‍ 1650 കിറ്റുകളും, കണ്ണൂര്‍ താലൂക്കില്‍ 1153 കിറ്റുകളും, പയ്യന്നൂര്‍ താലൂക്കില്‍ 630 കിറ്റുകളുമാണ് വിതരണം ചെയ്തത്.  ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞവര്‍ക്കും വെള്ളപ്പൊക്കം കാരണം ബന്ധുവീടുകളിലേക്കുള്‍പ്പെടെ മാറിതാമസിച്ചര്‍ക്കുമായാണ് കിറ്റുകള്‍ തയ്യാറാക്കി നല്‍കിയത്.  ജില്ലയില്‍ 4911 കുടുംബങ്ങള്‍ വിവിധ ക്യാമ്പുകളിലായി കഴിഞ്ഞിട്ടുണ്ട്.
    കൂടുതല്‍ കിറ്റുകള്‍ നല്‍കിയത് സഹകരണ വകുപ്പാണ്. 2324 കിറ്റുകള്‍ സഹകരണ വകുപ്പ് സമാഹരിച്ച് നല്‍കി. ആര്‍ ടി ഒ കണ്ണൂര്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, എക്സൈസ് വകുപ്പ് എന്നിവര്‍ 250 വീതവും, ഇ പി എഫ് എംപ്ലോയീസ് പയ്യന്നൂര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി 160, ഡിഇഒ തലശ്ശേരി 155, റോട്ടറി ക്ലബ്ബ് കണ്ണൂര്‍ 101, മൗവ്വഞ്ചേരി കോ- ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക്, കണ്ണൂര്‍ സപ്ലൈകോ ജീവനക്കാര്‍, എച്ച് പി ഗ്യാസ് അസോസിയേഷന്‍, ലീഡ് ബാങ്ക് മാനേജര്‍, കെ ജി ഒ എ കണ്ണൂര്‍ ജില്ലാ കമ്മിറ്റി, അഞ്ചരക്കണ്ടി ഫാര്‍മേഴ്സ് സര്‍വ്വീസ് കോ- ഓപ്പറേറ്റീവ് ബാങ്ക് എന്നിവര്‍ 100 വീതം കിറ്റുകളും നല്‍കി. ഇതിന് പുറമെ സര്‍ക്കാര്‍ ഓഫീസുകള്‍, സംഘടനകള്‍, കമ്പനികള്‍, വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ക്ലബ്ബുകള്‍, മറ്റ് കൂട്ടായ്മകള്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ വിഭവസമാഹരണത്തില്‍ പങ്കാളികളായി. അരി, പഞ്ചസാര, ചായപ്പൊടി, മുളക് പൊടി, ഉപ്പ്, വെളിച്ചെണ്ണ, ബിസ്‌ക്കറ്റ്, സവാള, തുവരപ്പരിപ്പ്, മഞ്ഞള്‍പ്പൊടി എന്നിവ ഉള്‍പ്പെടുന്നതാണ് കിറ്റുകള്‍.  ഭക്ഷണ കിറ്റുകള്‍ക്ക് പുറമെ വസ്ത്രങ്ങള്‍, സാനിറ്ററി നാപ്കിന്‍, സോപ്പ്, ബക്കറ്റ്, മെഴുക് തിരി, പായ, ശുചീകരണ സാമഗ്രികള്‍ തുടങ്ങിയവയും പ്രളയ ബാധിതര്‍ക്ക് വിതരണം ചെയ്യുന്നതിനായി കലക്ഷന്‍ സെന്ററില്‍ എത്തിയിരുന്നു.
പി എന്‍ സി/2937/2019

date