Skip to main content

അനുവദനീയമല്ലാത്ത സമയങ്ങളില്‍ ടിപ്പര്‍ ലോറികളെ നിയന്ത്രിക്കണം: 

കോഴഞ്ചേരി താലൂക്ക് വികസന സമിതി അനുവദനീയമല്ലാത്ത സമയങ്ങളില്‍ ടിപ്പര്‍ ലോറികളെ നിയന്ത്രിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. സ്‌കൂള്‍ സമയങ്ങളില്‍ നിയന്ത്രണം ലംഘിച്ച് അമിതവേഗതയില്‍ പായുന്ന ടിപ്പര്‍ ലോറികള്‍ നിരവധി അപകടങ്ങളാണ് വരുത്തുന്നതെന്ന് യോഗത്തില്‍ പരാതി ഉയര്‍ന്നു.

ശബരിമല തീര്‍ഥാടന കാലം കൂടി ആരംഭിക്കുന്നതോടെ സ്ഥിതി കൂടുതല്‍ മോശമാകുമെന്നതിനാല്‍ ഇക്കാര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന് അടിയന്തിര നടപടികള്‍ ഉണ്ടാകണമെന്നും സമിതി ആവശ്യപ്പെട്ടു. ഇലന്തൂര്‍ ജംഗ്ഷനില്‍ തീര്‍ഥാടന കാലത്ത് തിരക്ക് നിയന്ത്രിക്കുന്നതിന് ഹോം ഗാര്‍ഡിനെ നിയമിക്കണമെന്ന് ഇലന്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സാംസണ്‍ തെക്കേതില്‍ ആവശ്യപ്പെട്ടു.

പത്തനംതിട്ടയില്‍ നിന്നും ഇലവുംതിട്ട വഴി ചെങ്ങന്നൂരിനുള്ള കെഎസ്ആര്‍ടിസി സര്‍വീസ് മുടങ്ങുന്നത് ഉദ്യോഗസ്ഥര്‍ക്കും സ്‌കൂള്‍ കുട്ടികള്‍ക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും ചെന്നീര്‍ക്കര - വള്ളിക്കോട് പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വിലയിനിക്കല്‍ കടവിലെ തുടങ്ങിവച്ച പാലം പണി ഉടന്‍ പൂര്‍ത്തിയാക്കണമെന്നും ചെന്നീര്‍ക്കര പഞ്ചായത്ത് പ്രസിഡന്റ് കല അജിത് പറഞ്ഞു. 

പത്തനംതിട്ട ടൗണില്‍ കോളജ് ജംഗ്ഷനില്‍ നിന്നും സെന്റ് സ്റ്റീഫന്‍സ് പള്ളിയുടെ മുന്നിലൂടെ റിംഗ് റോഡിലേക്ക് എത്തുന്ന റോഡിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി സ്റ്റേഡിയം ജംഗ്ഷനിലെ ഗതാഗത കുരുക്ക് ഒഴിവാക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. കുമ്പഴ - കണ്ണങ്കര ബൈപ്പാസ് നിര്‍മാണത്തിന് അച്ചന്‍കോവിലാറിന്റെ തീരത്ത് സര്‍വേ നടത്തി കല്ലുകള്‍ സ്ഥാപിക്കണമെന്നും ഇലന്തൂര്‍ വില്ലേജ് ഓഫീസിന് ചുറ്റുമതില്‍ നിര്‍മിക്കണമെന്നും ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി. സത്യന്‍ ആവശ്യപ്പെട്ടു.

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി. സത്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തഹസീല്‍ദാര്‍ ബി. ജ്യോതി, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം വത്സമ്മ മാത്യു, ജനതാദള്‍ എസ്. പ്രതിനിധി ടിറ്റി ജോണ്‍സ് തുടങ്ങിയവര്‍ പങ്കെടുത്തു. 
 

date