Skip to main content

സ്ത്രീ സുരക്ഷിതത്ത്വം  സാമൂഹിക ഉത്തരവാദിത്വം :                                               എം.സി ജോസഫൈന്‍

     സ്തീകളോടുളള പെരുമാറ്റത്തിലും സമീപനത്തിലും സമൂഹം കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണമെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി. ജോസഫൈന്‍ പറഞ്ഞു. കളക്‌ട്രേറ്റ് കോണ്‍ഫറസ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്റെ മെഗാ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. സ്തീകളെ ആക്രമിക്കുന്നതില്‍ മതമോ സമുദായമോ സാമ്പത്തികമോ നിറമോ ആയ ഘടകങ്ങളൊന്നും വേറിട്ട് നില്‍ക്കുന്നില്ല. സ്ത്രീ അവനവന്റെ സ്വകാര്യ സ്വത്താണെന്ന ധാരണയിലാണ് പുരുഷ മേധാവിത്വത്തിന്റെ പെരുമാറ്റം. ഈ ധാരണ തിരുത്തപ്പെടേണ്ടതാണ്. കന്യാസ്ത്രീയായാലും പോലീസായാലും നീതി ലഭിക്കേണ്ടത് ആവശ്യമാണ്. സ്ത്രീകള്‍ ആക്രമിക്കപ്പെടാന്‍ പാടിലെന്ന പൊതുബോധം ഉയര്‍ന്ന് വരേണ്ടത് പരിഷ്‌കൃത സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. ഇതിനായി സമൂഹം അവബോധം നേടണമെന്നും ജോസഫൈന്‍  പറഞ്ഞു.

അദാലത്തില്‍ 25 പരാതികളാണ് വനിതാ കമ്മീഷന്റെ മുന്നില്‍ എത്തിയത്. ഇതില്‍ 8 പരാതികള്‍ തീര്‍പ്പാക്കി. മൂന്നെണ്ണത്തില്‍ പോലീസ് റിപ്പോര്‍ട്ട് തേടി. 14 എണ്ണം വിവിധ കാരണങ്ങളാല്‍ മാറ്റി വെച്ചു. ലഭിച്ച പരാതികളില്‍ കൂടുതലും കുടുംബ വിഷയങ്ങളുമായി ബന്ധപ്പെട്ടായിരുന്നു. ജോലിസ്ഥലങ്ങളില്‍ നേരിട്ട ഉപദ്രവങ്ങളും പരാതികളായെത്തി. അദാലത്തില്‍ കമ്മീഷനംഗം ഷിജി ശിവജി, കമ്മീഷന്‍ ഡയറക്ടര്‍ വി.യു. കുര്യാക്കോസ് എന്നിവര്‍ പങ്കെടുത്തു.

date