Skip to main content

 പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടികളുമായി ജില്ലാഭരണകൂടം

 

കോഴിക്കോട് ബീച്ച്, ചുരം തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളെ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി ചുരം, ബീച്ച് എന്നിവിടങ്ങളിലെ വ്യാപാരികൾ അവരുടെ സ്ഥാപനത്തിന്റെ 25 മീറ്റർ ചുറ്റളവിലുള്ള സ്ഥലത്തിന്റെ പൂര്‍ണ ഉത്തരവാദിത്ത ഏറ്റെടുത്തു മാലിന്യ മുക്തമായി സംരക്ഷിക്കണമെന്ന് ജില്ലാ ഭരണകൂടം. ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിർദേശപ്രകാരമുള്ള മാതൃക പഞ്ചായത്തുകള്‍ക്കുള്ള  ജില്ലാതല മോണിറ്ററിങ് കമ്മിറ്റി യോഗത്തിലാണ് ഈ നിർദേശം. ചുരം, ബീച്ച് എന്നിവിടങ്ങളിൽ മാലിന്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 25 മീറ്റര്‍ ചുറ്റളവിലുള്ള വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്പോട്ട് ഫൈന്‍ ഈടാക്കും. 
വലിയ തോതില്‍ മാലിന്യ നിക്ഷേപം നടത്തിയാല്‍ polluter Pay principle പ്രകാരം സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഇവരിൽനിന്ന് നഷ്ടപരിഹാരം ഈടാക്കും. പൊതുസ്ഥലങ്ങളും ഓടകളും പുഴകളും മറ്റും മലിനപ്പെടുത്തുന്നവർക്കെതിരെ തദ്ദേശസ്ഥാപനങ്ങൾ സ്പോട്ട് ഫൈൻ ഈടാക്കുന്നതും വലിയതോതിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ മലിനീകരണ നിയന്ത്രണബോർഡ് നഷ്ടപരിഹാരം ഈടാക്കുന്നതും ആണ്‌. ഇതിനായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ജില്ലാതല സ്ക്വാഡ് രൂപീകരിച്ചതായി ജില്ലാകളക്ടർ അറിയിച്ചു. ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിർദേശപ്രകാരം ജില്ലയിലെ മാതൃക സിറ്റിയായി കോഴിക്കോട് കോർപ്പറേഷൻ, മാതൃകാ പഞ്ചായത്തുകൾ ആയി കുന്നുമ്മൽ, മേപ്പയൂര്‍, കുറ്റ്യാടി എന്നിവയുമാണ് തെരഞ്ഞെടുത്തിട്ടുള്ളത്. മറ്റ് നഗരസഭകളും പഞ്ചായത്തുകളും ആറ് മാസത്തിനകം ജല നിയമം, വായു നിയമം, പരിസ്ഥിതി സംരക്ഷണ നിയമം എന്നിവ പൂർണമായി നടപ്പാക്കണമെന്ന് മോണിറ്ററിംഗ് കമ്മിറ്റി യോഗം നിർദ്ദേശിച്ചു. 
ജില്ലാ കലക്ടർ സാംബശിവ റാവുവിന്റെ അധ്യക്ഷതയിൽ ചേർന്ന മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിൽ സമിതി നോഡൽ ഓഫീസറും  ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടറുമായ ഷാമിന്‍ സെബാസ്റ്റ്യൻ,ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി എ വി ഉണ്ണികൃഷ്ണൻ, എൻവിയോൺമെൻറ് എൻജിനീയർ ഷബ്ന കുഷേ ശേഖർ, മലിനീകരണ നിയന്ത്രണ ബോർഡ്, ശുചിത്വ മിഷൻ, പോലീസ്, ആരോഗ്യവകുപ്പ് തുടങ്ങി ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date