Skip to main content

സ്ത്രീ സുരക്ഷ: നിയമനിര്‍വഹണത്തില്‍  ജാഗ്രത വേണം- ടി.എന്‍ സീമ     

സ്ത്രീസുരക്ഷാ നിയമങ്ങളുടെ അപര്യാപ്തതയല്ല, അവ നടപ്പാക്കുന്നതിലെ ജാഗ്രതക്കുറവാണ് പ്രബുദ്ധ കേരളത്തില്‍ പോലും സ്ത്രീ പീഡനങ്ങള്‍ തുടര്‍ക്കഥയാവുന്നതിന് കാരണമെന്ന് ഹരിത കേരള മിഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ ടിഎന്‍ സീമ അഭിപ്രായപ്പെട്ടു.   ജില്ലാ പഞ്ചായത്തും ലൈബ്രറി കൗണ്‍സിലുമായി സഹകരിച്ച്  വനിതാ കമ്മീഷന്‍ സംഘടിപ്പിച്ച സ്ത്രീ സുരക്ഷാ നിയമം സാധ്യതകളും വെല്ലുവിളികളും എന്ന സെമിനാറിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവര്‍. 
    സ്ത്രീപീഡനവുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതികള്‍ അറസ്റ്റ് ചെയ്യപ്പെടുന്നത് 60 ശതമാനത്തോളം കേസുകളിലാണ്. ഇവയില്‍ പകുതിയോളം കേസുകളാണ് കോടതിയിലെത്തുന്നത്. എന്നാല്‍ നാലിലൊന്ന് കേസുകളില്‍ മാത്രമേ പ്രതികള്‍ ശിക്ഷിക്കപ്പെടുന്നുള്ളൂ എന്നത് ഗൗരവത്തോടെ കാണേണ്ടതാണ്. നിയമനിര്‍വഹണത്തില്‍ ഇച്ഛാശക്തി കാണിക്കാന്‍ ഭരണകൂടവും കോടതികളും ഉദ്യോഗസ്ഥരും തയ്യാറാവണം. അതോടൊപ്പം നിയമങ്ങള്‍ നടപ്പാക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനുള്ള സമ്മര്‍ദ്ദശക്തിയായി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സമൂഹം മാറണമെന്നും അവര്‍ പറഞ്ഞു.  
    ശക്തമായ നിയമങ്ങളുണ്ടായിട്ടും ശൈശവ വിവാഹം, സ്ത്രീധനവും അതിനെ തുടര്‍ന്നുള്ള പീഡനവും കൊലപാതകവുമെല്ലാം നിര്‍ബാധം തുടരുന്നത് സമൂഹത്തില്‍ നിന്നുള്ള പ്രതിരോധം ശക്തിപ്പെടാത്തതിനാലാണ്. പീഡനങ്ങളും അതിക്രമങ്ങളും ഉണ്ടായ ശേഷം അതേക്കുറിച്ചു വിലപിക്കുന്നതിനു പകരം അവ സംഭവിക്കില്ലെന്ന് ഉറപ്പുള്ള അന്തരീക്ഷം സൃഷ്ടിച്ചെടുക്കുകയാണ് വേണ്ടത്. ഇക്കാര്യത്തില്‍ വനിതാ കമ്മീഷന് ഒരു പാട് കാര്യങ്ങള്‍ ചെയ്യാനാവും. അതോടൊപ്പം കുടുംബശ്രീ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. 
    കണ്ണൂരിനെ സ്ത്രീ സൗഹൃദ ജില്ലയാക്കി മാറ്റുന്നതിനുള്ള സമഗ്ര പദ്ധതി ആവിഷ്‌ക്കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതായി സംസ്ഥാന വനിതാകമ്മീഷന്‍ അംഗം ഇ.എം രാധ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങള്‍, കുടുംബശ്രീ തുടങ്ങിയ വിവിധ വകുപ്പുകളുമായും സര്‍ക്കാരിതര സംഘടനകളുമായും സഹകരിച്ചാണ് ഇത് നടപ്പിലാക്കുകയെന്നും അവര്‍ അറിയിച്ചു. 
    ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന ചടങ്ങില്‍ മേയര്‍ ഇ.പി ലത അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, വൈസ് പ്രസിഡന്റ് പി.പി ദിവ്യ, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ടി.ടി റംല, കെ ശോഭ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ പത്മനാഭന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ ബൈജു, എം.വി സരള, സുമബാലകൃഷ്ണന്‍, റോഷ്‌നി ഖാലിദ്, കെ.എ സരള, കെ ജമിനി, സി സീനത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
    സൈബര്‍ ലോകത്തിലെ കെണികള്‍- ഡോ സുനില്‍ (അസി. ഡയരക്ടര്‍, ഫോറന്‍സിക്  സയന്‍സ് ലാബ് തിരുവനന്തപുരം), സ്ത്രീ സുരക്ഷാ നിയമം സാധ്യതകളും വെല്ലുവിളികളും- സബ്ബ് ജഡ്ജ് സി സുരേഷ് കുമാര്‍ (സെക്രട്ടറി ലീഗല്‍ സര്‍വ്വീസ് അതോറിറ്റി), സ്ത്രീയും സമൂഹവും- എന്‍ സുകന്യ എന്നിവര്‍ വിഷയാവതരണം നടത്തി. 
പി.എന്‍.സി/389/2018

date