Skip to main content

കുടുംബാരോഗ്യ കേന്ദ്രങ്ങളാകുന്ന ആശുപത്രികളില്‍ 830 പുതിയ  തസ്തികകള്‍ സൃഷ്ടിച്ചു: മന്ത്രി കെ. കെ. ശൈലജ

 

കുടുംബാരോഗ്യ കേന്ദ്രങ്ങളാകുന്ന 170 ആശുപത്രികളിലായി 830 പുതിയ തസ്തികകള്‍ സൃഷ്ടിച്ചതായി ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ആശുപത്രികള്‍ക്കുള്ള കായകല്‍പ് അവാര്‍ഡ് വിതരണ ചടങ്ങ് ടാഗോര്‍ തിയേറ്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. 

താലൂക്ക്, ജില്ലാ ആശുപത്രികളുടെ നിലവാരം ഉയര്‍ത്തുമ്പോള്‍ കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കേണ്ടി വരും. 60 ആശുപത്രികള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞു. ബാക്കിയുള്ളവ മാര്‍ച്ച് മാസത്തോടെ മാറും. അക്രഡിറ്റേഷന്‍ ലഭിച്ച ആശുപത്രികള്‍ നിലവാരം കാത്തുസൂക്ഷിക്കുന്നതില്‍ ശ്രദ്ധിക്കണം. സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിനുള്ള നടപടി സര്‍ക്കാര്‍ നടത്തുന്നുണ്ട്. സര്‍ക്കാരിന്റെ മിഷനുകളില്‍പെട്ട ആര്‍ദ്രം പദ്ധതി ഹൃദയത്തില്‍ ഏറ്റുവാങ്ങാന്‍ തദ്ദേശസ്ഥാപനങ്ങളും ജനങ്ങളും തയ്യാറായതായി മന്ത്രി പറഞ്ഞു. വിവിധ ആശുപത്രികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ മന്ത്രി വിതരണം ചെയ്തു. 

സംസ്ഥാനത്ത് ആരോഗ്യ ജാഗ്രതാ പദ്ധതി കാര്യക്ഷമമായി നടക്കുകയാണെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായ വനം മന്ത്രി കെ. രാജു പറഞ്ഞു. വിദ്യാഭ്യാസ, ആരോഗ്യ മേഖലകള്‍ക്ക് സര്‍ക്കാര്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നുണ്ട്. ഇരു മേഖലകളിലും തദ്ദേശസ്ഥാപനങ്ങളുടെ പങ്ക് വലുതാണെന്നും മന്ത്രി പറഞ്ഞു. വി. എസ്. ശിവകുമാര്‍ എം. എല്‍. എ അധ്യക്ഷത വഹിച്ചു. പ്ലാനിംഗ് ബോര്‍ഡ് അംഗം ഡോ. ബി. ഇക്ബാല്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. സരിത ആര്‍. എല്‍, എന്‍. എച്ച്. എം സ്‌റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, സംസ്ഥാന പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ഉഷാകുമാരി എന്നിവര്‍ സംസാരിച്ചു. 

പി.എന്‍.എക്‌സ്.654/18

date