Skip to main content

ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് ബുധനാഴ്ച

    ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് എല്ലാ ബുധനാഴ്ചയും എല്ലാ ലൈസന്‍സികള്‍ക്കും വിതരണം  ചെയ്യുന്നതാണെന്ന് ഫുഡ് സേഫ്റ്റി കമ്മീഷണര്‍ അറിയിച്ചു.   ലൈസന്‍സി തന്നെ വന്ന് ലൈസന്‍സ് വാങ്ങേണ്ടതാണ്.  ഏജന്റ്/മറ്റു വ്യക്തികള്‍ക്ക് നല്‍കുന്നതല്ല.

കെട്ടിട നികുതി ക്യാമ്പ് 22 മുതല്‍

    കീഴല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 2018-19 വര്‍ഷത്തെ കെട്ടിട നികുതി ഒടുക്കുവാന്‍ ബാക്കിയുള്ള മുഴുവന്‍ നികുതിദായകരും സെപ്റ്റംബര്‍ 22 മുതല്‍ നടക്കുന്ന ക്യാമ്പുകളില്‍ നികുതി ഒടുക്കി രസീതി കൈപ്പറ്റേണ്ടതാണ്.  ലൈസന്‍സ്, തൊഴില്‍ നികുതി, വാടക എന്നിവ ഒടുക്കാന്‍ ബാക്കിയുള്ളവര്‍ പഞ്ചായത്ത് ഓഫീസില്‍ ഒടുക്കി രസീതി കൈപ്പറ്റേണ്ടതാണെന്നും സെക്രട്ടറി അറിയിച്ചു.

വൈദ്യുതി മുടങ്ങും

    ഇരിക്കൂര്‍ ഇലക്ട്രിക്കല്‍  സെക്ഷന്‍ പരിധിയിലെ ഫാറൂഖ് നഗര്‍, കുട്ടാവ്, കുളിഞ്ഞ, ഹൈടെക് ഗ്ലാസ്, ചൂളിയാട്, മിനി ഇന്‍ഡസ്ട്രി, ബ്ലാത്തൂര്‍, ബ്ലാത്തൂര്‍ വയല്‍, ചോരക്കി, ബ്ലാത്തൂര്‍ ഐഡിയ, പൂക്കാട് ഭാഗങ്ങളില്‍ ഇന്ന്(സെപ്റ്റംബര്‍ 20) രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
    കാടാച്ചിറ ഇലക്ട്രിക്കല്‍  സെക്ഷന്‍ പരിധിയിലെ പോളി റോപ്‌സ്, ക്രഷര്‍, വോഡഫോണ്‍, മാളികപറമ്പ്, കുണ്ടത്തില്‍മൂല, മൈദകമ്പനി, എക്‌സ് എന്‍ റബര്‍, കൊശോര്‍ മൂല ഭാഗങ്ങളില്‍ ഇന്ന്(സെപ്റ്റംബര്‍ 20) രാവിലെ ഏഴര മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

വിദ്യാര്‍ഥികള്‍ക്ക് മത്സരങ്ങള്‍

    കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ നടക്കുന്ന കണ്ണൂര്‍ ഫെസ്റ്റില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സര പരിപാടികള്‍ സംഘടിപ്പിക്കുന്നു.  സെപ്റ്റംബര്‍ 21 ന് രാവിലെ 11 മണിക്ക് മലയാളം പ്രസംഗ മത്സരം, ഉച്ചക്ക് രണ്ട് മണിക്ക് ഇംഗ്ലീഷ് പ്രസംഗം, 22 ന് രാവിലെ 11 മണിക്ക് മലയാളം ഉപന്യാസ രചന, ഉച്ചക്ക് രണ്ട് മണിക്ക് ഇംഗ്ലീഷ് ഉപന്യാസം, 23 ന് രാവിലെ 11 മണിക്ക് പെയിന്റിംഗ് മത്സരം, ഉച്ച രണ്ട് മണി പെന്‍സില്‍ ഡ്രോയിങ് എന്നിവ നടത്തും.

വ്യവസായ സംരംഭകത്വ പരിശീലനം

    കേന്ദ്രശാസ്ത്ര സാങ്കേതിക വകുപ്പും പൊതുമേഖല കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കിറ്റ്കോയും ചേര്‍ന്ന് അഹമ്മദാബാദിലെ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ നാല് ആഴ്ചത്തെ സൗജന്യ വ്യവസായ സംരംഭകത്വവികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഒക്ടോബറില്‍ കണ്ണൂര്‍ ക്യാപ്പിറ്റോള്‍ മാളിന് സമീപമുള്ള കേരള സ്മോള്‍ സ്‌കെയില്‍ ഇന്റസ്ട്രീസ് അസോസിയേഷന്‍ വ്യവസായ ഭവന്‍ ഹാളിലാണ് പരിശീലനം. സ്വന്തമായി സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന സയന്‍സിലോ എഞ്ചിനീയറിംഗിലോ ബിരുദമോ ഡിപ്ലോമയോയുള്ള 22 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

ദത്തെടുക്കല്‍ നടത്തിയവരുടെ കുടുംബസംഗമം

     ദത്തെടുക്കല്‍ നടത്തിയ മാതാപിതാക്കളുടേയും കുട്ടികളുടേയും കുടുംബസംഗമം സെപ്റ്റംബര്‍ 20 ന് രാവിലെ  10 മണിമുതല്‍ പട്ടുവം സ്‌നേഹനികേതന്‍ ഫൗണ്ടലിംഗ് ഹോമില്‍ നടത്തും.  സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് സംയോജിത ശിശു സംരക്ഷണ പദ്ധതി പ്രകാരം കേരളത്തിലെ ദത്തെടുക്കപ്പെട്ട കുട്ടികളുടെ അവസ്ഥയെകുറിച്ചുള്ള പഠനം നടത്തുന്നതിന്റെ ഭാഗമായാണിത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  കെ.വി സുമേഷ് സംഗമം ഉദ്ഘാടനം ചെയ്യും. പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനക്കീല്‍ ചന്ദ്രന്‍ അധ്യക്ഷത വഹിക്കും.

നിയമസഭാ സമിതി സിറ്റിംഗ് 27 ന്

    കേരള നിയമസഭയുടെ മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച സമിതി സെപ്റ്റംബര്‍ 27 ന് രാവിലെ 10.30 ന് കണ്ണൂര്‍ ജില്ലാ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ തെളിവെടുപ്പ് നടത്തും. മുതിര്‍ന്ന പൗരന്മാരില്‍ നിന്നും അവരുടെ സംഘടനാ പ്രതിനിധികളില്‍ നിന്നും പരാതികളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കും. ജില്ലയില്‍ നിന്ന് ലഭിച്ച ഹര്‍ജികളില്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് തെളിവെടുക്കുന്ന സമിതി സര്‍ക്കാര്‍ വൃദ്ധസദനം സന്ദര്‍ശിക്കുകയും ചെയ്യും. .

ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു

    പിണറായി സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ എച്ച് എം സിയുടെ കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. സെപ്റ്റംബര്‍ 24 ന് രാവിലെ 11 ന് പിണറായി എച്ച് എം സിയില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവിന് നിശ്ചിത യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാവേണ്ടതാണ്.

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷനും കല്യാണിലെ ജീവനക്കാരും

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി നവകേരള പുനര്‍ നിര്‍മ്മാണത്തില്‍ പങ്കാളികളായി ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷനും കല്യാണ്‍ സില്‍ക്സിലെ ജീവനക്കാരും. കലക്ടറേറ്റിലെത്തിയ ഭാരവാഹികളില്‍ നിന്നും ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി തുക ഏറ്റുവാങ്ങി. ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ നാല് ലക്ഷം രൂപയും കല്യാണ്‍ സില്‍ക്സ് കണ്ണൂര്‍ ബ്രാഞ്ചിലെ ജീവനക്കാര്‍ 62000 രൂപയുമാണ് നല്‍കിയത്. സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ലഭിച്ച തുകയോടൊപ്പം ജില്ലയിലെ 1200 അംഗങ്ങളില്‍ നിന്ന് പിരിച്ചെടുത്ത 340200 രൂപയും ചേര്‍ത്താണ് ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ സംഭാവന നല്‍കിയത്.

കൃഷിനാശത്തിന് ഹോര്‍ട്ടിക്കള്‍ച്ചര്‍ ധനസഹായം 

    പ്രളയക്കെടുതിയെത്തുടര്‍ന്ന് സംസ്ഥാനത്ത് കൃഷി നാശം നേരിട്ട കര്‍ഷകര്‍ക്ക് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ധനസഹായം നല്‍കുന്നു. 1500 ഹെക്ടറില്‍ വാഴ, 50 ഹെക്ടറില്‍ ടിഷ്യുക്കള്‍ച്ചര്‍ വാഴ, 250 ഹെക്ടറില്‍ ഹൈബ്രിഡ് പച്ചക്കറി, 10 വീതം ഹെക്ടര്‍ സ്ഥലത്ത് പ്ലാവ്, മാവ്, 150 ഹെക്ടറില്‍ ഇഞ്ചിയും മഞ്ഞളും,  50 വീതം ഹെക്ടറില്‍ കശുമാവ് കൊക്കൊ കൃഷി, 20 ഹെക്ടറില്‍ ജാതിക്ക, 5 ഹെക്ടറില്‍ വെറ്റില എന്നിവയ്ക്കാണ് ധനസഹായം.
    ഗുണമേന്മയുള്ള തൈകള്‍ കൃഷി ഫാമുകളില്‍ നിന്നോ മറ്റ് ഏജന്‍സികളില്‍ നിന്നോ വാങ്ങി കൃഷി ചെയ്തവര്‍ ബില്ലുകളും സ്ഥലത്തിന്റെ നികുതി രശീതുമായി കൃഷി ഭവനില്‍ അപേക്ഷ നല്‍കേണ്ടതാണ്.

Subscribe to