Skip to main content

ഭരണരംഗത്ത് ഭാഷാമാറ്റ പുരോഗതി ഉറപ്പാക്കും: ചീഫ് സെക്രട്ടറി

    ഭരണരംഗത്ത് ഭാഷാമാറ്റ പുരോഗതി ഉറപ്പാക്കാന്‍ ജീവനക്കാര്‍ക്ക് ഐഎംജി മുഖേന ഭരണഭാഷാ പരിശീലനം ഉറപ്പാക്കുമെന്ന് ചീഫ് സെക്രട്ടറി പോള്‍ ആന്റണി അറിയിച്ചു. വിവിധ വകുപ്പുകളിലെ ഭാഷാമാറ്റ പുരോഗതി അവലോകനം ചെയ്യുന്നതിന് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ഹാളില്‍ വിളിച്ചുചേര്‍ത്ത സംസ്ഥാനതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
    ഫയലുകള്‍ സംസാര ഭാഷയിലാക്കാനും അറിയിപ്പുകളും ഉത്തരവുകളും പൂര്‍ണമായും മലയാളത്തിലാക്കാനും ബന്ധപ്പെട്ട ഓഫീസ് മേധാവികള്‍ ശ്രദ്ധിക്കണം. പദപരിചയത്തിനും പരിഭാഷയ്ക്കും ഭരണമലയാളം എന്ന ഓണ്‍ലൈന്‍ നിഘണ്ടു ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഭാഷാമാറ്റം ത്വരിതഗതിയിലാക്കാന്‍ സര്‍ക്കാര്‍ ആരംഭിച്ച മറക്കല്ലേ മലയാളം എന്ന വാട്‌സ് ആപ് ഗ്രൂപ്പിന് വേണ്ടത്ര പ്രചാരം നല്‍കണം. ജില്ലാതല ഉദ്യോഗസ്ഥരിലേക്ക് ഈ ഗ്രൂപ്പ് എത്തിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ ശ്രദ്ധിക്കണം. ഭരണരംഗത്ത് ബോധപൂര്‍വം മലയാളം ഉപയോഗിക്കാത്ത ഉദ്യോഗസ്ഥര്‍ക്ക് ശക്തമായ താക്കീത് നല്‍കണമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
    ഇ-ഫയല്‍ പോലും മലയാളത്തില്‍ അനായാസം കൈകാര്യം ചെയ്യാനുള്ള സാങ്കേതിക സൗകര്യങ്ങള്‍ ഇപ്പോഴുണ്ട്. മലയാളം ഔദ്യോഗിക ഭാഷയാക്കുക എന്ന സര്‍ക്കാര്‍ തീരുമാനം നടപ്പാക്കാന്‍ ജീവനക്കാര്‍ ഈ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഭരണഭാഷാമാറ്റം സംബന്ധിച്ച വിവിധ വകുപ്പുകളിലെ  പ്രവര്‍ത്തനങ്ങളുടെ പുരോഗതി  സമിതി അവലോകനം ചെയ്തു. അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി.വേണു, സെക്രട്ടറി ടി.ഒ. സൂരജ് തുടങ്ങിയവര്‍ സംബന്ധിച്ചു.
പി.എന്‍.എക്‌സ്.1418/18

date