Skip to main content

കൊല്ലം നഗരം സമ്പൂര്‍ണ ശുചിത്വത്തിലേക്ക്;  പ്രഖ്യാപനം പുതുവര്‍ഷത്തില്‍

അടുത്ത വര്‍ഷം (2018) ജനുവരി ഒന്നിന് സമ്പൂര്‍ണ ശുചിത്വ നഗരമായി കൊല്ലത്തെ പ്രഖ്യാപിക്കുന്നതിനുള്ള കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. മാലിന്യ സംസ്‌കരണവും ശുചിത്വ അവബോധവും ഉറപ്പാക്കുന്നതിന് താഴേതട്ടില്‍ കേന്ദ്രീകരിക്കുന്ന ജനകീയ കൂട്ടായ്മയിലൂന്നിയ പ്രവര്‍ത്തനമാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു.  സി. കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ ചേര്‍ന്ന ശുചിത്വ കൊല്ലം സംഘാടക സമിതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഡിസംബര്‍ 10 മുതല്‍ 31 വരെ നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനത്തിലൂടെ പദ്ധതി പൂര്‍ണമായും പ്രായോഗികതലത്തിലെത്തും.

കോര്‍പ്പറേഷനിലെ ഓരോ ഡിവിഷനുകളിലേയും 25 വീടുകള്‍ എന്ന നിലയില്‍ കുടുംബശ്രീക്ക് പ്ലാസ്റ്റിക്ക് അടക്കമുള്ള അജൈവ മാലിന്യ ശേഖരണത്തിന്റെ ഉത്തരവാദിത്വം നല്‍കും. ഡിസംബര്‍ 10 ന് പ്ലാസ്റ്റിക്ക് ശേഖരണം തുടങ്ങും. പ്ലാസ്റ്റിക് കവറുകള്‍ വീടുകളില്‍ കഴുകിയുണക്കി സൂക്ഷിക്കണം. വാരാന്ത്യങ്ങളില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ പ്ലാസ്റ്റിക്ക് കവറുകള്‍ വീടുകളിലെത്തി ശേഖരിക്കും. ഇവ കോര്‍പ്പറേഷന്‍ സ്ഥാപിക്കുന്ന ഷെഡ്രിംഗ് യൂണിറ്റുകളിലെത്തിച്ച് സംസ്‌കരിക്കും. മറ്റ് പ്ലാസ്റ്റിക് മാലിന്യങ്ങളും ഇലക്‌ട്രോണിക് മാലിന്യങ്ങളും ശേഖരിക്കുന്നതിനും സംവിധാനം വരും. 
നഗരത്തിലെ പ്രധാന ഭാഗങ്ങളില്‍ ആകര്‍ഷണീയ മാതൃകയില്‍ എറോബിക് ബിന്നുകള്‍ സ്ഥാപിക്കുന്ന നടപടി തുടരും. ഈ ബിന്നുകളില്‍ ജൈവമാലിന്യം പൊതുജനങ്ങള്‍ക്ക് നിക്ഷേപിക്കാം. വഴിയരുകിലും മറ്റും മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതിനുള്ള തീരുമാനവും കൈക്കൊണ്ടിട്ടുണ്ട്. പ്രധാന റോഡുകളുടെ ശുചിത്വം ഉറപ്പാക്കുന്നതിന്റെ ചുമതല വ്യാപാരി വ്യവസായികള്‍ക്കും ഇടറോഡുകളിലേത് റസിഡന്റ്‌സ് അസോസിയേഷനുകള്‍ക്കും നല്‍കും.

 
ശുചിത്വ അവബോധം വളര്‍ത്തുന്നതിനുള്ള ജനകീയ കാമ്പയിന്‍ ഡിസംബര്‍ 10 വരെ തുടരും. അന്നേ ദിവസം വാദ്യ കലാകാര•ാരായ ശിവമണി, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് സ്റ്റീഫന്‍ ദേവസി തുടങ്ങിയവരുടെ കലാപ്രകടനങ്ങളോടെയാണ് ശുചിത്വ കൊല്ലം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുക. കലാ പരിപാടിയുടെ പോസ്റ്ററും നഗരത്തിന്റെ ശുചിത്വ ഭൂപടവും മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പ്രകാശനം ചെയ്തു.

    ശുചിത്വ കൊല്ലത്തിന്റെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. മേയര്‍ അഡ്വ വി. രാജേന്ദ്രബാബു ചെയര്‍മാനും ജില്ലാ കലക്ടര്‍ ഡോ എസ്. കാര്‍ത്തികേയന്‍ ജനറല്‍ കണ്‍വീനറുമായി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. സിറ്റി പോലീസ് കമ്മീഷണര്‍ അജിതാ ബേഗം കണ്‍വീനറും വകുപ്പ് മേധാവികള്‍ കോ-കണ്‍വീനര്‍മാരുമാണ്. ജില്ലയിലെ മന്ത്രിമാര്‍, എം.പി മാര്‍, എം.എല്‍.എ മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവര്‍ രക്ഷാധികാരികളാകും.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ അധ്യക്ഷയായി. മേയര്‍ അഡ്വ. വി. രാജേന്ദ്ര ബാബു, എം. നൗഷാദ് എം.എല്‍.എ, ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍, സിറ്റി പോലീസ് കമ്മീഷണര്‍ അജിതാ ബേഗം, ഡെപ്യൂട്ടി മേയര്‍ വിജയാ ഫ്രാന്‍സിസ്, കോര്‍പ്പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരായ എസ്. ജയന്‍, ഗീതാകുമാരി, ചിന്താ എല്‍ സജിത്ത്, കൗണ്‍സിലര്‍മാരായ എ.കെ. ഹഫീസ്, അഡ്വ. ഷീബാ ആന്റണി കോര്‍പ്പറേഷന്‍ സെക്രട്ടറി വി. ആര്‍. രാജു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. പ്രസാദ്, ടൈറ്റസ് എസ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

(പി.ആര്‍.കെ.നമ്പര്‍  2591/17)

date