Skip to main content

സൗജന്യ യൂണിഫോം വിതരണം ഈ മാസം പൂര്‍ത്തിയാകും, നാലര ലക്ഷം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടു ജോഡി യൂണിഫോം

സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ഒന്നു മുതല്‍ ഏഴു വരെ ക്‌ളാസുകളിലെ നാലരലക്ഷം വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ യൂണിഫോം വിതരണം ഈ മാസം പൂര്‍ത്തിയാകും. വിവിധ നിറങ്ങളിലെ 23 ലക്ഷം മീറ്റര്‍ തുണിയാണ് ഹാന്റക്‌സും ഹാന്‍വീവും ഇതിനായി തയ്യാറാക്കിയത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളില്‍ ഹാന്റക്‌സും മറ്റു ജില്ലകളില്‍ ഹാന്‍വീവുമാണ് യൂണിഫോം തയ്യാറാക്കി വിതരണം ചെയ്യുന്നത്. രണ്ടു ജോഡി യൂണിഫോമാണ് ഒരു വിദ്യാര്‍ത്ഥിക്ക് നല്‍കുന്നത്.
    യൂണിഫോം വിതരണ പ്രവര്‍ത്തനം നടക്കുന്ന തിരുവനന്തപുരം ഊറ്റുകുഴിയിലെ ഹാന്റക്‌സ് ഗോഡൗണ്‍ വ്യവസായ മന്ത്രി എ. സി. മൊയ്തീന്‍ സന്ദര്‍ശിച്ചു. അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനമാണ് തൊഴിലാളികളും ജീവനക്കാരും നടത്തിയതെന്ന് മന്ത്രി പറഞ്ഞു. ഗുണമേന്‍മയുള്ള തുണിയാണ് യൂണിഫോമിനായി തയ്യാറാക്കിയിരിക്കുന്നത്. യൂണിഫോം തയ്യാറാക്കിയതിലൂടെ ഈ മേഖലയില്‍ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ ലഭിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളാണ് നൂല്‍ ലഭ്യമാക്കിയത്. നാലായിരത്തിലധികം തൊഴിലാളികള്‍ക്ക് നേരിട്ട് തൊഴില്‍ ലഭിച്ചു. ആയിരം തറികള്‍ പുതിയതായി സ്ഥാപിച്ചു. നേരത്തെ പ്രതിദിനം 200 രൂപ ലഭിച്ചിരുന്ന തൊഴിലാളിക്ക് ഇപ്പോള്‍ 400 മുതല്‍ 600 രൂപ വരെ ലഭിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
    കഴിഞ്ഞ വര്‍ഷം ഒന്‍പതരലക്ഷം മീറ്റര്‍ യൂണിഫോം തുണിയാണ് വിതരണം ചെയ്തത്. മൂന്നു മാസം കൊണ്ടായിരുന്നു അന്ന് തുണി നെയ്‌തെടുത്തത്. ഈ വര്‍ഷം നേരത്തെ തന്നെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഹാന്റക്‌സിന്റെ വാഹനത്തില്‍ തന്നെയാണ് പരമാവധി സ്ഥലങ്ങളില്‍ യൂണിഫോം എത്തിക്കുന്നത്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലെ 3555 സ്‌കൂളുകളിലാണ് ഹാന്റക്‌സ് യൂണിഫോം എത്തിക്കുന്നത്. 11 ലക്ഷം മീറ്റര്‍ തുണിയാണ് ഇതിനായി തയ്യാറാക്കിയത്.
പി.എന്‍.എക്‌സ്.1496/18

date