Skip to main content
ഭിന്നശേഷിക്കാര്‍ക്കായുള്ളദുരന്തനിവാരണ പരിശീലന പരിപാടിയില്‍എംജി യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഡിസെബിളിറ്റി സ്റ്റഡീസ് ഡയറക്ടര്‍ പി.ടി ബാബുരാജ്സംസാരിക്കുന്നു

ദുരന്തത്തില്‍ നിന്ന് രക്ഷ ഭിന്നശേഷിക്കാര്‍ക്കുള്ള പരിശീലനം ആരംഭിച്ചു

 

 

 

തൊടുപുഴ:പ്രകൃതിദുരന്തമുണ്ടായാല്‍ പരസഹായം പ്രതീക്ഷിച്ചു നില്‍ക്കാതെ സ്വയംരക്ഷ നേടാന്‍ ഭിന്നശേഷിക്കാര്‍ക്ക് ബോധവല്‍ക്കരണവുമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ പരിശീലന പരിപാടി ആരംഭിച്ചു. ദുരന്തമുണ്ടായാല്‍ ഏറ്റവും കൂടുതല്‍ ആഘാതം നേരിടേണ്ടിവരുന്ന ഭിന്നശേഷിക്കാരെ അതില്‍നിന്ന് രക്ഷിക്കാനാണ് പരിശീലന പരിപാടി. കാഴ്ചവൈകല്യമുള്ളവര്‍, ശ്രവണ, സംസാര വെല്ലുവിളികള്‍ നേരിടുന്നവര്‍, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ എന്നിങ്ങനെ നാല് വിഭാഗം ഭിന്നശേഷിക്കാര്‍ക്കാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. തൊടുപുഴ പുളിമൂട്ടില്‍ ടൂറസ്റ്റ് ബംഗ്ലാവില്‍ സാമൂഹിക നീതി വകുപ്പിന്റെ സഹകരണത്തോടെയാണ് ക്ലാസുകള്‍ നടത്തുന്നത്.

പ്രഥമ ശുശ്രൂഷ, ദുരന്തങ്ങളെ അതിജീവിക്കാനുള്ള നൈപുണ്യം എന്നിവയാണ് ചര്‍ച്ചചെയ്യുന്ന പ്രധാന വിഷയങ്ങള്‍. പിന്നീട് ഇവ ഭിന്നശേഷിക്കാരെ പരിശീലിപ്പിക്കും. മാനസിക വെല്ലുവിളി നേരിടുന്നവരുടെ രക്ഷിതാക്കള്‍ക്കാണ് പരിശീലനം. ഭിന്നശേഷിക്കാരെ ഉള്‍പ്പെടുത്തിയിട്ടുള്ള ദുരന്തലഘൂകരണ പ്രവര്‍ത്തനങ്ങളാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം.

എംജി യൂണിവേഴ്‌സിറ്റിയിലെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഡിസെബിളിറ്റി സ്റ്റഡീസ് ഡയറക്ടര്‍ പി.ടി ബാബുരാജ് ക്ലാസുകള്‍ക്ക് തുടക്കം കുറിച്ചു. ജില്ലയിലെ ആകെ ജനസംഖ്യയില്‍ 26226 അംഗപരമിതരും 43 ഭിന്നലിംഗക്കാരുമാണ് ഉള്ളത്. ഏതൊരു ദുരന്തത്തിന്റെയും ആഘാതം ഏറ്റവുമധികം അനുഭവിക്കുന്നത് ഭിന്നശേഷിക്കാരാണ്. അതിനാല്‍ ഇവര്‍ക്ക് ശരിയായ പരിശീലനം നല്‍കിയെങ്കില്‍ മാത്രമേ ഈ അവസ്ഥയില്‍ നിന്ന് മോചനം നേടാനാകുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആരംഭിച്ച ഈ പദ്ധതി ഭിന്നശേഷിക്കാരുടെ ശാക്തീകരണമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ സാമൂഹിക വകുപ്പ് മേധാവി സോഫി ജേക്കബ് പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ. കെ ജയകുമാര്‍, ബേബി ജോസഫ്, എ.സി ബൈജു, അതുല്യ തുടങ്ങിയവര്‍ സംസാരിച്ചു. പരിശീലനം ശനിയാഴ്ച സമാപിക്കും.

 

date