Skip to main content
വേനല്‍കിളികള്‍-കളിക്കാം വളരാം പദ്ധതി ഇ.എസ് ബിജിമോള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

കളിക്കാം വളരാം-വേനല്‍കിളികള്‍ പദ്ധതിക്ക് ഏലപ്പാറയില്‍ തുടക്കമായി

 

 

പീരുമേട് നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസമേഖലയുടെ സമഗ്ര സംയോജന പുരോഗതി ലക്ഷ്യമിട്ടുളള അവധിക്കാല കായിക പരിശീലന പരിപാടിയായ വേനല്‍കിളികള്‍-കളിക്കാം വളരാം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ നിയോജക മണ്ഡലതല ഉദ്ഘാടനം പീരുമേട് എസ്.എം.എസ് ക്ലബ്ബില്‍ പീരുമേട് എം.എല്‍.എ ഇ.എസ്.ബിജിമോള്‍ നിര്‍വ്വഹിച്ചു. ഇ.എസ്.ബിജിമോള്‍ എം. എല്‍.എ രക്ഷാധികാരിയായുളള സ്‌പൈസസ് ( സ്മാര്‍ട്ട് പീരുമേട് ഇന്റഗ്രേറ്റഡ് ആന്റ് കോംഫ്രഹെന്‍സീവ് എഡുക്കേഷണല്‍ സൊസൈറ്റി) ന്റെ നേതൃത്വത്തില്‍ വിവിധ പഞ്ചായത്തുകള്‍, കെ.എ.പി 5 ബറ്റാലിയന്‍, ഫയര്‍ ആന്റ് റെസ്‌ക്യു, എക്‌സൈസ് വകുപ്പ്, എം.എസ്.എം ക്ലബ്ബ്,  കുമളി മാസ്റ്റര്‍ പീസ്‌ക്ലബ്ബ് തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളത്. പീരുമേട് നിയോജകമണ്ഡല പരിധിയിലുളള പത്തിനും പതിനെട്ടിനും ഇടയില്‍ പ്രായമുളള വിദ്യാര്‍ത്ഥികള്‍ക്കാണ് പരിശീലനത്തില്‍ പങ്കെടുക്കാവുന്നത്. വോളിബോള്‍, ഫുട്‌ബോള്‍, നീന്തല്‍,ഷട്ടില്‍, കാരംസ്, സൈക്ലിംഗ്, ഹോക്കി, ടേബിള്‍ ടെന്നീസ്, കബഡി, ഹാന്‍ഡ് ബോള്‍ തുടങ്ങിയ കായിക ഇനങ്ങളിലാണ് കായികാധ്യാപകര്‍ പരിശീലനം നല്കുന്നത്. പെണ്‍കുട്ടികള്‍ക്ക് വനിതാ അധ്യാപകരും പരിശീലനം നല്കുന്നു. കായികക്ഷമതയും ആരോഗ്യവും മെച്ചപ്പെടുത്തുന്നതിനൊപ്പം ദുശീലങ്ങള്‍ക്കെതിരെ ബോധവത്ക്കരണവും പദ്ധതി ലക്ഷ്യമിടുന്നു. ഉപ്പുതറ  ഗ്രാമപഞ്ചായത്തില്‍ ജില്ലാപഞ്ചായത്തംഗം മോളി ഡൊമിനിക്കും  കുമളി ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റ് ആന്‍സി ജെയിംസും വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റ് ശാന്തി ഹരിദാസും ചക്കുപളളം ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റ് വിജയമ്മ കൃഷ്ണന്‍കുട്ടിയും പരിപാടി ഉദ്ഘാടനം ചെയ്തു. ഒരുമാസം നീണ്ടുനില്ക്കുന്ന പരീശീലന പരിപാടി അടുത്തമാസം 17 ന് സമാപിക്കും

ഭിന്നശേഷിക്കാര്‍ക്കായി മുച്ചക്രവാഹനം വിതരണം ചെയ്തു

 ഭിന്നശേഷിക്കാര്‍ക്ക് ആശ്വാസമായി കട്ടപ്പന ബ്ലോക്ക്പഞ്ചായത്ത് മുച്ചക്രസ്‌കൂട്ടര്‍ വിതരണം ചെയ്തു. ബ്ലോക്ക്പഞ്ചായത്ത് അങ്കണത്തില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് സാലി ജോളി വാഹനത്തിന്റെ താക്കോലും അനുബന്ധരേഖകളും ഗുണഭോക്താക്കള്‍ക്ക് കൈമാറി. 2017-18 വാര്‍ഷികപദ്ധതിയിലുള്‍പ്പെടുത്തി 20.8 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്. ബ്ലോക്കിനു കീഴിലുളള ആറ് പഞ്ചായത്തുകളില്‍ നിന്നുളള 22 പേരാണ് ഗുണഭോക്താക്കള്‍. 2016-17 വര്‍ഷത്തിലും ഇതേ പദ്ധതിപ്രകാരം 22 മുച്ചക്രസ്‌കൂട്ടര്‍ വിതരണം ചെയ്തിരുന്നു. 2018-19 വര്‍ഷത്തില്‍ പദ്ധതിയ്ക്കായി 20 ലക്ഷം  രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. യാത്രാസൗകര്യത്തോടൊപ്പം തൊഴില്‍ വരുമാനത്തിനും പ്രയോജനമാകുന്ന മുച്ചക്രവാഹനം നല്കുന്നതിലൂടെ ഭിന്നശേഷിക്കാരുടെ വ്യക്തി, സാമൂഹിക ഉന്നമനമാണ് ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ഉദ്ഘാടനയോഗത്തില്‍ ബ്ലോക്ക്പഞ്ചായത്ത് വൈസ്പ്രസിഡന്റ് ജിജി.കെ.ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക്പഞ്ചായത്തംഗങ്ങള്‍, ശിശു വികസനപദ്ധതി ഓഫീസര്‍ ഷൈനി ഐസക്, ബ്ലോക്ക്പഞ്ചായത്ത്, ശിശു വികസനപദ്ധതി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date