Skip to main content

എറണാകുളം ബ്ലോക്ക്തല വാര്‍ത്തകള്‍

ലൈഫ് പദ്ധതി പൂര്‍ത്തീകരണത്തില്‍ ജില്ലയില്‍ ഇടപ്പള്ളി ബ്ലോക്ക് ഒന്നാമത്

 

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ലൈഫ് ഭവന പദ്ധതിയുടെ പൂര്‍ത്തീകരണത്തില്‍ ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഒന്നാമത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ നൂറ് ശതമാനം വീടുകളും പൂര്‍ത്തിയാക്കിയാണ് ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്  ഒന്നാംസ്ഥാനം എന്ന നേട്ടത്തിനര്‍ഹരായത്. സംസ്ഥാനത്തെ മുഴുവന്‍ ഭവനരഹിതര്‍ക്കും വീടു നല്‍കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ലൈഫ് പദ്ധതി പ്രകാരം ഏഴു വീടുകളാണ് ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ പൂര്‍ത്തികരിച്ചത്. ഇതിനു പുറമേ ഐ.എ.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് വീടുകളും പി.എം.എ.വൈയില്‍ ഉള്‍പ്പെടുത്തി മൂന്ന് വീടുകളില്‍ ഒരു വീടും സമയബന്ധിതമായി പൂര്‍ത്തീകരിക്കാനും ഇടപ്പള്ളി ബ്ലോക്കിന് കഴിഞ്ഞു. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഭൂമിയുള്ള ഭവനരഹിതര്‍ക്ക് വീടനുവദിക്കാനും ഭൂമിയും വീടുമില്ലാത്തവര്‍ക്ക് വീടെന്ന സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിനും പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. ആന്റണി പറഞ്ഞു. 

 

ഇതിന്റെ ഭാഗമായി ഭവനരഹിതരായ മുഴുവന്‍ ആളുകളില്‍ നിന്നും അപേക്ഷകള്‍ സ്വീകരിക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. ഇതിനായി പുതിയ ഭവനങ്ങളുടെ നിര്‍മ്മാണത്തിനു പുറമെ അര്‍ഹതപ്പെട്ട മുഴുവനാളുകള്‍ക്കും വീടുകളുടെ അറ്റക്കുറ്റപണികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള മറ്റു പദ്ധതികളും ബ്ലോക്ക് തലത്തില്‍ നടപ്പിലാക്കുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി. 20ഹ 8  2019 ലെ ലൈഫ് പദ്ധതി പ്രകാരം പുതിയ ഭവന നിര്‍മ്മാണ പദ്ധതിയില്‍ പഞ്ചായത്ത് തലത്തില്‍ 16 വീടുകള്‍ എഗ്രിമെന്റ് വയ്ക്കുകയും എട്ട് വീടുകള്‍ക്ക് ആദ്യ ഗഡു നല്‍കുകയും ചെയ്തു. 

 

2001 മുതല്‍ 2015-2016 വരെയുള്ള പുര്‍ത്തികരിക്കാത്ത വീടുകളാണ് യുദ്ധകാലാടിസ്ഥാനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പൂര്‍ത്തികരിച്ചത്. ഓരോ വീടിനും നാലു ലക്ഷം രൂപ വീതമാണ് നിര്‍മ്മാണ തുകയായി വകയിരുത്തിയിരുന്നത്. പന്ത്രണ്ടു വ്യത്യസ്ത മോഡലുകളിലായി ഉപഭോക്താക്കളുടെ താല്‍പര്യത്തിനനുസരിച്ചാണ് ലൈഫ് പദ്ധതി പ്രകാരം വീടുകളുടെ പണി പൂര്‍ത്തിയാക്കിയത്. രണ്ട് മുറി, അടുക്കള, ഹാള്‍, ശൗചാലയം എന്നിവ ഉള്‍പ്പെടെ 400 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് ഒരോ വീടുകളും നിര്‍മിച്ചിട്ടുള്ളത്. 

 

പദ്ധതി പൂര്‍ത്തീകരണത്തില്‍ നൂറു ശതമാനം വിജയം കൈവരിച്ച സാഹചര്യത്തില്‍ 26ന് ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ പൂര്‍ത്തീകരിച്ച ഭവനങ്ങളുടെ താക്കോല്‍ കൈമാറ്റച്ചടങ്ങും ജീവകാരുണ്യ ഫണ്ട് വിതരണവും നടത്തുമെന്നും എം.ആര്‍. ആന്റണി പറഞ്ഞു.

 

മികച്ച പദ്ധതി നിര്‍വ്വഹണത്തിന് പറവൂര്‍ ബ്ലോക്കിലെ ജനപ്രതിനിധികള്‍ക്കും 

ഉദ്യോഗസ്ഥര്‍ക്കും അനുമോദനം

 

കൊച്ചി: പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2017-18 സാമ്പത്തിക വര്‍ഷം മികച്ച പദ്ധതി നിര്‍വ്വഹണം കാഴ്ച വച്ചതിന് പറവൂര്‍ ബ്ലോക്ക് ജനപ്രതിനിധികളേയും ഉദ്യോഗസ്ഥരേയും അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ഇംപ്ലിമെന്റിംഗ് ഓഫീസര്‍മാര്‍, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍, കരാറുകാര്‍ എന്നിവരെ പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിളളി പ്രത്യേക മൊമെന്റോ നല്‍കി ആദരിച്ചു. എല്ലാ ജീവനക്കാരുടെയും കഠിനാദ്ധ്വാനത്തിന്റെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെയും ഫലമായാണ് നേട്ടം കൈവരിക്കാന്‍ സാധിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതി നിര്‍വ്വഹണത്തില്‍ 111.75 ശതമാനത്തോടെ എറണാകുളം ജില്ലയില്‍ രണ്ടാം സ്ഥാനമാണ് പറവൂര്‍ ബ്ലോക്ക് കരസ്ഥമാക്കിയത്.

 

ഈ നേട്ടം അടുത്ത സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ചവിട്ടുപടിയാണെന്നും ഒന്നാം സ്ഥാനത്തിനായി എല്ലാ ജീവനക്കാരും ഒരുപോലെ പ്രവര്‍ത്തിക്കണമെന്നും പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കമലാകാന്ത പൈ പറഞ്ഞു. പട്ടികജാതി, പട്ടികവര്‍ഗ വികസനത്തിനായാണ് കൂടുതല്‍ വികസന ഫണ്ട് ചെലവഴിച്ചത്. കൂടാതെ സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍, ഹരിത കേരളം പദ്ധതികള്‍ക്കും പ്രാധാന്യം നല്‍കി. പദ്ധതി നിര്‍വ്വഹണത്തിലെ മികച്ച നേട്ടത്തിന്റ ഭാഗമായി ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കുമായി മെയ് 13ന് വിനോദയാത്രയും സംഘടിപ്പിച്ചിട്ടുണ്ട്. 

 

ചടങ്ങില്‍ പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമാ ശിവശങ്കരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.സി. രാജീവ്, സൈബ സജീവ്, ടൈറ്റസ് ഗോതുരുത്ത്, ഗീത സന്തോഷ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ടി.ഡി. സുധീര്‍, പി.പി. ഷൈലജ ടീച്ചര്‍, രശ്മി എം. എ, ചേന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ജി അനൂപ്, ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് എം.പി. പോള്‍സണ്‍, വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസ്, ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ് പി.എ. ചന്ദ്രിക, ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date