Skip to main content

സ്വകാര്യ സംരംഭകരുടെ സഹകരണത്തോടെ കേരളത്തിലെ നഗരങ്ങളെ മാലിന്യമുക്തമാക്കണം: മന്ത്രി കെ. ടി. ജലീല്‍

    സ്വകാര്യ സംരംഭകരുടെ സഹകരണത്തോടെ കേരളത്തിലെ നഗരങ്ങളെ മാലിന്യ മുക്തമാക്കുന്നതിന് കോര്‍പ്പറേഷനുകളും മുനിസിപ്പാലിറ്റികളും നടപടി സ്വീകരിക്കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ. ടി. ജലീല്‍ പറഞ്ഞു. തദ്ദേശസ്വയംഭരണ വകുപ്പും ശുചിത്വ മിഷനും കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ മാസ്‌കറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച മാലിന്യ രഹിത നഗരങ്ങള്‍ക്കുള്ള സ്റ്റാര്‍ റേറ്റിംഗ് സംബന്ധിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
    നിരവധി സാങ്കേതിക കുരുക്കുകള്‍ ഒഴിവാക്കിയാണ് ബ്രഹ്മപുരത്ത് സ്വകാര്യ സഹായത്തോടെ മാലിന്യ പ്ലാന്റ് നിര്‍മ്മാണം ആരംഭിച്ചത്. സമാനമായ രീതിയില്‍ സുല്‍ത്താന്‍ ബത്തേരിയിലും പ്ലാന്റ് സ്ഥാപിക്കുന്ന നടപടി പുരോഗമിക്കുന്നു. മറ്റു നഗരങ്ങള്‍ ഇതു മാതൃകയാക്കണം. നിരവധി സ്വകാര്യ സംരംഭകര്‍ താത്പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവന്നിട്ടുണ്ട്. സംസ്ഥാനത്ത് 60 പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 200 എണ്ണം സ്ഥാപിക്കുന്നതിന് ക്ലീന്‍ കേരള കമ്പനിക്ക് ഓര്‍ഡര്‍ ലഭിച്ചിരിക്കുകയാണ്. മലപ്പുറം നഗരസഭയില്‍ ചെയര്‍മാന്റെ ചേംബറിന് സമീപത്താണ് പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ് സ്ഥാപിച്ചിരിക്കുന്നത്. ഇത് മാതൃകാപരമായ നടപടിയാണ്. പി. ഡബ്‌ളിയു.ഡിയ്ക്ക് റോഡ് നിര്‍മ്മാണത്തിന് ആവശ്യമായ ഷ്രെഡഡ് പ്ലാസ്റ്റിക് നല്‍കാനാവണം.
    നഗരസഭാ തലത്തിലെ ഹോട്ടലുകളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. എല്ലാ ഹോട്ടലുകളിലും മാലിന്യ സംസ്‌കരണ യൂണിറ്റുകള്‍ നിര്‍ബന്ധമാക്കണം. നഗരങ്ങളെ ആധുനികവത്കരിക്കാനും മാലിന്യമുക്തമാക്കാനുമുള്ള എല്ലാ കേന്ദ്രപദ്ധതികള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ പിന്തുണ നല്‍കും. പദ്ധതികള്‍ക്ക് കേന്ദ്രത്തിന്റെ സാമ്പത്തിക, സാങ്കേതിക സഹായം ആവശ്യമാണ്. ഇത് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു.
    അഡീഷണല്‍ ചീഫ് സെക്രട്ടറി ടി. കെ. ജോസ് മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര ഭവന നഗരകാര്യ വകുപ്പ് പ്രതിനിധി നവീന്‍ കുമാര്‍ അഗര്‍വാള്‍, കണ്ണൂര്‍ മേയര്‍ ഇ. പി. ലത, ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ അക്ബര്‍ എന്നിവര്‍ സംസാരിച്ചു.
പി.എന്‍.എക്‌സ്.1791/18

date