Skip to main content

ശാസ്ത്രബോധത്തില്‍ നിന്ന് കേരള സമൂഹം അകലുന്നു: ഡോ. ജെ. ലത

കൊച്ചി: ശാസ്ത്രബോധത്തില്‍ നിന്ന് കേരളസമൂഹം അകന്നു പോകുകയാണെന്ന് കൊച്ചി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ജെ. ലത അഭിപ്രായപ്പെട്ടു. ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും കൂട്ടിയിണക്കി ശാസ്ത്രബോധത്തെ തിരികെ പിടിക്കണം. സാങ്കേതികവിദ്യയുടെ മതിഭ്രമത്തിലമരുന്ന കുട്ടികള്‍ ശാസ്ത്രബോധത്തില്‍ നിന്ന് അകലുകയാണ്. ശാസ്ത്രം സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലണം. അടിസ്ഥാന വിഷയങ്ങളില്‍ ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുകയും സാമൂഹ്യമാറ്റത്തിനുള്ള ഉപകരണങ്ങളാക്കുകയും വേണം. പരീക്ഷണശാലയില്‍ മാത്രമായി ശാസ്ത്രത്തെ ഒതുക്കരുതെന്നും ജെ. ലത പറഞ്ഞു.

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും ശാസ്ത്ര സാഹിത്യ പരിഷത്തും വിവിധ സംഘടനകളുമായി സഹകരിച്ച് നടത്തിയ സയന്‍സ് റാലിയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വൈസ് ചാന്‍സലര്‍. ഒരാഴ്ച്ച നീണ്ടുനിന്ന ശാസ്ത്ര വാരാഘോഷത്തിന്റെ സമാപനമായാണ് സയന്‍സ് റാലി സംഘടിപ്പിച്ചത്. ഹൈക്കോടതി ജംഗ്ഷനില്‍ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ. യു.കെ. ഗോപാലന്‍ ഫ്‌ളാഗ് ഓഫ് ചെയ്ത റാലി രാജേന്ദ്രമൈതാനത്ത് സമാപിച്ചു.

സംഘാടക സമിതി ചെയര്‍മാന്‍ ഡോ. എന്‍. ചന്ദ്രമോഹനകുമാര്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ. പി.കെ. രവീന്ദ്രന്‍, പ്രൊഫ എസ്. സീതാരാമന്‍, ഡോ. വൈശാഖന്‍ തമ്പി, പ്രൊഫ ടി.എം. ശങ്കരന്‍, ഡോ. ബേബി ചക്രപാണി, ശാന്തി ദേവി, കെ.കെ. ഭാസ്‌കരന്‍, ടി.പി. സുരേഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു.

date